ഫ്ലോറിഡയിൽ 100 മൈൽ വേഗതയിൽ കാറോടിച്ച് വയോധികനെ കൊന്ന ഇന്ത്യൻ വിദ്യാർത്ഥിക്ക് വീട്ടുതടങ്കൽ; പഠിക്കാൻ അനുവദിക്കണമെന്ന് അഭിഭാഷകൻ

ഫ്ലോറിഡ: അമേരിക്കയിലെ ഫ്ലോറിഡയിൽ മണിക്കൂറിൽ 100 മൈൽ വേഗതയിൽ എസ്‌യുവി ഓടിച്ച് നാല് വാഹനങ്ങൾ ഉൾപ്പെട്ട അപകടമുണ്ടാക്കുകയും 81-കാരൻ്റെ മരണത്തിനിടയാക്കുകയും ചെയ്ത സംഭവത്തിൽ ഇന്ത്യൻ വിദ്യാർത്ഥിക്ക് കോടതി കടുത്ത നിയന്ത്രണങ്ങളോടെ ജാമ്യം അനുവദിച്ചു. ന്യൂയോർക്കിലെ കൊളംബിയ സർവകലാശാലയിലെ മാസ്റ്റേഴ്‌സ് ബിരുദ വിദ്യാർത്ഥിയായ ആകാശ് ദാസിനെയാണ് (23) ഫ്ലോറിഡ പൊലീസ് അറസ്റ്റ് ചെയ്തത്. നിലവിൽ ഇൻ-ഹൗസ് അറസ്റ്റിൽ (വീട്ടുതടങ്കൽ) കഴിയുന്ന ആകാശിന് പഠനം പൂർത്തിയാക്കാൻ ന്യൂയോർക്കിലേക്ക് മടങ്ങാൻ അനുമതി നൽകണമെന്ന് അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടു.

കഴിഞ്ഞ ജൂലൈയിലായിരുന്നു യുഎസിനെ നടുക്കിയ ദാരുണമായ അപകടം നടന്നത്. മണിക്കൂറിൽ 45 മൈൽ വേഗത മാത്രം അനുവദനീയമായ മേഖലയിലൂടെ ആകാശ് ഓടിച്ചിരുന്ന കാഡിലാക് എസ്‌യുവി, ഗാരി നീൽ ഫീൽഡ്സ് എന്ന വയോധികൻ സഞ്ചരിച്ചിരുന്ന ഓഡി കാറിലേക്ക് അതിവേഗത്തിൽ ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ഓഡി കാർ സമീപത്തുണ്ടായിരുന്ന നിസാൻ, വോൾവോ എസ്‌യുവികളിലും ഇടിച്ചു. ഗുരുതരമായി പരിക്കേറ്റ ഗാരി നീൽ ഫീൽഡ്സ് ആശുപത്രിയിൽ വെച്ചാണ് മരണമടഞ്ഞത്.

വാഹനത്തിൻ്റെ എയർബാഗ് കൺട്രോൾ സിസ്റ്റത്തിൽ നിന്നുള്ള വിവരങ്ങൾ പരിശോധിച്ച അന്വേഷണ ഉദ്യോഗസ്ഥർ, ആകാശ് ദാസ് മറ്റുള്ളവരുടെ ജീവന് യാതൊരു വിലയും കൽപ്പിക്കാതെയാണ് വാഹനം ഓടിച്ചതെന്ന് കോടതിയെ അറിയിച്ചു. “ഒരു ബുള്ളറ്റ് പോലെ പാഞ്ഞുപോയ വാഹനം തന്റെ കാറിനെ പിടിച്ചുലച്ചു” എന്നാണ് ഒരു ദൃക്‌സാക്ഷി പോലീസിന് നൽകിയ മൊഴി. ‘ഇവർ ആരെെയെങ്കിലും കൊലപ്പെടുത്തും’ എന്ന് അപകടത്തിന് തൊട്ടുമുമ്പ് താൻ ഭയപ്പെട്ടിരുന്നതായി മറ്റൊരു ദൃക്‌സാക്ഷിയും വെളിപ്പെടുത്തി.

കേസിൽ ആകാശിന് കോടതി 1,25,000 ഡോളർ ജാമ്യം അനുവദിച്ചെങ്കിലും കടുത്ത ഉപാധികളോടെ വീട്ടുതടങ്കലിൽ പാർപ്പിക്കാൻ ജഡ്ജി ഡൊണാൾഡ് ഹാഫെലെ ഉത്തരവിടുകയായിരുന്നു. അതേസമയം, അപകടത്തിൽ ആകാശിന് മനഃപൂർവമായ ദുരുദ്ദേശങ്ങൾ ഉണ്ടായിരുന്നില്ലെന്ന് പ്രതിരോധ അഭിഭാഷകൻ ആദം ഫർക്കാസ് കോടതിയിൽ വാദിച്ചു. ആകാശ് മികച്ച കുടുംബപശ്ചാത്തലമുള്ള ആളാണെന്നും മുൻപ് ക്രിമിനൽ റെക്കോർഡുകൾ ഇല്ലെന്നും വ്യക്തമാക്കിയ അഭിഭാഷകൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ ഇന്റേൺഷിപ്പിനായാണ് താരം സൗത്ത് ഫ്ലോറിഡയിൽ എത്തിയതെന്നും പഠനം പൂർത്തിയാക്കാൻ ന്യൂയോർക്കിലേക്ക് പോകാൻ അനുവദിക്കണമെന്നും കോടതിയോട് അഭ്യർത്ഥിച്ചു. അശ്രദ്ധമായി വാഹനം ഓടിച്ച് മരണം സംഭവിച്ചതിനാണ് നിലവിൽ വിദ്യാർത്ഥിക്കെതിരെ കേസെടുത്തിരിക്കുന്നത്.

Indian student who killed elderly man by driving at 100 mph in Florida is under house arrest; lawyer wants to be allowed to study

More Stories from this section

family-dental
witywide