
ചെന്നൈ: ഐപിഎൽ മത്സരത്തിനിടെ സ്റ്റേഡിയത്തിലിരുന്ന് ലഹരിമരുന്ന് ഉപയോഗിച്ചെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോക്കെതിരെ കടുത്ത പ്രതിഷേധവുമായി തമിഴക വെട്രി കഴകം (ടിവികെ) നേതാവും തമിഴ്‌നാട് മന്ത്രിയുമായ ഡി. ശരത്കുമാർ. പ്രചരിക്കുന്ന വാർത്തകൾ തീർത്തും വ്യാജമാണെന്നും, തന്റെ ഒന്നര വയസ്സുള്ള മകൾക്ക് നൽകാൻ വേണ്ടി ഡോക്ടറുടെ നിർദ്ദേശപ്രകാരം ഗുളിക പൊടിക്കുന്ന ദൃശ്യങ്ങളാണ് തെറ്റായ രീതിയിൽ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
രണ്ട് വർഷം മുമ്പ് കുടുംബത്തോടൊപ്പം ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഐപിഎൽ മത്സരം കാണാൻ പോയപ്പോഴുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ വിവാദമാക്കിയിരിക്കുന്നത്. അന്ന് തൻ്റെ ഒന്നര വയസ്സുള്ള മകൾക്ക് കടുത്ത പനിയും ജലദോഷവും ഉണ്ടായിരുന്നു. കുഞ്ഞിന് ഗുളിക നേരിട്ട് വിഴുങ്ങാൻ ബുദ്ധിമുട്ടായതിനാൽ, മൊബൈൽ സ്‌ക്രീനിൽ ബാങ്ക് കാർഡ് ഉപയോഗിച്ച് ഗുളിക പൊടിച്ച് വെള്ളത്തിൽ കലക്കി നൽകുകയായിരുന്നുവെന്ന് മന്ത്രിയും ഭാര്യയും മാധ്യമങ്ങളോട് പറഞ്ഞു.
ആയിരക്കണക്കിന് കാണികളും കനത്ത പൊലീസ് സുരക്ഷയുമുള്ള ഒരു പൊതുവേദിയിലിരുന്ന് ആരെങ്കിലും പരസ്യമായി ലഹരിമരുന്ന് ഉപയോഗിക്കുമോ എന്നും അദ്ദേഹം ചോദിച്ചു. മുൻപ് മന്ത്രി തന്നെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ തെറ്റായ ക്യാപ്ഷനുകളോടെ പ്രചരിക്കുന്നത്.
തമിഴക വെട്രി കഴകം രാഷ്ട്രീയ പാർട്ടിയുടെ നേതൃത്വത്തിൽ തമിഴ്‌നാട്ടിൽ വലിയ രീതിയിലുള്ള ലഹരിവിരുദ്ധ ക്യാമ്പയിനുകൾ നടക്കുന്ന പശ്ചാത്തലത്തിലാണ് ഈ വീഡിയോ വീണ്ടും ചർച്ചയാകുന്നത്. മുഖ്യമന്ത്രി വിജയ് ലഹരിവിരുദ്ധ മാരത്തൺ ഫ്ലാഗ് ഓഫ് ചെയ്ത അതേ ദിവസം തന്നെ ഈ വീഡിയോ വൈറലായതിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് ടിവികെ ആരോപിച്ചു. പാർട്ടിയുടെയും മന്ത്രിയുടെയും പ്രതിച്ഛായ തകർക്കാൻ ഡിഎംകെ മനഃപൂർവം നടത്തുന്ന നീക്കമാണിതെന്ന് ടിവികെ അണികൾ കുറ്റപ്പെടുത്തി.
അതേസമയം, വിഷയത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും മന്ത്രിയെ സ്ഥാനത്തുനിന്ന് നീക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിട്ടുണ്ട്. ലഹരിമരുന്ന് മാഫിയക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
TVK Minister D. Sarathkumar strongly protests against the video circulating on social media showing him using drugs in the stadium during an IPL match.















