നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയുടെ ഉറവിടം ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ) തന്നെയെന്ന് സിബിഐ കണ്ടെത്തൽ. കള്ളൻ കപ്പലിൽ തന്നെയാണെന്ന സൂചനകൾ നൽകുന്നതാണ് അന്വേഷണത്തിലെ പുതിയ വിവരങ്ങൾ. നീറ്റിലെ കെമിസ്ട്രി പരീക്ഷയിലെ ചോദ്യങ്ങളെല്ലാം ചോർന്ന മാതൃകാ ചോദ്യപേപ്പറിന് സമാനമായിരുന്നുവെന്ന് വ്യക്തമായതോടെ, ഈ ചോദ്യപേപ്പർ തയ്യാറാക്കിയ അധ്യാപകരും പരിഭാഷകരും ഉൾപ്പെടെ 28 പേരുടെ വിവരങ്ങൾ എൻടിഎ സിബിഐക്ക് കൈമാറിയിട്ടുണ്ട്.
ഈ 28 പേരെയും വരുംദിവസങ്ങളിൽ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തുമെന്ന് സിബിഐ അറിയിച്ചു. പരീക്ഷാ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ മൊഴി നേരത്തെ രേഖപ്പെടുത്തിയ സിബിഐ, ഇവരുടെ മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും ഉൾപ്പെടെയുള്ള നിർണായക രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെ ചില ഉദ്യോഗസ്ഥരും നിലവിൽ നിരീക്ഷണത്തിലാണ്. പണം നൽകി ചോദ്യപേപ്പർ വാങ്ങിയെന്ന് സംശയിക്കുന്ന മഹാരാഷ്ട്രയിലെ ചില വിദ്യാർത്ഥികളുടെ വീടുകളിൽ സിബിഐ പരിശോധന നടത്തുകയും ചിലരെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിട്ടുണ്ട്. അതിനിടെ, പുനഃപരീക്ഷയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്ന് സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി.
NEET paper leak sourced from NTA, finds CBI; 28 chemistry paper setters under scrutiny














