നികുതി കൂട്ടാതെ വരുമാനം വർധിപ്പിക്കാമെന്ന് 5 മാസം കൊണ്ട് തെളിഞ്ഞു, ജിഎസ്ടിയിൽ ചരിത്രത്തിലെ റെക്കോർഡ് നേട്ടമെന്നും മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം: നികുതി നിരക്കുകൾ വർധിപ്പിക്കാതെ തന്നെ സർക്കാരിന്റെ വരുമാനം കൂട്ടാൻ കഴിഞ്ഞുവെന്ന് കഴിഞ്ഞ അഞ്ച് മാസത്തെ സാമ്പത്തിക കണക്കുകൾ വ്യക്തമാക്കുന്നതായി മുഖ്യമന്ത്രി നിയമസഭയിൽ. മുൻവർഷത്തെ സമാന കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ മൂലധന ചെലവിലും തനത് വരുമാനത്തിലും ഗണ്യമായ വളർച്ചയുണ്ടായെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തിന്റെ തനത് വരുമാനത്തിൽ 6,486 കോടി രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയത്. മുൻവർഷത്തെ അപേക്ഷിച്ച് 16.5 ശതമാനത്തിലധികം വളർച്ചയാണിത്. നികുതിയിതര വരുമാനത്തിൽ 19 ശതമാനം വർധനയുണ്ടായതായും ജിഎസ്ടി ചരിത്രത്തിലെ ഏറ്റവും ഉയർന്ന വരുമാനം നേടാനായതായും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മൂലധന നിക്ഷേപത്തിൽ 57 ശതമാനം വർധനയുണ്ടായി. ഓണക്കാലത്ത് വിപണിയിലേക്ക് ആവശ്യമായ പണം എത്തിക്കാൻ കഴിഞ്ഞത് സമ്പദ്‌വ്യവസ്ഥയ്ക്ക് ഉണർവേകിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാൽ ഈ നേട്ടങ്ങളിൽ മാത്രം സർക്കാർ തൃപ്തരല്ലെന്നും കൂടുതൽ വലിയ ലക്ഷ്യങ്ങളാണ് മുന്നിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തുരങ്കപാതാ നിർമാണം സുരക്ഷ ഉറപ്പാക്കി പുനരാരംഭിക്കും

കോഴിക്കോട് – വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന താമരശ്ശേരി ചുരത്തിന് ബദലായി വിഭാവനം ചെയ്ത ആനക്കാംപൊയിൽ–കള്ളാടി–മേപ്പാടി തുരങ്കപാത പ്രധാനപ്പെട്ട പദ്ധതിയാണെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കി നിർമാണപ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനുള്ള അടിയന്തര നടപടികൾ സംബന്ധിച്ച സബ്മിഷന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

തിരഞ്ഞെടുപ്പ് കാലത്ത് താൻ തുരങ്കപാതാ പദ്ധതിക്ക് എതിരാണെന്ന തരത്തിൽ വ്യാപക പ്രചാരണമുണ്ടായതായി മുഖ്യമന്ത്രി പറഞ്ഞു. പദ്ധതിയെ എതിർത്തിട്ടില്ലെന്നും ആവശ്യമായ പരിസ്ഥിതി ആഘാത പഠനം നടത്താതെ നിർമാണം മുന്നോട്ടുകൊണ്ടുപോകരുതെന്നാണ് നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. തുരങ്കപാത കടന്നുപോകുന്ന മേഖല പരിസ്ഥിതിപരമായി ഏറെ സംവേദനക്ഷമമാണ്. നിർമാണത്തിനിടെ അപകടമുണ്ടായാൽ അതിന്റെ ഉത്തരവാദിത്തം സർക്കാരിനായിരിക്കുമെന്നും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാതെ പ്രവർത്തനങ്ങൾക്ക് അനുമതി നൽകിയെന്ന വിമർശനം ഉയരാൻ ഇടയുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

അപകടസാധ്യത പരമാവധി ഒഴിവാക്കുന്നതിനായി വിദഗ്ധ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും തീരുമാനമെടുക്കുക. പരിസ്ഥിതി റിപ്പോർട്ടിലെ നിബന്ധനകൾ പാലിച്ച് അപകടസാധ്യതയില്ലാതെ തുരങ്കപാത യാഥാർഥ്യമാക്കാൻ കഴിയുമോയെന്നാണ് സർക്കാർ പരിശോധിക്കുന്നത്. റിപ്പോർട്ട് ലഭിച്ചാലുടൻ ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.

More Stories from this section

family-dental
witywide