സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ വൻ പ്രഖ്യാപനം; തമിഴ്‌നാട്ടിൽ 717 മദ്യശാലകൾ പൂട്ടാൻ മുഖ്യമന്ത്രി വിജയ് ഉത്തരവിട്ടു

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ ജനപ്രിയ പ്രഖ്യാപനങ്ങളുമായി സി. ജോസഫ് വിജയ്. സംസ്ഥാനത്തെ 717 ടാസ്മാക് (TASMAC) മദ്യശാലകൾ അടിയന്തരമായി അടച്ചുപൂട്ടാൻ മുഖ്യമന്ത്രി ഉത്തരവിട്ടു. ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബസ് സ്റ്റാൻഡുകൾ എന്നിവയുടെ 500 മീറ്റർ പരിധിയിൽ പ്രവർത്തിക്കുന്ന ഷോപ്പുകളാണ് പൂട്ടുന്നത്. രണ്ടാഴ്ചയ്ക്കുള്ളിൽ ഈ മദ്യശാലകളുടെ പ്രവർത്തനം അവസാനിപ്പിക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് അദ്ദേഹം നിർദ്ദേശം നൽകി.

നിലവിൽ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന 4,765 റീട്ടെയിൽ ഷോപ്പുകളിൽ നിന്നാണ് നിബന്ധനകൾ ലംഘിച്ച മദ്യശാലകൾ കണ്ടെത്തിയത്. ഇതിൽ 276 എണ്ണം ആരാധനാലയങ്ങൾക്ക് സമീപവും, 186 എണ്ണം സ്കൂൾ-കോളേജുകൾക്ക് അടുത്തും, 255 എണ്ണം ബസ് സ്റ്റാൻഡുകൾക്ക് സമീപവുമാണ് പ്രവർത്തിച്ചിരുന്നത്.

മദ്യശാലകൾ പൂട്ടുന്നതിനോടൊപ്പം സാധാരണക്കാർക്ക് ആശ്വാസമാകുന്ന മറ്റ് നാല് സുപ്രധാന ഫയലുകളിലും മുഖ്യമന്ത്രി ഒപ്പുവെച്ചു. ഗാർഹിക ഉപഭോക്താക്കൾക്ക് പ്രതിമാസം 200 യൂണിറ്റ് സൗജന്യ വൈദ്യുതി, സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ തടയാൻ പ്രത്യേക പൊലീസ് സേന, മയക്കുമരുന്ന് മാഫിയയെ അടിച്ചമർത്താൻ പ്രത്യേക വിരുദ്ധ യൂണിറ്റുകൾ, സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് സാമ്പത്തിക സഹായം എന്നിങ്ങനെയുള്ള വിഷയങ്ങളിലാണ് മുഖ്യമന്ത്രി ആദ്യം തീരുമാനമെടുത്തത്.

തമിഴ് സിനിമാ ലോകത്ത് നിന്ന് രാഷ്ട്രീയത്തിലേക്കിറങ്ങിയ വിജയ്‌യുടെ ഈ നീക്കം വലിയ ആവേശത്തോടെയാണ് ആരാധകരും പൊതുജനങ്ങളും സ്വീകരിച്ചിരിക്കുന്നത്. ലഹരി വിമുക്തമായ ഒരു തമിഴ്‌നാടാണ് തൻ്റെ ലക്ഷ്യമെന്ന് അധികാരമേറ്റ ശേഷം അദ്ദേഹം വ്യക്തമാക്കി.

Chief Minister Vijay orders closure of 717 liquor shops in Tamil Nadu

More Stories from this section

family-dental
witywide