തമിഴ്‌നാട്ടിൽ ഗോവധ നിരോധന ഉത്തരവിനെതിരെ വിജയ് സർക്കാരിൻ്റെ നിർണ്ണായക നീക്കം; സുപ്രീം കോടതിയിൽ ഹർജി

ചെന്നൈ: തമിഴ്‌നാട്ടിൽ സമ്പൂർണ ഗോവധ നിരോധനം ഏർപ്പെടുത്തിയ മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ മുഖ്യമന്ത്രി വിജയ്‌യുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. കഴിഞ മെയ് 27-ന് ഹൈക്കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് സർക്കാർ സുപ്രീം കോടതിയിൽ പ്രത്യേക അനുമതി ഹർജി ഫയൽ ചെയ്തു.

ബക്രീദ് ദിനത്തിലോ മറ്റ് ദിവസങ്ങളിലോ സംസ്ഥാനത്ത് പശുക്കളെയോ പശുക്കിടാങ്ങളെയോ അറുക്കാൻ പാടില്ലെന്നായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ ജസ്റ്റിസ് ജി.ആർ. സ്വാമിനാഥൻ, ജസ്റ്റിസ് വി. ലക്ഷ്മീനാരായണൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിൻ്റെ ഉത്തരവ്. 1976-ലെ ഒരു സർക്കാർ ഉത്തരവ് അടിസ്ഥാനമാക്കിയായിരുന്നു ഹൈക്കോടതി ഈ നിരോധനം പ്രഖ്യാപിച്ചത്.

എന്നാൽ, ഹൈക്കോടതി വിധി നിലവിലുള്ള നിയമങ്ങൾക്ക് വിരുദ്ധമാണെന്ന് വിജയ് സർക്കാർ സുപ്രീം കോടതിയിൽ ബോധിപ്പിച്ചു. ‘തമിഴ്‌നാട് മൃഗസംരക്ഷണ നിയമം-1958’ (ഭാഗം 4) അനുസരിച്ച് 10 വയസ്സിന് മുകളിൽ പ്രായമുള്ളതും, പണികൾക്കോ പ്രജനനത്തിനോ ഉപയോഗിക്കാൻ കഴിയാത്തതുമായ പശുക്കളെ കൃത്യമായ മെഡിക്കൽ സർട്ടിഫിക്കറ്റോടെ അറുക്കാൻ നിയമപരമായ അനുമതിയുണ്ട്. ഈ നിയമചട്ടക്കൂട് നിലനിൽക്കെയാണ് ഹൈക്കോടതി ഏകപക്ഷീയമായി സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്തിയതെന്ന് സർക്കാർ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

അംഗീകൃത അറവുശാലകളിൽ മാത്രമേ കശാപ്പ് നടത്താവൂ എന്ന് ഒരു ഭാഗത്ത് ഉത്തരവിടുമ്പോൾ തന്നെ, മറുഭാഗത്ത് സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്തുന്നത് പരസ്പര വിരുദ്ധമാണെന്നും സർക്കാർ വാദിക്കുന്നു.

ഇന്ദു മക്കൾ കക്ഷി ഭാരവാഹിയായ കെ. സൂര്യ നൽകിയ പൊതുതാത്പര്യ ഹർജിയിലായിരുന്നു ഹൈക്കോടതിയുടെ വിവാദ ഉത്തരവ്. സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചതിന് പിന്നാലെ, തങ്ങളുടെ ഭാഗം കേൾക്കാതെ ഉത്തരവ് പുറപ്പെടുവിക്കരുതെന്ന് ആവശ്യപ്പെട്ട് സൂര്യയും സുപ്രീം കോടതിയിൽ തടസ്സ ഹർജി (Caveat) ഫയൽ ചെയ്തിട്ടുണ്ട്.

തമിഴ്‌നാട്ടിലെ ലക്ഷക്കണക്കിന് വരുന്ന കന്നുകാലി വ്യാപാരികളുടെയും കർഷകരുടെയും ഉപജീവനമാർഗ്ഗത്തെയും വലിയൊരു വിഭാഗം ജനങ്ങളുടെ ഭക്ഷണ സ്വാതന്ത്ര്യത്തെയും ബാധിക്കുന്ന വിഷയമായതിനാലാണ് വിജയ് സർക്കാർ ഈ കേസിൽ അടിയന്തരമായി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ സുപ്രീം കോടതി ഈ ഹർജി പരിഗണിക്കും.

Vijay government’s decisive move against cow slaughter ban order in Tamil Nadu; Petition filed in Supreme Court

Also Read

More Stories from this section

family-dental
witywide