ലൈഫ് മിഷൻ അഴിമതി കേസിൽ കുറ്റപത്രം സമർപ്പിച്ച് സിബിഐ; സ്വപ്ന സുരേഷ് അടക്കം 6 പ്രതികൾ

കൊച്ചി: ഏറെ രാഷ്ട്രീയവിവാദങ്ങൾ സൃഷ്ടിച്ച വടക്കാഞ്ചേരി ലൈഫ് മിഷൻ ഭവനനിർമ്മാണ അഴിമതിക്കേസിൽ സിബിഐ ആദ്യഘട്ട കുറ്റപത്രം സമർപ്പിച്ചു. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയിലാണ് കുറ്റപത്രം നൽകിയത്. സ്വപ്ന സുരേഷ് ഉൾപ്പെടെ ആറ് പ്രതികൾക്കെതിരെയാണ് നിലവിൽ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. നിർമ്മാണക്കരാർ ഏറ്റെടുത്ത യൂണിടാക് കമ്പനി ഉടമ സന്തോഷ് ഈപ്പനാണ് കേസിലെ ഒന്നാം പ്രതി.

അതേസമയം, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ ആദ്യ കുറ്റപത്രത്തിൽ പ്രതിയായിട്ടില്ല. ശിവശങ്കർ, ലൈഫ് മിഷൻ മുൻ സിഇഒ യു.വി. ജോസ് എന്നിവർക്കെതിരെയുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും ഇവരുടെ പങ്ക് വ്യക്തമായ ശേഷം അനുബന്ധ കുറ്റപത്രം സമർപ്പിക്കുമെന്നും സിബിഐ കോടതിയെ അറിയിച്ചു.

പ്രളയബാധിതർക്ക് ഫ്ലാറ്റ് നിർമ്മിക്കുന്നതിനായി യുഎഇയിലെ സന്നദ്ധ സംഘടനയായ റെഡ് ക്രസന്റുമായി ഒപ്പുവെച്ച കരാറിൻ്റെ മറവിലാണ് അഴിമതി നടന്നത്. പദ്ധതിക്കായി ലഭിച്ച 21 കോടി രൂപയിൽ 4 കോടിയിലധികം രൂപ പ്രതികൾ കമ്മീഷനായി തട്ടിയെടുത്തു എന്നാണ് സിബിഐയുടെ കണ്ടെത്തൽ. വിദേശ സംഭാവന നിയന്ത്രണ ചട്ടങ്ങളുടെ (എഫ്.സി.ആർ.എ) നഗ്നമായ ലംഘനമാണ് കേസിൽ നടന്നിരിക്കുന്നത്. സരിത്ത്, സന്ദീപ് നായർ എന്നിവരും കുറ്റപത്രത്തിലെ മറ്റ് പ്രധാന പ്രതികളാണ്.

CBI files chargesheet in Life Mission corruption case; 6 accused including Swapna Suresh

More Stories from this section

family-dental
witywide