
മുംബൈ: മഹാരാഷ്ട്രയിലെ ജൽഗാവ് ജില്ലയിൽ കാണാതായ ഡോക്ടറുടെ മൃതദേഹം അണക്കെട്ടിൽ ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തി. അഞ്ച് ദിവസമായി കാണാതായിരുന്ന ഡോ. സഞ്ജയ് തെലിയാണ് കൊല്ലപ്പെട്ടത്. 1.25 കോടി രൂപയുടെ കാർഷിക ഭൂമിയിടപാടുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
നവംബർ 18 മുതലാണ് സഞ്ജയ് തെലിയെ കാണാതായത്. തിങ്കളാഴ്ച രാവിലെ ബഹുല അണക്കെട്ടിൽ നടത്തിയ പരിശോധനയിലാണ് ചാക്കിനുള്ളിലാക്കിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ഭൂമി ഇടനിലക്കാരനായ രാഹുൽ ധർമരാജ് പാട്ടീലിനെയും ഇയാളുടെ ജീവനക്കാരനായ സഞ്ജയ് ഭീലിനെയും പൊലീസ് അറസ്റ്റ് ചെയ്തു.
കാർഷിക ഭൂമിയിടപാടുമായി ബന്ധപ്പെട്ട് 1.90 ലക്ഷം രൂപ കമ്മിഷൻ നൽകാനുണ്ടെന്ന് പറഞ്ഞ് രാഹുൽ പാട്ടീൽ ഡോക്ടറെ ഗൊരാഡ്ഖേഡ ഗ്രാമത്തിലേക്ക് വിളിച്ചുവരുത്തുകയായിരുന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. പചോര താലൂക്കിലെ ഗ്രാമത്തിൽവച്ച് ഇരുവരും തമ്മിൽ ഇടപാടിനെച്ചൊല്ലി തർക്കമുണ്ടായി.
തർക്കത്തിനിടെ രാഹുൽ പാട്ടീൽ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ഡോക്ടറെ ആക്രമിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. തുടർന്ന് തെളിവ് നശിപ്പിക്കാനും മൃതദേഹം ഒളിപ്പിക്കാനും ശ്രമിച്ചു. ജീവനക്കാരനായ സഞ്ജയ് ഭീലിന്റെ സഹായത്തോടെ മൃതദേഹം ചാക്കിൽ കെട്ടി ബഹുല അണക്കെട്ടിൽ തള്ളുകയായിരുന്നുവെന്നാണ് കേസ്.
ഡോക്ടറുടെ മൊബൈൽ ഫോണിന്റെ അവസാന ലൊക്കേഷൻ, കോൾ ഡീറ്റെയിൽ റെക്കോർഡുകൾ, സംഭവസ്ഥലത്തുനിന്ന് കണ്ടെത്തിയ വാഹനവുമായി ബന്ധപ്പെട്ട സൂചനകൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. അഡീഷനൽ പൊലീസ് സൂപ്രണ്ട് സന്ദീപ് ഗാവിതിന്റെ നേതൃത്വത്തിൽ ലോക്കൽ ക്രൈംബ്രാഞ്ചും പചോര പൊലീസും നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
1.25 കോടി രൂപയുടെ ഭൂമിയിടപാടിൽ 80 ലക്ഷം രൂപ ഇതിനകം പ്രതികൾക്ക് നൽകിയിരുന്നുവെന്നാണ് ഡോക്ടറുടെ കുടുംബം പറയുന്നത്. ബാക്കി ഇടപാടുകളുമായി ബന്ധപ്പെട്ട കമ്മിഷൻ തുക നൽകാനുണ്ടെന്ന പേരിലാണ് ഡോക്ടറെ കൂടിക്കാഴ്ചയ്ക്ക് വിളിച്ചതെന്നാണ് റിപ്പോർട്ടുകൾ.
സംഭവത്തിൽ കുറ്റക്കാർക്കെതിരെ ഏറ്റവും കർശനമായ ശിക്ഷ ഉറപ്പാക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. ഭൂമിയിടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യങ്ങളും പൊലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.















