ടൊറന്റോ: ഖലിസ്ഥാൻ അനുകൂലികൾ ആക്രമണം നടത്തിയ ബ്രാംപ്ടണിലെ ഹിന്ദു സഭാ മന്ദിറിൽ സംഘടിപ്പിച്ച ദീപാവലി ആഘോഷത്തിൽ കാനഡയിലെ രണ്ട് മന്ത്രിമാർ പങ്കെടുത്തു. വിദേശകാര്യ മന്ത്രി അനിത ആനന്ദും ട്രഷറി ബോർഡ് പ്രസിഡന്റ് ഷഫ്ഖത്ത് അലിയും വെള്ളിയാഴ്ച വൈകിട്ടാണ് ചടങ്ങിനെത്തിയത്.
2024 നവംബർ മൂന്നിനായിരുന്നു ക്ഷേത്രത്തിന് നേരെ ആക്രമണമുണ്ടായത്. ക്ഷേത്രത്തിന് പുറത്ത് പ്രതിഷേധിച്ച ഖലിസ്ഥാൻ അനുകൂലികൾ അകത്തേക്ക് ഇരച്ചുകയറി വിശ്വാസികളെ ആക്രമിക്കുകയായിരുന്നു. അന്ന് ക്ഷേത്രത്തിൽ ഇന്ത്യയുടെ ടൊറന്റോ കോൺസുലേറ്റിന്റെ നേതൃത്വത്തിൽ കോൺസുലാർ ക്യാംപ് സംഘടിപ്പിച്ചതിനെതിരെയായിരുന്നു പ്രതിഷേധം. സംഭവത്തിനു പിന്നാലെ സുരക്ഷാ ആശങ്കകളെ തുടർന്ന് ഇന്ത്യ കോൺസുലാർ ക്യാംപുകൾ റദ്ദാക്കിയിരുന്നു.
പ്രതിഷേധത്തിൽ പങ്കെടുത്തവരിൽ പീൽ റീജിയണൽ പൊലീസിലെ ഒരു ഉദ്യോഗസ്ഥനുമുണ്ടായിരുന്നു. ഇയാളെ താൽക്കാലികമായി സസ്പെൻഡ് ചെയ്തു. കാനഡയിലെ ഖലിസ്ഥാൻ ഹിതപരിശോധനയുടെ മുഖ്യ സംഘാടകനായ ഇന്ദർജീത് സിങ് ഗോസൽ ഉൾപ്പെടെ നിരവധി പേർക്കെതിരെ കേസെടുക്കുകയും ചെയ്തു. കഴിഞ്ഞ വർഷം കോൺസുലാർ ക്യാംപിന് വേദിയാകുന്നതിൽനിന്ന് ക്ഷേത്രം പിന്മാറിയിരുന്നു. എന്നാൽ ഈ വർഷം വേദികളുടെ പട്ടികയിൽ ക്ഷേത്രം ഉൾപ്പെട്ടിട്ടുണ്ട്. നവംബർ 15ന് ഇവിടെ കോൺസുലാർ ക്യാംപ് നടക്കും.
ദീപാവലി ദിനമായ ഞായറാഴ്ച കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും ആശംസകൾ നേർന്നു. പ്രതീക്ഷയുടെ സന്ദേശമാണ് ദീപാവലി പകരുന്നതെന്നും പരസ്പര സഹായത്തിലൂടെയും സേവനത്തിലൂടെയും കരുതലിലൂടെയും വെളിച്ചം സൃഷ്ടിക്കാനാണ് ഉത്സവം ഓർമിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പാർലമെന്റ് ഹില്ലിൽ നേരത്തേ അനിത ആനന്ദും പൊതുസുരക്ഷാ മന്ത്രി ഗാരി ആനന്ദസംഗരിയും ചേർന്ന് ദീപാവലി ആഘോഷം സംഘടിപ്പിച്ചിരുന്നു. നോവ സ്കോഷ്യയിൽ വളർന്ന താൻ കുടുംബത്തോടൊപ്പമാണ് ദീപാവലി ആഘോഷിച്ചിരുന്നതെന്നും ഇന്ന് രാജ്യത്തെ വിവിധ നഗരങ്ങളിലും പട്ടണങ്ങളിലും ആഘോഷങ്ങളുടെ വ്യാപ്തി വർധിച്ചതിൽ സന്തോഷമുണ്ടെന്നും അനിത ആനന്ദ് പറഞ്ഞു. ബ്രിട്ടീഷ് കൊളംബിയയിലെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രീമിയർ ലോർൺ ഡോർക്സൺ ഉൾപ്പെടെ കാനഡയിലെ വിവിധ നേതാക്കളും ദീപാവലി ആശംസകൾ അറിയിച്ചു.
Canada ministers attend Diwali celebration













