ഇലക്ട്രിക്, ഹൈഡ്രജൻ, സിഎൻജി വാഹനങ്ങൾക്ക് പെട്രോൾ, ഡീസൽ വാഹനങ്ങളെ അപേക്ഷിച്ച് അഞ്ച് വർഷം കൂടുതൽ കാലാവധി അനുവദിക്കാൻ കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രാലയം നീക്കം നടത്തുന്നു. ഇതിനായി സെൻട്രൽ മോട്ടോർ വെഹിക്കിൾസ് റൂൾസ് 1989-ൽ ഭേദഗതി വരുത്തുന്നതിനുള്ള കരട് വിജ്ഞാപനം പുറപ്പെടുവിച്ചു. രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെയും ബദൽ ഇന്ധനങ്ങളുടെയും ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര സർക്കാരിന്റെ നിർണായക നീക്കം. ഇലക്ട്രിക് വാഹന ഉടമകൾക്കും കൊമേഴ്‌സ്യൽ ഫ്‌ളീറ്റ് ഓപ്പറേറ്റർമാർക്കും വാഹനാവശ്യത്തിനുള്ള ഘടകങ്ങൾ നിർമ്മിക്കുന്നവർക്കും ഒരേപോലെ പ്രയോജനപ്പെടുന്ന നിരവധി ഭേദഗതികൾ കരടിലുണ്ട്.
ഒന്നിലധികം സംസ്ഥാനങ്ങളിൽ സർവീസ് നടത്തുന്ന വാണിജ്യ വാഹനങ്ങൾക്ക് നൽകുന്ന നാഷണൽ പെർമിറ്റ് സംവിധാനം പൂർണ്ണമായും ഡിജിറ്റലാക്കാനും കരട് ഭേദഗതിയിൽ നിർദേശമുണ്ട്. പെർമിറ്റ് അപേക്ഷകളും അനുബന്ധ നടപടികളും പൂർണ്ണമായി ഓൺലൈനിലേക്ക് മാറുന്നതോടെ പേപ്പർവർക്കുകൾ കുറയുകയും നടപടികൾ കൂടുതൽ വേഗത്തിലാവുകയും ചെയ്യും. കൂടാതെ, നിലവിൽ വാഹന നിർമ്മാതാക്കൾക്കും ഡീലർമാർക്കും മാത്രം നൽകിയിരുന്ന ട്രേഡ് സർട്ടിഫിക്കറ്റ് സംവിധാനം ഇനി മുതൽ ഓട്ടോമോട്ടീവ് ഘടക നിർമ്മാതാക്കൾക്കും ലഭ്യമാക്കും. ഇത് വാഹന ഭാഗങ്ങളുടെ പരിശോധനയും ഗതാഗതവും കൂടുതൽ എളുപ്പമാക്കും.
നിലവിൽ കേന്ദ്ര മന്ത്രാലയം തയ്യാറാക്കിയിരിക്കുന്നത് കരട് നിർദേശങ്ങളാണ്. ഈ നിർദേശങ്ങൾ നിയമമായി പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് വാഹന വ്യവസായ മേഖലയിലുള്ളവർക്കും പൊതുജനങ്ങൾക്കും തങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കാൻ അവസരം ലഭിക്കും. ഈ കരട് ഭേദഗതി നിലവിലെ രൂപത്തിൽ അംഗീകരിക്കപ്പെടുകയാണെങ്കിൽ ഇന്ത്യയിലെ മൊബിലിറ്റി, ഗതാഗത മേഖലകളിൽ വൻ മാറ്റങ്ങൾക്കാവും ഇത് വഴിതുറക്കുകയെന്ന് ഈ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
Centre Moves to Extend Validity of Electric, CNG, and Hydrogen Vehicles by 5 Years














