
തിരുവനന്തപുരം: മാധ്യമങ്ങളോട് മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രതികരിക്കുന്നതിന് പുതിയ ക്രമീകരണങ്ങൾ ഏർപ്പെടുത്തി അദ്ദേഹത്തിന്റെ ഓഫിസ് ഉത്തരവിറക്കി. മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതുപരിപാടികളിലും ഔദ്യോഗിക ചടങ്ങുകളിലും ദൃശ്യമാധ്യമങ്ങൾ പ്രതികരണത്തിനായി കൂട്ടത്തോടെ സമീപിക്കുന്ന പശ്ചാത്തലത്തിലാണ് ഈ പുതിയ തീരുമാനമെന്നാണ് വിശദീകരണം.
ഇനിമുതൽ എല്ലാ ബുധനാഴ്ചകളിലും നടക്കുന്ന മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ട് ഔദ്യോഗികമായി കാര്യങ്ങൾ വിശദീകരിക്കും. ഇതുകൂടാതെ അടിയന്തര സാഹചര്യങ്ങളിൽ മാധ്യമങ്ങളോട് പ്രതികരിക്കേണ്ടി വരികയാണെങ്കിൽ, അത് മുൻകൂട്ടി മാധ്യമപ്രവർത്തകരെ അറിയിക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കിയിട്ടുണ്ട്.
മുഖ്യമന്ത്രി എത്തുന്നിടത്തെല്ലാം മാധ്യമങ്ങൾ പ്രതികരണത്തിനായി വളയുന്നതും, അദ്ദേഹം പ്രതികരിക്കാതെ പോകുമ്പോൾ അത് വലിയ രീതിയിൽ വാർത്തയാക്കപ്പെടുന്നതും ഒഴിവാക്കാനാണ് പുതിയ ക്രമീകരണമെന്നാണ് സൂചന. എന്നാൽ അപ്രതീക്ഷിതമായ മാധ്യമക്കൂട്ടങ്ങളെ നിയന്ത്രിക്കാനാണ് ഈ നടപടിയെന്ന് മുഖ്യമന്ത്രിയുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.
സിഎംആർഎൽ മേധാവി എസ്.എൻ.ശശിധരൻ കർത്തായിൽനിന്നു വി.ഡി.സതീശൻ പണം വാങ്ങിയെന്ന് ബിജെപി നേതാവ് ഷോൺ ജോർജ് കഴിഞ്ഞയാഴ്ച ആരോപിച്ചതിനു പിന്നാലെ മാധ്യമപ്രവർത്തകർ പ്രതികരണത്തിനായി സതീശനെ സമീപിച്ചിരുന്നു. പ്രതികരണത്തിനായി മാധ്യമപ്രവർത്തകർ തിക്കിത്തിരക്കിയത് ശ്രദ്ധയിൽപെട്ടതോടെയാണു മുഖ്യമന്ത്രിയുടെ സുരക്ഷ ശക്തമാക്കണമെന്ന് ഇന്റലിജൻസ് വിഭാഗം വിലയിരുത്തിയത്.
Chief Minister to hold press conferences only once a week from now on.














