
ചെന്നൈ: തമിഴ്‌നാട്ടിലെ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ രാഷ്ട്രീയ പാർട്ടി പ്രവർത്തകർക്കും സ്വകാര്യ വ്യക്തികൾക്കും കർശന പ്രവേശന വിലക്കേർപ്പെടുത്തി മുഖ്യമന്ത്രി വിജയ്‌യുടെ നേതൃത്വത്തിലുള്ള സർക്കാർ ഉത്തരവിറക്കി. സ്‌കൂളുകൾ പഠനത്തിന് മാത്രമുള്ളതാണെന്നും രാഷ്ട്രീയ പ്രവർത്തനങ്ങൾക്കുള്ളതല്ലെന്നും വ്യക്തമാക്കിക്കൊണ്ട് തമിഴ്‌നാട് സ്‌കൂൾ വിദ്യാഭ്യാസ വകുപ്പ് മന്ത്രി എ. രാജ്‌മോഹൻ ആണ് പുതിയ സർക്കുലർ പുറത്തിറക്കിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിഷ്പക്ഷതയും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത നടപടികളാണ് പുതിയ നിർദ്ദേശത്തിലൂടെ സർക്കാർ മുന്നോട്ട് വെക്കുന്നത്.
പുതിയ പരിഷ്കാരങ്ങളുടെ ഭാഗമായി രാഷ്ട്രീയ പാർട്ടി പ്രവർത്തകർക്കും മറ്റ് സ്വകാര്യ സംഘടനകൾക്കും ക്ലാസ് മുറികളിലോ സ്കൂൾ പരിസരത്തോ പ്രവേശിക്കുന്നതിന് പൂർണ്ണ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഔദ്യോഗിക സർക്കാർ പരിപാടികളിൽ പങ്കെടുക്കുന്ന തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് (എം.എൽ.എ, എം.പിമാർ) മാത്രമേ ഇനി മുതൽ സ്‌കൂളുകളിൽ പ്രവേശനം അനുവദിക്കൂ. രാഷ്ട്രീയ നേതാക്കളുടെയോ സ്വകാര്യ വ്യക്തികളുടെയോ ജന്മദിനാഘോഷങ്ങളോ മറ്റ് സ്വകാര്യ ചടങ്ങുകളോ സ്കൂളുകളിൽ നടത്താൻ പാടില്ലാത്തതാണ്. കൂടാതെ, നേതാക്കളെ പുകഴ്ത്തുന്ന തരത്തിലുള്ള ബാനറുകൾ, പോസ്റ്ററുകൾ, ചിത്രങ്ങൾ എന്നിവ ക്ലാസ് മുറികളിലോ സ്കൂൾ കോമ്പൗണ്ടിലോ സ്ഥാപിക്കുന്നതിനും കർശന നിരോധനമുണ്ട്. ഈ നിർദ്ദേശങ്ങൾ ലംഘിക്കുന്ന സ്ഥാപന മേധാവികൾക്കും ഉദ്യോഗസ്ഥർക്കുമെതിരെ ശക്തമായ അച്ചടക്ക നടപടിയുണ്ടാകുമെന്നും സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നു.
മുഖ്യമന്ത്രി വിജയ്‌യുടെ ജന്മദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിൻ്റെ പാർട്ടിയായ തമിഴക വെട്രി കഴകം (ടിവികെ) പ്രവർത്തകർ സ്കൂളുകളിൽ കയറി മധുരപലഹാരങ്ങൾ വിതരണം ചെയ്യുകയും കുട്ടികളെക്കൊണ്ട് രാഷ്ട്രീയ മുദ്രാവാക്യങ്ങൾ വിളിപ്പിക്കുകയും ചെയ്തിരുന്നു. ഇതിൻ്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ വലിയ വിമർശനങ്ങൾ ഉയരുകയും വിഷയം മദ്രാസ് ഹൈക്കോടതിയുടെ മുന്നിലെത്തുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് സ്വന്തം പാർട്ടി പ്രവർത്തകരെപ്പോലും തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി വിജയ് കർശനമായ ഉത്തരവ് നടപ്പാക്കാൻ നിർദ്ദേശം നൽകിയത്.
Tamil Nadu government bans politics in schools; bans entry of politicians and private individuals















