നീറ്റ് പുനപ്പരീക്ഷയുമായി ബന്ധപ്പെട്ട് ചോദ്യപേപ്പർ ചോർച്ചയും തട്ടിപ്പുകളും തടയുന്നതിനായി രാജ്യത്ത് പ്രമുഖ മെസ്സേജിങ് ആപ്പായ ടെലഗ്രാമിന് കേന്ദ്ര സർക്കാർ കർശനമായ താൽക്കാലിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ജൂൺ 22 വരെ ടെലഗ്രാം ആക്‌സസ് പരിമിതപ്പെടുത്തിയതിന് പുറമെ, പരീക്ഷാ തട്ടിപ്പുകാർ പ്രധാനമായി ദുരുപയോഗം ചെയ്യാൻ സാധ്യതയുള്ള മെസ്സേജ് എഡിറ്റ് ഫീച്ചർ ജൂൺ 30 വരെ ഇന്ത്യയിൽ പൂർണ്ണമായും പ്രവർത്തനരഹിതമാക്കിയിട്ടുണ്ട്. പരീക്ഷയ്ക്ക് മുൻപ് ചോദ്യപേപ്പറുകൾ ലഭ്യമാക്കാമെന്ന പേരിൽ ടെലഗ്രാമിൽ നടക്കുന്ന വ്യാജ വാഗ്ദാനങ്ങൾ പൂർണ്ണമായും തട്ടിപ്പാണെന്ന് വ്യക്തമാക്കിയ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA), തട്ടിപ്പ് നടത്തുന്ന നിരവധി ടെലഗ്രാം ചാനലുകളും ബോട്ടുകളും ഇതിനകം തന്നെ നീക്കം ചെയ്തതായും വിവിധ സംസ്ഥാനങ്ങളിൽ അന്വേഷണം പുരോഗമിക്കുന്നതായും അറിയിച്ചു.
കഴിഞ്ഞ തവണത്തെപ്പോലെ വീഴ്ചകൾ ഒന്നും തന്നെ ഇത്തവണ ആവർത്തിക്കില്ലെന്നും പരീക്ഷയ്ക്ക് മുൻപ് ഒരാൾക്കും ചോദ്യപേപ്പർ ലഭിക്കില്ലെന്നും എൻടിഎ വിദ്യാർത്ഥികൾക്ക് ഉറപ്പുനൽകി. ചോദ്യപേപ്പർ ചോർന്നതായുള്ള വ്യാജ പ്രചാരണങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധയിൽപ്പെട്ടാൽ അത് ഉടൻ തന്നെ അധികൃതരെ അറിയിക്കാനും എൻടിഎ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. പുനപ്പരീക്ഷ പൂർണ്ണമായും കുറ്റമറ്റ രീതിയിൽ നടത്താനുള്ള എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായതായും എൻടിഎ അറിയിച്ചു.
Centre Imposes Restrictions on Telegram to Prevent NEET Re-exam Paper Leak; NTA Assures Full Security















