
വാഷിംഗ്ടൺ : അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യ വാർഷികാഘോഷങ്ങൾക്ക് കടുത്ത രാഷ്ട്രീയ വിവാദങ്ങൾക്കിടയിൽ തുടക്കമായി. ആഘോഷങ്ങളുടെ ഭാഗമായി വാഷിംഗ്ടണിലെ നാഷണൽ മോളിൽ സംഘടിപ്പിച്ച 16 ദിവസം നീണ്ടുനിൽക്കുന്ന ‘ദി ഗ്രേറ്റ് അമേരിക്കൻ സ്റ്റേറ്റ് ഫെയർ’ വ്യാഴാഴ്ച പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. 110 അടി ഉയരമുള്ള ഫെറിസ് വീൽ, റോഡിയോ പ്രകടനങ്ങൾ, പരമ്പരാഗത അമേരിക്കൻ വിഭവങ്ങളുടെ വിപുലമായ സ്റ്റാളുകൾ എന്നിവയോടെയാണ് മേള ഒരുക്കിയിരിക്കുന്നത്. യുഎസ് കാപ്പിറ്റോളിനെയും വാഷിംഗ്ടൺ സ്മാരകത്തെയും ബന്ധിപ്പിക്കുന്ന ഒന്നര മൈൽ നീളമുള്ള പാത പൂർണ്ണമായും വേർതിരിച്ചാണ് ഈ വിപുലമായ ആഘോഷം നടക്കുന്നത്.
പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ബുധനാഴ്ച രാത്രി സംഘടിപ്പിച്ച ഒരു പ്രചാരണ ശൈലിയിലുള്ള റാലിയോടെയാണ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. പരിപാടിക്ക് അമിതമായ രാഷ്ട്രീയ നിറം വരുന്നുവെന്ന ആശങ്കയെത്തുടർന്ന് പങ്കെടുക്കേണ്ടിയിരുന്ന നിരവധി കലാകാരന്മാരും പ്രകടനക്കാരും അവസാന നിമിഷം പിന്മാറിയിരുന്നു. ഇതേത്തുടർന്നാണ് വൈറ്റ് ഹൗസ് നേരിട്ട് ഇടപെട്ട് ഇത്തരമൊരു റാലി സംഘടിപ്പിച്ചത്.
രാജ്യത്തിൻ്റെ 250-ാം വാർഷികാഘോഷങ്ങൾ പരിധിവിട്ട് രാഷ്ട്രീയവൽക്കരിക്കപ്പെടുന്നുവെന്ന് ഭൂരിഭാഗം അമേരിക്കക്കാരും വിശ്വസിക്കുന്നതായി അടുത്തിടെ പുറത്തുവന്ന റോയിട്ടേഴ്സ്/ഇപ്സോസ് സർവേ വ്യക്തമാക്കുന്നു. മൂന്ന് ക്വാർട്ടർ ഡെമോക്രാറ്റുകളും പകുതിയോളം റിപ്പബ്ലിക്കൻമാരും ഈ അഭിപ്രായക്കാരാണ്. ഇതിൽ പ്രതിഷേധിച്ച് ഡെമോക്രാറ്റിക് ഗവർണർമാർ ഭരിക്കുന്ന ഒറിഗോൺ ഉൾപ്പെടെയുള്ള ഏഴ് യുഎസ് സംസ്ഥാനങ്ങൾ മേളയിൽ നിന്ന് ഔദ്യോഗികമായി വിട്ടുനിൽക്കുകയാണ്.
പരിപാടിക്ക് നിശ്ചയിച്ച കനത്ത ചിലവും, തുടക്കത്തിൽ പറഞ്ഞതിനേക്കാൾ രാഷ്ട്രീയവൽക്കരിക്കപ്പെട്ട രീതിയുമാണ് തങ്ങൾ പിന്മാറാൻ കാരണമെന്ന് ഒറിഗോൺ ഗവർണർ ടിന കോടെകിന്റെ വക്താവ് വ്യക്തമാക്കി. എന്നാൽ എല്ലാ 50 സംസ്ഥാനങ്ങളുടെയും പ്രതീകാത്മക പ്രാതിനിധ്യം മേളയിലുണ്ടാകുമെന്ന് സംഘാടകരായ ‘ഫ്രീഡം 250’ അറിയിച്ചു.
ചരിത്രം തിരുത്തിയെഴുതാൻ ശ്രമമെന്ന് ആക്ഷേപം
അമേരിക്കൻ ചരിത്രത്തിലെ കറുത്ത അധ്യായങ്ങളായ അടിമത്തം, തദ്ദേശീയരായ റെഡ് ഇന്ത്യൻ വംശജരോട് കാട്ടിയ ക്രൂരതകൾ, യുഎസ് വിദേശനയങ്ങളുടെ ദോഷഫലങ്ങൾ എന്നിവയെ പൂർണ്ണമായും മറച്ചുവെച്ചുകൊണ്ട്, ചരിത്രത്തെ തിരുത്തിയെഴുതാനാണ് ട്രംപ് ഭരണകൂടം ശ്രമിക്കുന്നതെന്ന് മനുഷ്യാവകാശ പ്രവർത്തകർ കുറ്റപ്പെടുത്തുന്നു. എന്നാൽ മുൻ ഭരണകൂടങ്ങൾ ഈ വിഷയങ്ങൾക്ക് അമിത പ്രാധാന്യം നൽകിയിരുന്നു എന്നാണ് ട്രംപിൻ്റെ വാദം. ഇതിന് അടിവരയിടുന്നതായിരുന്നു മേളയിലെ പവലിയനുകൾ. വൈറ്റ് ഹൗസിൻ്റെ ഈസ്റ്റ് വിംഗ് പൊളിച്ചുമാറ്റി വൻകിട ബാൾറൂം നിർമ്മിക്കുന്നതും, നാഷണൽ റിഫ്ലക്റ്റിംഗ് പൂൾ നവീകരിക്കുന്നതുമുൾപ്പെടെ വാഷിംഗ്ടണിൽ ട്രംപ് നടത്തുന്ന വൻ നഗര നവീകരണങ്ങൾക്കിടയിലാണ് ഈ താൽക്കാലിക മേളയും അരങ്ങേറുന്നത്.
രാഷ്ട്രീയ തർക്കങ്ങൾ നിലനിൽക്കുമ്പോഴും, മേളയുടെ ആദ്യദിനം കനത്ത ജനത്തിരക്കാണ് അനുഭവപ്പെട്ടത്. റെഡ് ഹാറ്റ് ധരിച്ച ട്രംപ് അനുകൂലികളും മേളയിൽ സജീവമായിരുന്നു. വിവാദങ്ങളെ മാറ്റിനിർത്തി, നല്ലൊരു വേനൽക്കാല ദിനത്തിൽ കുടുംബത്തോടൊപ്പം സംഗീതവും വിനോദങ്ങളും ആസ്വദിക്കാനാണ് തങ്ങൾ എത്തിയതെന്ന് സന്ദർശകർ പ്രതികരിച്ചു. ജൂലൈ 4-ലെ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യത്തുടനീളം നടക്കുന്ന വിപുലമായ ആഘോഷങ്ങളുടെ തുടക്കമാണിത്.
Celebrations of the 250th anniversary of American independence begin in Washington; ‘Great American State Fair’ mired in political controversy















