മോഡേന: ഇറ്റലിയുടെ വടക്കൻ നഗരമായ മോഡേനയിൽ നടപാതയിലേക്ക് കാർ ഓടിച്ചുകയറ്റിയ സംഭവത്തിൽ എട്ട് പേർക്ക് പരിക്കേറ്റു. ഇവരിൽ നാല് പേരുടെ നില ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു. പരിക്കേറ്റവരിൽ ഒരു സ്ത്രീയുടെ രണ്ട് കാലുകളും തകർന്നതായി റിപ്പോർട്ടുണ്ട്. സംഭവത്തിന് പിന്നാലെ കാർ ഒരു കടയുടെ ഷോ-വിൻഡോയിലേക്ക് ഇടിച്ച് നിൽക്കുകയായിരുന്നു. മോഡേനയിലെ പ്രശസ്ത കത്തീഡ്രലിനടുത്തുള്ള വിയ എമിലിയയിൽ പ്രാദേശിക സമയം വൈകിട്ട് 4.30ഓടെയായിരുന്നു സംഭവം
തുടർന്ന് ഡ്രൈവർ കാറിൽ നിന്ന് പുറത്തിറങ്ങി കത്തി വീശി ആക്രമണം നടത്താൻ ശ്രമിച്ചു. പിന്നാലെ പിന്തുടർന്ന ഒരാൾക്കും പരിക്കേറ്റു. പിന്നീട് നാട്ടുകാർ ചേർന്ന് പ്രതിയെ കീഴടക്കി.31 കാരനായ പ്രതിയെ മൊറോക്കൻ വംശജനായ ഇറ്റാലിയൻ പൗരനായി തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തെ “അത്യന്തം ഗുരുതരമായത്” എന്നാണ് ഇറ്റലി പ്രധാനമന്ത്രി ജോർജിയ മെലോണി വിശേഷിപ്പിച്ചത്.
2022-ൽ “സ്കിസോയ്ഡ് മാനസിക അസ്വസ്ഥതകൾ” കാരണം പ്രതിയെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് റഫർ ചെയ്തിരുന്നുവെങ്കിലും പിന്നീട് ഇയാൾ അപ്രത്യക്ഷനായിരുന്നുവെന്ന് വാർത്താസമ്മേളനത്തിൽ മോഡേന പ്രിഫക്ട് ഫബ്രിസിയ ട്രിയോളോ പറഞ്ഞു.
പ്രതി മിലാനിന് സമീപമുള്ള ബെർഗാമോ പ്രവിശ്യയിൽ ജനിച്ചതും ഇപ്പോൾ മോഡേന പ്രവിശ്യയിൽ താമസിക്കുന്നതുമാണെന്ന് മേയർ മാസ്സിമോ മെസെറ്റി പറഞ്ഞു. ഇറ്റാലിയൻ മാധ്യമങ്ങൾ പ്രകാരം സാമ്പത്തികശാസ്ത്രത്തിൽ ബിരുദമുള്ള ഇയാൾ തൊഴിൽരഹിതനാണ്. മുൻ ക്രിമിനൽ റെക്കോർഡുകളൊന്നുമില്ലെന്നും റിപ്പോർട്ടുകളുണ്ട്.
Man drives car into pedestrians in Italy, injuring eight














