
ആറ് സീറ്റ് പ്രതീക്ഷിച്ചിടത്ത് 3 സീറ്റുകൾ കൊണ്ട് തൃപ്തിപ്പെട്ട് കേരളത്തിലെ ബിജെപി. ബിഡിജെഎസിന് പുറമെ ട്വന്റി ട്വന്റിയെ മുന്നണിയിലെത്തിച്ച് പയറ്റാവുന്ന കളികളൊക്കെ കളിച്ചിട്ടും വലിയ മുന്നേറ്റം നടത്താൻ ബിജെപിക്ക് സാധിച്ചില്ല. എങ്കിലും 2016നെ അപേക്ഷിച്ച് 2026ൽ സീറ്റ് എണ്ണം മൂന്നായി ഉയർത്താനായി എന്നത് വലിയ നേട്ടമാണ്. പ്രത്യേകിച്ച് സർക്കാർ വിരുദ്ധ വികാരം വീശിയടിച്ച ഒരുതിരഞ്ഞെടുപ്പിൽ യുഡിഎഫിനെ മറികടന്ന് വിജയിക്കാനായി എന്നതാണ് വലിയ നേട്ടം.
അതിൽ കേരളത്തിൽ അധികമാരും പ്രതീക്ഷിക്കാതിരുന്ന കൊല്ലം ജില്ലയിലെ ചാത്തന്നൂരിൽ താമര വിരിഞ്ഞുവെന്നതാണ് ശ്രദ്ധേയം. ബിജെപിക്ക് സംഘടനാ സ്വാധീനം കൂടുതലുള്ള പാലക്കാട്, നേമം, കഴക്കൂട്ടം, വട്ടിയൂർകാവ് മണ്ഡലങ്ങളെ അപേക്ഷിച്ച് ചാത്തന്നൂരിലെ വിജയം ബിജെപിയെ സംബന്ധിച്ചിടത്തോളം ഇരട്ടി മധുരമാണ്.
അട്ടിമറി വിജയമാണ് ചാത്തന്നൂരിൽ നടന്നത്. എൽഡിഎഫ് സ്ഥാനാർഥിയായ സിപിഐയിലെ ആർ രാജേന്ദ്രനെ 4012 വോട്ടിനാണ് ബി ബി ഗോപകുമാർ പരാജയപ്പെടുത്തിയത്. ഇതിനൊപ്പം നേമം തിരിച്ചുപിടിച്ചതോടെ 2021 ലെ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് മധുര പ്രതികാരവുമായി. നേമത്ത് മന്ത്രി വി ശിവൻ കുട്ടിയെ 2876 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബിജെപി സംസ്ഥാന അധ്യക്ഷനായ രാജീവ് ചന്ദ്രശേഖർ പരാജയപ്പെടുത്തിയത്. അവസാന നിമിഷം വരെ ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവച്ച കഴക്കൂട്ടത് കടകംപള്ളിയെ തറപ്പറ്റിച്ചാണ് ബിജെപി മുതിർന്ന നേതാവ് വി മുരളീധരൻ മുന്നേറിയത്.
സംഘപ്രവർത്തനത്തിന്റെ ദീർഘകാല പാരമ്പര്യമുള്ള സംസ്ഥാനം, നിരവധി രക്തസാക്ഷികൾ. ശക്തമായ കേഡർ സംവിധാനമുള്ള പാർട്ടി. പണത്തിനും സംവിധാനങ്ങൾക്കും കൈയും കണക്കുമില്ല. അർപ്പണബോധത്തോടെ പ്രവർത്തിക്കാൻ നിരവധി പ്രവർത്തകരുമുണ്ട്. ഇതൊന്നുമില്ലാതിരുന്ന ഇടങ്ങളിൽ പോലും ഭരണം പിടിച്ച ബിജെപിക്ക് കേരളം എന്നത് തീരാ സമസ്യയാണ്. തടസ്സങ്ങളെ അതിജീവിച്ച് കേരളത്തിൽ വളരാനുള്ള ബിജെപിയുടെ പ്രവർത്തനങ്ങൾക്ക് ശക്തിപകരുന്ന വിജയമാണ് 3 സീറ്റ്.
ശാഖകളുടെ എണ്ണം കൂടിയതുകൊണ്ട് പ്രവർത്തന സൗകര്യത്തിനായി കേരളത്തിലെ ആർഎസ്എസ് ഘടകത്തിനെ രണ്ട് പ്രാന്തങ്ങളായി ( സംസ്ഥാനങ്ങൾ) ആയി വിഭജിച്ചിരുന്നു. കേരളത്തിലെ ബിജെപിയാകട്ടെ മുൻപ് കൈവരിക്കുമെന്ന് പ്രതീക്ഷപോലുമില്ലാത്ത തരത്തിൽ വളരുകയും ചെയ്തു. ഇന്ന് കേരളത്തിലെ ശക്തമായ പാർട്ടി സംവിധാനമുള്ള ചുരുക്കം ചില പാർട്ടികളിലൊന്നാണ് ബിജെപി.
എന്നിട്ടും കേരള നിയമസഭയിലേക്ക് സംഘടനാ ബലത്തിൽ ജയിച്ചുകയറി വരാൻ വലിയ ബുദ്ധിമുട്ടാണ് ബിജെപി നേരിടുന്നത്. ശക്തമായ രണ്ടുമുന്നണികളെ മറികടന്നെത്തിയ വിജയം നേടിയെടുക്കുക എന്ന ബാലികേറാ മലയാണ് കേരളത്തിലെ ബിജെപിക്ക് മുന്നിലുള്ളത്. ദുർഘടമായ ഈ പ്രതിസന്ധികളെ അതിജീവിച്ചുള്ള നേമത്തേയും ചാത്തന്നൂരിലേയും കഴക്കൂട്ടത്തേയും വിജയം അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ചൂണ്ടുപലകയാകുമോയെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.
നേമത്തെ ഒ രാജഗോപാലിന്റെ 2016ലെ ജയവും 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ നിന്നുള്ള സുരേഷ് ഗോപിയുടെ വിജയവും ഒഴിച്ചുനിർത്തിയാൽ കേരളത്തിൽ നിന്ന് നിയമനിർമാണ സഭകളിലേക്കുള്ള ബിജെപിയുടെ സാന്നിധ്യം ഒട്ടുംതന്നെയില്ല. രാജഗോപാലിന്റെയും സുരേഷ് ഗോപിയുടെയും വിജയം ബിജെപിയുടെ മാത്രം മിടുക്കല്ലായിരുന്നു എന്ന് പറയുന്നവർക്കുള്ള മറുപടിയാണ് ചാത്തന്നൂരിലെ വിജയം. കേരളത്തിലെ ബിജെപി നേരിടുന്നത് സംഘടനാ ദൗർബല്യമോ ആശയദാരിദ്ര്യമോ അല്ല. പാർട്ടി അണികൾക്ക് പുറത്തുള്ളവരെ ആകർഷിക്കാൻ കഴിയുന്ന നേതൃത്വ ദാരിദ്ര്യമാണ്. ഈ പ്രശ്‌നം പരിഹരിക്കാനുള്ള നെട്ടോട്ടത്തിലാണ് ക്രിസ്ത്യൻ റീച്ചുമായി ബിജെപി രംഗത്തെത്തിയത്.
രാജീവ് ചന്ദ്രശേഖർ സംസ്ഥാന അധ്യക്ഷനായി എത്തിയതിന് ശേഷമാണ് ഈ നീക്കം ശക്തിപ്പെട്ടത്. ക്രിസ്ത്യൻ നേതാക്കളെ പാർട്ടിയിലെത്തിച്ചും സഭാനേതൃത്വത്തോട് അടുക്കാൻ ശ്രമിച്ചും കഴിഞ്ഞ രണ്ടുമൂന്ന് വർഷമായി ബിജെപി നടത്തിയ നീക്കങ്ങളുടെ ഫലമെടുപ്പായിരുന്നു നിയമസഭാ തിരഞ്ഞെടുപ്പ്. ഇത്തവണ ഒന്നിലധികം സീറ്റുകളിൽ വിജയിക്കുമെന്ന് കേരളത്തിലെ ബിജെപി നേതൃത്വം കണക്കുകൂട്ടിയിരുന്നു. വോട്ടെണ്ണൽ തുടങ്ങിയ ആദ്യ മണിക്കൂറുകളിൽ നാല് സീറ്റുകളിൽ ബിജെപി സ്ഥാനാർഥികൾ ലീഡ് പിടിച്ചിരുന്നു.
കേരളത്തിലെ ബിജെപിയുടെ ശക്തികേന്ദ്രമായ നേമം, പാലക്കാട്, മഞ്ചേശ്വരം, കാസർകോട് മണ്ഡലങ്ങളിലാണ് ലീഡ് പിടിച്ചത്. എന്നാൽ പിന്നീട് ഇത് നേമത്തും പാലക്കാടും മാത്രമായി ചുരുങ്ങി. അവസാനം നേമത്ത് മാത്രമായി ലീഡ് നിലനിർത്തവേയാണ് ചാത്തന്നൂരിൽ അപ്രതീക്ഷിതമായി ബിജെപി സ്ഥാനാർഥി ബി ബി ഗോപകുമാർ മുന്നിലെത്തിയത്. പിന്നീട് ക്രമാനുഗതമായി ലീഡ് ഉയർത്തിയ ഗോപകുമാർ 4012 വോട്ടിനാണ് ചാത്തന്നൂരിൽ ജയിച്ചത്. ചാത്തന്നൂരിൽ ജയിച്ചെങ്കിലും ബിജെപിക്ക് കേരളത്തിൽ ആദ്യമായി അക്കൗണ്ട് തുറക്കാൻ സാധിച്ച നേമം മണ്ഡലത്തിൽ സസ്‌പെൻസ് തുടരുകയായിരുന്നു. ഇവിടെ ബിജെപി സംസ്ഥാന അധ്യക്ഷൻ തുടക്കം മുതൽ ലീഡ് നിലനിർത്തിയെങ്കിലും അവസാന നിമിഷം വരെ ശക്തമായ പോരാട്ടമുണ്ടായി.
bjp won 3 seats in kerala













