പ്രസ്ഥാനം ഏൽപ്പിച്ചത് വലിയ ഉത്തരവാദിത്തം; എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകും, ഇതൊരു നിയോഗം: സന്തോഷം പങ്കുവെച്ച് വി.ഡി. സതീശൻ

തിരുവനന്തപുരം: പാർട്ടിയും മുന്നണിയും തന്നെ ഏൽപ്പിച്ചിരിക്കുന്നത് വളരെ വലിയ ഉത്തരവാദിത്തമാണെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ. ഹൈക്കമാൻഡ് തീരുമാനം പ്രഖ്യാപിച്ചതിന് പിന്നാലെ തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്നെ ഈ പദവിയിലേക്ക് നിർദ്ദേശിച്ച കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരുൾപ്പെടെയുള്ള കേന്ദ്ര നേതൃത്വത്തിന് അദ്ദേഹം നന്ദി അറിയിച്ചു.

ഈ പദവിയെ താൻ ഒരു വ്യക്തിപരമായ നേട്ടമായി കാണുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതൊരു വലിയ ദൈവിക നിയോഗമായാണ് കരുതുന്നത്. ഒരൊറ്റ വ്യക്തിക്ക് മാത്രമായി ഒന്നും ചെയ്യാൻ സാധിക്കില്ല. ഒരു ‘ടീം’ ആയി മാത്രമേ ലക്ഷ്യങ്ങൾ കൈവരിക്കാനാകൂ. അതിനാൽ മുന്നോട്ടുള്ള പ്രയാണത്തിൽ എല്ലാവരെയും ഒരുമിച്ച് നിർത്തിക്കൊണ്ടുള്ള കൂട്ടായ പ്രവർത്തനമായിരിക്കും കാഴ്ചവെക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു പുതിയ യുഗവും ‘പുതിയ കേരളവും’ കെട്ടിപ്പടുക്കുകയാണ് തൻ്റെ ലക്ഷ്യം. നിലവിൽ സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി വളരെ പരിതാപകരമാണ്. എന്നാൽ കൃത്യമായ ആസൂത്രണത്തിലൂടെയും കൂട്ടായ ശ്രമങ്ങളിലൂടെയും ഈ പ്രതിസന്ധിയെ മറികടക്കാൻ സാധിക്കുമെന്ന പൂർണ്ണ പ്രതീക്ഷയുണ്ടെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പ്രത്യാശ പ്രകടിപ്പിച്ചു.

എ.ഐ.സി.സി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച കെ.സി. വേണുഗോപാലിനും ഒപ്പം നിന്ന മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയ്ക്കും അദ്ദേഹം പ്രത്യേകം നന്ദി രേഖപ്പെടുത്തി. ഗവർണറെ കാണുന്നതുമായി ബന്ധപ്പെട്ട അടുത്ത ഘട്ട നടപടികൾ പാർട്ടിയുമായും യു.ഡി.എഫിലെ മറ്റ് ഘടകകക്ഷി നേതാക്കളുമായും ആലോചിച്ച ശേഷം ഉടൻ തീരുമാനിക്കുമെന്നും വി.ഡി. സതീശൻ അറിയിച്ചു. ജനങ്ങളുടെ പ്രതീക്ഷകൾ പൂർണ്ണമായി നിറവേറ്റാൻ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയും അദ്ദേഹം അഭ്യർത്ഥിച്ചു.

” ജനറൽ സെക്രട്ടറിയെന്ന നിലയിൽ കെ.സി. വേണുഗോപാലും രമേശ് ചെന്നിത്തലയും വലിയ പിന്തുണയാണ് നൽകിയത്. എന്റെ നേതാവാണ് രമേശ് ചെന്നിത്തല. ദീപാദാസ് മുൻഷി ഉൾപ്പെടെയുള്ളവർ ക്യാംപ് ചെയ്താണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. കേരളം നേരിടുന്ന വെല്ലുവിളികളെ ചെറുക്കാൻ ഒരുമിച്ചു നിൽക്കണം. പുതുയുഗം സൃഷ്ടിക്കാൻ എല്ലാവരും ചേർന്ന പ്രവർത്തനത്തിനേ കഴിയൂ. ഒരാൾക്ക് ഒറ്റയ്ക്ക് ഒന്നും ചെയ്യാൻ പറ്റില്ല. ടീമായി പ്രവർത്തിക്കണം. എല്ലാവരോടും ഹൃദയം നിറഞ്ഞ നന്ദിയും അറിയിക്കുന്നു. പ്രഖ്യാപനം നീണ്ടതിൽ നാണക്കേടില്ല. ഇതൊക്കെ നടപടിക്രമങ്ങളാണ്. എല്ലാവരുമായി ആശയവിനിമയം നടത്തിയാണ് പാർട്ടി മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്.”- സതീശൻ്റെ വാക്കുകൾ.

Chief Minister-designate V.D. Satheesan says the party and the front have entrusted him with a very big responsibility.

More Stories from this section

family-dental
witywide