സർക്കാരിനോ, കോൺഗ്രസിനോ പങ്കുണ്ടോ? പിഎസ്‍സി പിരിച്ചുവിടാനുള്ള ഗവർണറുടെ ശുപാർശയിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് സിപിഎം

പി.എസ്.സി ചെയർമാനെയും അംഗങ്ങളെയും പിരിച്ചുവിടാൻ ഗവർണർ സ്ഥാനം ഒഴിയുന്നതിന് തൊട്ടുമുൻപ് രാജേന്ദ്ര അർലേക്കർ രാഷ്ട്രപതിക്ക് ശുപാർശ നൽകിയ നടപടിയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നിലപാട് വ്യക്തമാക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്. അർലേക്കറുടെ ഈ നടപടി പൂർണ്ണമായും ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടിയ സി.പി.എം, ഗവർണറുടെ നീക്കത്തോട് കോൺഗ്രസ് സർക്കാരിന് യോജിപ്പാണോ ഉള്ളതെന്നും ചോദ്യമുന്നയിച്ചു. പി.എസ്.സി അംഗങ്ങൾക്കെതിരെ നടപടിയെടുക്കാൻ വ്യക്തമായ നിയമപരമായ മാർഗ്ഗങ്ങളുണ്ടായിരിക്കെ, അതൊന്നും ഗവർണർ പാലിച്ചിട്ടില്ലെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

റാങ്ക് ലിസ്റ്റ് തയ്യാറാക്കിയതുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ആരോപണങ്ങളെക്കുറിച്ച് സംസ്ഥാന സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ വച്ച് അന്വേഷണം നടത്തിവരികയാണെന്നും ഇതുവരെ തെളിവുകളൊന്നും കണ്ടെത്താനായിട്ടില്ലെന്ന് ഹൈക്കോടതിയിൽ വ്യക്തമാക്കിയതാണെന്നും സി.പി.എം ചൂണ്ടിക്കാട്ടി. ഒരു ആരോപണവും തെളിയിക്കാനാവാത്ത ഈ ഘട്ടത്തിൽ പി.എസ്.സി പിരിച്ചുവിടണമെന്ന് സർക്കാർ ഗവർണറോട് ആവശ്യപ്പെട്ടിട്ടുണ്ടോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. നിർണായക ഫയലുകൾ കൈമാറിയിട്ടുണ്ടെങ്കിൽ അത് സർക്കാർ സംഘപരിവാറിന് സാഷ്ടാംഗം പ്രണാമം ചെയ്യുന്നതിന് തുല്യമാണെന്നും സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി.

സർവ്വകലാശാലകൾക്ക് പിന്നാലെ പി.എസ്.സിയെയും സംഘപരിവാർ ലക്ഷ്യം വെക്കുകയാണെന്ന് സി.പി.എം ആരോപിച്ചു. ആർ.എസ്.എസ് നയങ്ങൾ നടപ്പിലാക്കിയ ഗവർണർക്ക് യാത്രയയപ്പ് നൽകിയതും മുഖ്യമന്ത്രി സ്നേഹപ്രകടനം നടത്തിയതും ഇതിന്റെ തെളിവാണ്. വൈസ് ചാൻസലർമാരുടെ നിയമനം മുതൽ നിരവധി നടപടികൾ ബി.ജെ.പി-ആർ.എസ്.എസ് ഡീലിന്റെ ഭാഗമായി നടന്നതാണെന്നും, സംസ്ഥാന സർക്കാരിന്റെ ഉപദേശനിർദ്ദേശങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കേണ്ട ഗവർണർ സർക്കാരിനെ മറികടന്നാണ് തീരുമാനങ്ങൾ എടുക്കുന്നതെന്നും സി.പി.എം വിമർശിച്ചു.

കേരളത്തിലെ പി.എസ്.സി രാജ്യത്തിന് മാതൃകയായ രീതിയിലാണ് പ്രവർത്തിക്കുന്നതെന്നും കഴിഞ്ഞ 10 വർഷത്തിനിടയിൽ 10 ലക്ഷത്തിലേറെ നിയമനങ്ങൾ നടത്തിയിട്ടുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു. ഈ ഭരണഘടനാ സ്ഥാപനത്തെ തകർക്കാനാണ് ഗവർണറും യു.ഡി.എഫ് സർക്കാരും ശ്രമിക്കുന്നത്. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ ഒരു ഭരണഘടനാ സ്ഥാപനത്തെ ആകെ തകർക്കാതെ, അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ മാത്രം കർശന നടപടിയെടുക്കുകയാണ് വേണ്ടതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് കൂട്ടിച്ചേർത്തു.

Recommendation to Dismiss PSC: CPM Demands CM VD Satheesan Clarify Stance on Ex-Governor’s Action

Also Read

More Stories from this section

family-dental
witywide