പുതിയ കുടിയേറ്റ പദ്ധതി പ്രഖ്യാപിച്ച് കാനഡ; 2027ൽ രണ്ട് ലക്ഷം അധിക സ്ഥിരതാമസ അവസരങ്ങൾ

2027ൽ രണ്ട് ലക്ഷം പേർക്ക് അധികമായി സ്ഥിരതാമസാനുമതി (പിആർ) നൽകാനൊരുങ്ങി കാനഡ. 2027–2029 വർഷങ്ങളിലേക്കുള്ള പുതിയ കുടിയേറ്റ പദ്ധതിയുടെ ഭാഗമായാണ് പ്രഖ്യാപനം. നിലവിൽ കാനഡയിൽ താമസിക്കുന്ന അർഹരായ വിദേശ തൊഴിലാളികൾക്കും അവരുടെ കുടുംബങ്ങൾക്കും സ്ഥിരതാമസ പദവിയിലേക്ക് മാറാൻ അവസരമൊരുക്കുകയാണ് ലക്ഷ്യം. നവംബർ ആറിനാണ് ഫെഡറൽ സർക്കാർ പുതിയ കുടിയേറ്റ പദ്ധതി പ്രഖ്യാപിച്ചത്. അടുത്ത മൂന്ന് വർഷവും പ്രതിവർഷം 3.8 ലക്ഷം സ്ഥിരതാമസക്കാരെ രാജ്യത്ത് പ്രവേശിപ്പിക്കാനാണ് തീരുമാനം.

വിദേശ തൊഴിലാളികളും അന്താരാഷ്ട്ര വിദ്യാർഥികളും ഉൾപ്പെടെ പ്രതിവർഷം 3.7 ലക്ഷം പുതിയ താൽക്കാലിക താമസക്കാരെയും അനുവദിക്കും. കഴിഞ്ഞ വർഷത്തെ പദ്ധതിയിൽ പ്രഖ്യാപിച്ച മൊത്തം കുടിയേറ്റ ലക്ഷ്യങ്ങളിൽ മാറ്റം വരുത്താതെയാണ് പുതിയ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. അധികമായി അനുവദിക്കുന്ന രണ്ട് ലക്ഷം സ്ഥിരതാമസ അവസരങ്ങളിൽ ഒരു ലക്ഷം എണ്ണം അർഹരായ വിദേശ തൊഴിലാളികൾക്കും അവരുടെ കുടുംബങ്ങൾക്കുമായി നീക്കിവയ്ക്കും. ശേഷിക്കുന്ന ഒരു ലക്ഷം അവസരങ്ങൾ നിശ്ചിത കുടുംബ, മാനുഷിക പരിഗണനാ വിഭാഗങ്ങളിലുള്ള അപേക്ഷകർക്കായിരിക്കും. നിലവിലുള്ള കുടിയേറ്റ പദ്ധതികളിലൂടെയായിരിക്കും ഇവർക്ക് അവസരം നൽകുക.

പ്രതിവർഷം അനുവദിക്കുന്ന 3.8 ലക്ഷം സ്ഥിരതാമസക്കാരിൽ 2,44,700 പേർ സാമ്പത്തിക കുടിയേറ്റ വിഭാഗത്തിലായിരിക്കും. ആകെ പ്രവേശനത്തിന്റെ 64.4 ശതമാനമാണിത്. കുടുംബ പുനരേകീകരണ വിഭാഗത്തിൽ 81,000 പേർക്കും അഭയാർഥികൾക്കും സംരക്ഷണം ലഭിച്ചവർക്കുമായി 49,300 പേർക്കും മാനുഷിക പരിഗണനാ വിഭാഗത്തിൽ 5,000 പേർക്കും അവസരം നൽകും. സാമ്പത്തിക കുടിയേറ്റ പദ്ധതികളിലും ചില മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമിലെ (PNP) പ്രവേശന ലക്ഷ്യം 92,500ൽനിന്ന് 95,000 ആയി ഉയർത്തി. അറ്റ്ലാന്റിക് ഇമിഗ്രേഷൻ പ്രോഗ്രാമിലെ അവസരങ്ങൾ 4,000ൽനിന്ന് 6,000 ആയും വർധിപ്പിച്ചു.

അതേസമയം, എക്സ്പ്രസ് എൻട്രി ഉൾപ്പെടുന്ന ഫെഡറൽ ഹൈ സ്കിൽഡ് വിഭാഗത്തിലെ പ്രവേശന ലക്ഷ്യം 1,11,000ൽനിന്ന് ഒരു ലക്ഷമായി കുറച്ചു. പുതിയ പദ്ധതിയുടെ മൂന്ന് വർഷവും ഈ വിഹിതങ്ങളിൽ മാറ്റമുണ്ടാകില്ലെന്ന് കുടിയേറ്റ സേവന സ്ഥാപനമായ ഫ്രാഗോമെൻ അറിയിച്ചു. ഇതോടെ പ്രവിശ്യാ, പ്രാദേശിക കുടിയേറ്റ പദ്ധതികൾ വഴി സ്ഥിരതാമസം നേടാനുള്ള അവസരങ്ങൾ വർധിച്ചേക്കും. എന്നാൽ സർക്കാർ നടപ്പാക്കുന്ന തിരഞ്ഞെടുപ്പ് മുൻഗണനകളെ ആശ്രയിച്ചായിരിക്കും ഇതിന്റെ യഥാർഥ സ്വാധീനം.

നിലവിൽ കാനഡയിൽ താമസിക്കുന്ന 33,000 വർക്ക് പെർമിറ്റ് ഉടമകൾക്കും 1,15,000 വരെ അർഹരായ സംരക്ഷിത പദവിയുള്ളവർക്കും 2026, 2027 വർഷങ്ങളിൽ സ്ഥിരതാമസാനുമതി വേഗത്തിൽ ലഭ്യമാക്കാനുള്ള നടപടികളും സർക്കാർ തുടരും.പുതിയ കുടിയേറ്റക്കാരുടെ വരവ് വർധിപ്പിക്കാതെ തന്നെ നടപടിക്രമങ്ങൾ വേഗത്തിലാക്കാനും സമ്പദ്‌വ്യവസ്ഥയ്ക്ക് പിന്തുണ നൽകാനുമാണ് അധിക സ്ഥിരതാമസ അവസരങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്ന് സർക്കാർ വ്യക്തമാക്കി. അപേക്ഷകർ നിലവിൽ രാജ്യത്തുള്ളവരായതിനാൽ പൊതുസേവനങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും അധിക സമ്മർദമുണ്ടാകില്ലെന്നാണ് വിലയിരുത്തൽ.

താൽക്കാലിക താമസക്കാരുടെ വാർഷിക പ്രവേശന ലക്ഷ്യം 2029 വരെയും 3.7 ലക്ഷമായി തുടരും. ഇതിൽ 2.2 ലക്ഷം വിദേശ തൊഴിലാളികളും 1.5 ലക്ഷം അന്താരാഷ്ട്ര വിദ്യാർഥികളുമാണ് ഉൾപ്പെടുന്നത്. വിദേശ തൊഴിലാളികളിൽ 1.7 ലക്ഷം പേർ ഇന്റർനാഷനൽ മൊബിലിറ്റി പ്രോഗ്രാം വഴിയും 50,000 പേർ ടെംപററി ഫോറിന്‍ വർക്കർ പ്രോഗ്രാം വഴിയുമാകും എത്തുക. പുതിയതായി രാജ്യത്തെത്തുന്നവരുടെ കണക്കാണിത്. നിലവിൽ കാനഡയിലുള്ളവർ പെർമിറ്റ് നീട്ടുന്നതിനും വർക്ക്, സ്റ്റഡി പെർമിറ്റുകൾക്കുമായി നൽകുന്ന അപേക്ഷകൾ ഇതിൽ ഉൾപ്പെടില്ല. ക്യൂബെക്കിന് പുറത്തുള്ള ഫ്രഞ്ച് ഭാഷാ ന്യൂനപക്ഷങ്ങളുടെ കുടിയേറ്റം വർധിപ്പിക്കാനും പദ്ധതിയുണ്ട്.

2027ൽ 9.5 ശതമാനം, 2028ൽ 10.5 ശതമാനം, 2029ൽ 12 ശതമാനം എന്നിങ്ങനെയാണ് ലക്ഷ്യം. പുതിയ പദ്ധതി തൊഴിലുടമകൾക്കും പ്രവിശ്യാ സർക്കാരുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കുടിയേറ്റ നയങ്ങളിൽ കൂടുതൽ വ്യക്തത നൽകുമെന്നാണ് വിലയിരുത്തൽ. എന്നാൽ പുതുക്കിയ പ്രവേശന വിഹിതങ്ങളും അപേക്ഷാ നടപടികളിലെ മുൻഗണനകളും എങ്ങനെ നടപ്പാക്കുമെന്നതിനെ ആശ്രയിച്ചായിരിക്കും പദ്ധതിയുടെ പൂർണമായ സ്വാധീനം വ്യക്തമാകുക.

Canada announces immigration plan for 2027–2029, adds 2 lakh permanent residence spaces

More Stories from this section

family-dental
witywide