കേരളത്തിൽ പുതിയ മുഖ്യമന്ത്രിയെ സംബന്ധിച്ച തീരുമാനം വൈകുന്ന പശ്ചാത്തലത്തിൽ, സംസ്ഥാനത്തെ വിവിധ ഭരണ-വികസന പ്രവർത്തനങ്ങളും ദുരന്തനിവാരണ ഒരുക്കങ്ങളും വിലയിരുത്തുന്നതിനായി ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിന്റെ അധ്യക്ഷതയിൽ സെക്രട്ടേറിയറ്റിൽ ഉന്നതതല യോഗം ചേർന്നു. ജൂൺ ഒന്നിന് സ്കൂളുകൾ തുറക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ യോഗം വിശദമായി ചർച്ച ചെയ്തു. മെയ് 31-നകം പാഠപുസ്തകങ്ങളുടെയും യൂണിഫോമുകളുടെയും വിതരണം പൂർത്തിയാക്കാനും സ്കൂളുകളുടെ സുരക്ഷാ പരിശോധനകളിൽ വിട്ടുവീഴ്ചയില്ലാതെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റുകൾ ഉറപ്പാക്കാനും ചീഫ് സെക്രട്ടറി നിർദ്ദേശം നൽകി.
മൺസൂൺ മുന്നൊരുക്കങ്ങളുടെ ഭാഗമായി പ്രളയ പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഓരോ ജില്ലയ്ക്കും ഒരു കോടി രൂപ വീതം അനുവദിക്കാൻ തീരുമാനിച്ചു. മലപ്പുറം മങ്കടയിലുണ്ടായ മിന്നലപകടത്തിൽ അനുശോചനം രേഖപ്പെടുത്തിയ യോഗം, മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള സഹായധനം അടിയന്തരമായി വിതരണം ചെയ്യാൻ നിർദ്ദേശിച്ചു. ഇടുക്കി, വയനാട് ജില്ലകൾക്കായി പുതുക്കിയ അപകടസാധ്യതാ ഭൂപടങ്ങൾ കൈമാറി. പാമ്പുകടി പ്രതിരോധത്തിനായി ‘സർപ്പ’ ആപ്പിന്റെ പ്രചാരണം ശക്തമാക്കാനും വിക്ടേഴ്സ് ചാനൽ വഴി ബോധവൽക്കരണം നടത്താനും യോഗത്തിൽ തീരുമാനമായി.
പൊതുജനങ്ങളെ എൽപിജിയിൽ നിന്ന് പൈപ്പ്ഡ് നാച്ചുറൽ ഗ്യാസിലേക്ക് (പിഎൻജി) മാറ്റുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകി. ദേശീയപാത വികസനത്തിലെ അവസാനഘട്ട പ്രവൃത്തികളും സെൻസസ് മുന്നൊരുക്കങ്ങളും യോഗം വിലയിരുത്തി. അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ ഖോബ്രഗഡെ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും ജില്ലാ കളക്ടർമാരും പങ്കെടുത്ത യോഗം, ഭരണസ്തംഭനം ഒഴിവാക്കി അവശ്യ സേവനങ്ങൾ കൃത്യസമയത്ത് ഉറപ്പാക്കണമെന്ന് കർശന നിർദ്ദേശം നൽകി.
Chief Secretary Chairs High-Level Meet to Review Monsoon Preparedness and School Reopening














