രമേശ് ചെന്നിത്തല തനിക്ക് ജ്യേഷ്ഠസഹോദരനെപ്പോലെയാണെന്നും എന്നും ആദരിക്കുന്ന നേതാവാണെന്നും നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ. മുഖ്യമന്ത്രിയായി പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ ചെന്നിത്തലയുടെ വസതി സന്ദർശിച്ച ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. താൻ രാഷ്ട്രീയത്തിൽ കടന്നുവന്ന കാലം മുതൽ വലിയ പിന്തുണ നൽകിയ വ്യക്തിയാണ് ചെന്നിത്തലയെന്നും സതീശൻ കുറിച്ചു.
അന്തരിച്ച മുൻ സ്പീക്കർ ജി. കാർത്തികേയനും തന്റെ രാഷ്ട്രീയ ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത നേതാവാണെന്നും രാഷ്ട്രീയ ഗുരു വാണെന്നും അദ്ദേഹം അനുസ്മരിച്ചു. തന്നെ വഴിനയിച്ച മുതിർന്ന നേതാക്കളുടെ സ്മരണ പുതുക്കിയാണ് അദ്ദേഹം പുതിയ ഉത്തരവാദിത്തത്തിലേക്ക് കടക്കുന്നത്. മുതിർന്ന നേതാക്കളുടെ പിന്തുണയോടെ ഐക്യത്തോടെ മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് സതീശൻ വ്യക്തമാക്കി. ചെന്നിത്തലയുടെ വസതിയിലെ കൂടിക്കാഴ്ച മനോഹരമായിരുന്നുവെന്നും കുടുംബാംഗങ്ങളുമായി ഏറെ നേരം ചിലവഴിച്ചതായും അദ്ദേഹം പറഞ്ഞു. സതീശന്റെ ഈ പ്രതികരണം കോൺഗ്രസിനുള്ളിലെ ഐക്യത്തിന്റെ സന്ദേശമായാണ് രാഷ്ട്രീയ വൃത്തങ്ങൾ കാണുന്നത്.
സതീശന്റെ കുറിപ്പ്
ജി.കാർത്തികേയൻ എന്ന ജി.കെ എൻ്റെ രാഷ്ട്രീയ ഗുരുവാണ്. അദ്ദേഹത്തിൻ്റെ കൈപിടിച്ചാണ് ഞാൻ രാഷ്ട്രീയത്തിൽ പിച്ചവച്ചത്. ജി.കെയുടെ ഓർമ്മകൾ തന്നെ എനിക്ക് ഊർജമാണ്. രമേശ് ചെന്നിത്തല എൻ്റെ ജ്യേഷ്ഠ സഹോദരനും നേതാവുമാണ്. ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത നേതാക്കളാണിവർ. ഇന്ന് ഇരുവരുടേയും വസതികളിലെത്തി.










