‘മുടന്തൻ ന്യായങ്ങൾ അംഗീകരിക്കില്ല’; വോട്ടെണ്ണൽ ദൃശ്യങ്ങൾ കാണാനില്ലെന്ന് പറഞ്ഞ തിരഞ്ഞെടുപ്പ് കമ്മിഷനെ വിമർശിച്ച് സുപ്രീംകോടതി

2023ലെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ശൃംഗേരി മണ്ഡലത്തിലെ വോട്ടെണ്ണലിന്റെ വിഡിയോ ദൃശ്യങ്ങൾ കണ്ടെത്താനാകുന്നില്ലെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശദീകരണത്തിനെതിരെ സുപ്രീംകോടതിയുടെ രൂക്ഷവിമർശനം. ലഭ്യമായ രേഖകൾ ഹാജരാക്കിയില്ലെങ്കിൽ കമ്മിഷനെതിരെ പ്രതികൂല നിഗമനത്തിലെത്തേണ്ടിവരുമെന്ന് ജസ്റ്റിസുമാരായ സഞ്ജയ് കുമാർ, സഞ്ജീവ് സച്ച്ദേവ എന്നിവരടങ്ങിയ ബെഞ്ച് മുന്നറിയിപ്പ് നൽകി.

“തിരഞ്ഞെടുപ്പ് നടത്തുകയാണ് നിങ്ങളുടെ ചുമതല. അതിനാവശ്യമായ രേഖകൾ സൂക്ഷിക്കണം. ഇത്തരം മുടന്തൻ ന്യായങ്ങൾ അംഗീകരിക്കില്ല,” എന്ന് കോടതി വ്യക്തമാക്കി. ലഭ്യമായ രേഖകളെല്ലാം അടുത്ത ഹിയറിങ്ങിൽ ഹാജരാക്കാനും നിർദേശിച്ചു. കേസ് 2027 ഫെബ്രുവരി 15ലേക്ക് മാറ്റി.

2023ലെ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി ഡി.എൻ. ജീവരാജിനെ 201 വോട്ടിന് പരാജയപ്പെടുത്തിയ കോൺഗ്രസ് നേതാവ് ടി.ഡി. രാജഗൗഡയുടെ ഹർജിയാണ് കോടതി പരിഗണിച്ചത്. തപാൽ വോട്ടുകൾ വീണ്ടും എണ്ണിയതിനെത്തുടർന്ന് രാജഗൗഡയ്ക്ക് എംഎൽഎ സ്ഥാനം നഷ്ടമായിരുന്നു.

നേരത്തേ നിരസിച്ച 279 തപാൽ വോട്ടുകൾക്കു പുറമെ സാധുവായി അംഗീകരിച്ചിരുന്ന 1,251 വോട്ടുകൾ കൂടി റിട്ടേണിങ് ഓഫിസർ വീണ്ടും പരിശോധിച്ചതായി മേയ് 11ലെ ഉത്തരവിൽ സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരുന്നു. പുനർവോട്ടെണ്ണലിൽ രാജഗൗഡയ്ക്ക് അനുകൂലമായിരുന്ന 255 വോട്ടുകൾ അസാധുവാക്കുകയും ജീവരാജിന് രണ്ട് വോട്ടുകൾ അധികമായി ലഭിക്കുകയും ചെയ്തു. ഇതോടെ 52 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജീവരാജിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.

പുനർവോട്ടെണ്ണലിന്റെ നിയമസാധുത പരിശോധിക്കുന്നതിനിടെ രാജഗൗഡയ്ക്ക് എംഎൽഎയായി തുടരാൻ സുപ്രീംകോടതി അനുമതി നൽകിയിട്ടുണ്ട്. തപാൽ വോട്ടുകളിൽ കൃത്രിമം നടത്തിയെന്ന ആരോപണത്തിൽ രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസിൽ തുടർ അന്വേഷണം നടത്തുന്നതിന് കർണാടക ഹൈക്കോടതി ഇടക്കാല സ്റ്റേയും അനുവദിച്ചിട്ടുണ്ട്.

‘Won’t accept lame excuses’: SC takes EC to task over missing 2023 counting video

More Stories from this section

family-dental
witywide