അച്ഛന്‍റെ പേര് പറഞ്ഞാൽ എന്താണ് കുഴപ്പമെന്ന് മുഖ്യമന്ത്രി, ‘മേനോൻ’ വിവാദത്തിൽ പ്രതികരണം വൈകാരികം; അമ്മയുടെ പേക് പറയാത്തതിൽ സങ്കടം

തിരുവനന്തപുരം: സത്യപ്രതിജ്ഞാ ചടങ്ങില്‍ ജാതിപ്പേര് ഉപയോഗിച്ചെന്ന വിമര്‍ശനങ്ങള്‍ക്കെതിരെ വൈകാരിക പ്രതികരണവുമായി മുഖ്യമന്ത്രി വി ഡി സതീശന്‍. അച്ഛന്റെ പേര് പറയാനാണ് പൂര്‍ണനാമം വായിച്ചതെന്നും, അമ്മയെ മനസില്‍ ഓര്‍ത്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അമ്മയുടെ പേര് പറയാനുള്ള അവസരം അവിടെ ഉണ്ടായിരുന്നില്ലെന്നും, ഉണ്ടായിരുന്നെങ്കില്‍ അതും പറഞ്ഞേനെയെന്നും സതീശന്‍ വ്യക്തമാക്കി. “അച്ഛന്റെയും അമ്മയുടെയും പേര് പറയുന്നത് അഭിമാനകരമായ കാര്യമാണ്. നമ്മള്‍ അവരെ ഓര്‍ക്കണ്ടേ? അത് നമുക്ക് സന്തോഷമല്ലേ?” മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.

അച്ഛന്റെ പേര് പറഞ്ഞതില്‍ എന്താണ് തെറ്റെന്ന് ചോദിച്ച സതീശന്‍, “അത് അദ്ദേഹത്തിന്റെ പേരാണ്. അമ്മയുടെ പേര് കൂടി പറയാനാകാത്തതിലാണ് എനിക്ക് വിഷമം. ഞാന്‍ എംഎല്‍എ ആകുന്നതിന് മുമ്പേ ഇരുവരും മരിച്ചിരുന്നു,” എന്നും പറഞ്ഞു. ഔദ്യോഗിക രേഖകളിലുള്ള പൂര്‍ണനാമമാണ് സത്യപ്രതിജ്ഞയില്‍ ഉപയോഗിച്ചതെന്നും, സാധാരണ അങ്ങനെയാണ് ചെയ്യാറുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. “പാസ്‌പോര്‍ട്ടിലുമെല്ലാം അതേ പേരല്ലേ?” എന്നും അദ്ദേഹം ചോദിച്ചു.

മുഖ്യമന്ത്രി സത്യപ്രതിജ്ഞയ്ക്കിടെ “വടശ്ശേരി ദാമോദര മേനോന്‍ സതീശന്‍” എന്ന പൂര്‍ണനാമം ഉപയോഗിച്ചതോടെയാണ് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനങ്ങള്‍ ശക്തമായത്. കോണ്‍ഗ്രസ് നേതാക്കളടക്കമുള്ളവര്‍ വിഷയത്തില്‍ പരസ്യമായി വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. 2021 മെയ് 24ന് എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ “വി ഡി സതീശന്‍ എന്ന ഞാന്‍” എന്നായിരുന്നു അദ്ദേഹം ഉപയോഗിച്ചിരുന്നത്. എന്നാല്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ “വടശ്ശേരി ദാമോദര മേനോന്‍ സതീശന്‍ എന്ന ഞാന്‍” എന്നാണ് പറഞ്ഞത്. ഇതുവരെ ഉപയോഗിക്കാത്ത ജാതിസൂചനയുള്ള പേര് ഇപ്പോള്‍ പൊതുവേദിയില്‍ പ്രഖ്യാപിച്ചതും, ചടങ്ങില്‍ പതിവ് സെക്യുലര്‍ വരികള്‍ക്ക് പകരം “വന്ദേ ഭാരതം” പരാമര്‍ശിച്ചതുമെല്ലാം മുന്‍നിലപാടുകളോട് വിരുദ്ധമാണെന്ന വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്.

More Stories from this section

family-dental
witywide