ഒട്ടാവ/ടെക്സസ്: അമേരിക്കയിലെ ടെക്സസ് സംസ്ഥാനത്ത് ന്യൂ വേൾഡ് സ്ക്രൂവോം എന്ന ജീവനുള്ള മാംസം ഭക്ഷിക്കുന്ന ഒരിനം ഈച്ചയുടെ ലാർവകളെ കണ്ടെത്തിയതിനെ തുടർന്ന് ടെക്സാസിൽ നിന്നുള്ള കന്നുകാലികളുടെ പ്രവേശനത്തിന് താൽക്കാലിക വിലക്ക് ഏർപ്പെടുത്തി കാനഡ. ടെക്സസിൽ കഴിഞ്ഞ 21 ദിവസത്തിനുള്ളിൽ ഉണ്ടായിരുന്ന പശുക്കളെയും കുതിരകളെയും കാനഡയിലേക്ക് അനുവദിക്കില്ലെന്ന് കാനഡ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി അറിയിച്ചു.
അമേരിക്കൻ കാർഷിക വകുപ്പ് (USDA) ടെക്സസിൽ രണ്ടാമത്തെ പശുക്കുട്ടിയിലും സ്ക്രൂവോം ബാധ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് കാനഡയുടെ നടപടി. രോഗവ്യാപനം കാർഷിക മേഖലയ്ക്ക് ഗുരുതര ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി ടെക്സസ് ഗവർണർ ഗ്രെഗ് ആബട്ട് സംസ്ഥാനത്ത് ദുരന്താവസ്ഥ പ്രഖ്യാപിച്ചു.“വേനൽക്കാലം മുഴുവൻ രോഗം കൂടുതൽ വ്യാപിക്കാൻ സാധ്യതയുണ്ട്,” ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു.
എന്താണ് സ്ക്രൂവോം?
ജീവനുള്ള മാംസം ഭക്ഷിക്കുന്ന ഒരിനം ഈച്ചയുടെ ലാർവകളാണ് ന്യൂ വേൾഡ് സ്ക്രൂവോം. ഈച്ച മുട്ടകൾ മൃഗങ്ങളുടെയും മനുഷ്യരുടെയും തുറന്ന മുറിവുകളിൽ നിക്ഷേപിക്കുന്നു. മുട്ട വിരിഞ്ഞ് പുറത്തുവരുന്ന ലാർവകൾ ജീവനുള്ള മാംസത്തിൽ തുളച്ചുകയറി മാംസം കഴിക്കുന്നു. സമയബന്ധിത ചികിത്സ ലഭിച്ചില്ലെങ്കിൽ ബാധിത മൃഗം മരണപ്പെടാനും സാധ്യതയുണ്ട്.
60 വർഷത്തിനിടയിലെ ആദ്യ കേസ്
മൂന്ന് ആഴ്ച പ്രായമുള്ള ഒരു പശുകിടാവിന്റെ പൊക്കിൾ ഭാഗത്ത് ലാർവകൾ കണ്ടെത്തിയതോടെയാണ് ടെക്സാസിൽ 60 വർഷത്തിനിടയിലെ ആദ്യ കേസ് സ്ഥിരീകരിച്ചത്. മെക്സിക്കോ അതിർത്തിക്കടുത്തുള്ള ലാ പ്രിയോർ പ്രദേശത്താണ് സംഭവം. പിന്നീട് സവാല കൗണ്ടിയിൽ ഒരു മാസം പ്രായമുള്ള മറ്റൊരു കിടാവിലും രോഗബാധ കണ്ടെത്തി. ആദ്യ കേസ് കണ്ടെത്തിയതിന് ശേഷം രൂപീകരിച്ച നിയന്ത്രണ മേഖലയ്ക്കുള്ളിലായിരുന്നു രണ്ടാമത്തെ കേസും. പ്രദേശത്ത് ക്വാറന്റൈൻ, മൃഗഗതാഗത നിയന്ത്രണം, നിരീക്ഷണം തുടങ്ങിയ നടപടികൾ ശക്തമാക്കിയതായി USDA അറിയിച്ചു.
മധ്യ അമേരിക്കയിൽ നിന്ന് വ്യാപനം
മധ്യ അമേരിക്കയിലൂടെയും മെക്സിക്കോയിലൂടെയും വ്യാപിച്ചുകൊണ്ടിരിക്കുന്ന രോഗവ്യാപനത്തിന്റെ ഭാഗമായാണ് ടെക്സാസിലെ കേസുകൾ. അമേരിക്കൻ കാർഷിക-ആരോഗ്യ വകുപ്പുകൾ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്.
കാനഡയിൽ ജാഗ്രത
തണുത്ത കാലാവസ്ഥ കാരണം കാനഡയിൽ രോഗം വ്യാപിക്കാനുള്ള സാധ്യത കുറവാണെങ്കിലും കർഷകർ കന്നുകാലികളിലെ മുറിവുകളും അസാധാരണ സ്രവങ്ങളും ദുർഗന്ധവും ശ്രദ്ധിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ടെക്സസിലേക്ക് യാത്ര ചെയ്യുന്നവർ വളർത്തുമൃഗങ്ങളെയും പരിശോധിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
രോഗവ്യാപനം തടയാൻ പ്രത്യേക പദ്ധതി
സ്ക്രൂവോം ബാധ നിയന്ത്രിക്കാൻ ജനിതകമാറ്റം വരുത്തിയ വന്ധ്യ ഈച്ചകളെ വൻതോതിൽ തുറന്ന് വിടാനും രോഗബാധിത മൃഗങ്ങളെ കണ്ടെത്താൻ പരിശീലനം ലഭിച്ച നായ്ക്കളെ ഉപയോഗിക്കാനും അമേരിക്ക പദ്ധതിയിട്ടിട്ടുണ്ട്. എന്നാൽ ഈ നടപടികൾ മാത്രം രോഗവ്യാപനം പൂർണമായി തടയാൻ മതിയാകുമോയെന്ന കാര്യത്തിൽ വിദഗ്ധർക്കിടയിൽ ആശങ്ക നിലനിൽക്കുന്നുണ്ട്.
Canada’s food inspection agency has announced a temporary ban on livestock from the US state of Texas after flesh-eating screwworms were discovered in calves this week.














