
ചിറയിൻകീഴിൽ കോൺഗ്രസ് നേതാക്കൾ തമ്മിലുണ്ടായ അടിപിടിയിലും പരസ്യമായ തമ്മിലടിയിലും കർശന നടപടിയുമായി കെ.പി.സി.സി. എം.എൽ.എ രമ്യാ ഹരിദാസിന്റെ കൂടെയുണ്ടായിരുന്ന പാളയം പ്രദീപിനെയും, പ്രശ്നമുണ്ടായ വീടിന്റെ ഉടമയും പ്രാദേശിക നേതാവുമായ എസ്. സജാദിനെയും പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. പൊതുജനമധ്യത്തിൽ പാർട്ടിക്ക് കടുത്ത അവമതിപ്പുണ്ടാക്കുന്ന രീതിയിൽ ഗുരുതരമായ അച്ചടക്കലംഘനം നടത്തിയെന്ന കെ.പി.സി.സി അന്വേഷണ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് ഇരുവരെയും സസ്പെൻഡ് ചെയ്തത്.
വിഷയത്തിൽ വിശദമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിനായി കെ.പി.സി.സി മുൻ അധ്യക്ഷൻ എം.എം. ഹസൻ അധ്യക്ഷനായ മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ രമണി പി. നായർ, നെയ്യാറ്റിൻകര സനൽ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. ഇതിനിടെ, സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. രമ്യാ ഹരിദാസ് എം.എൽ.എയുടെ പരാതിയിൽ ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പലം, സജാദ് എന്നിവരുൾപ്പെടെ ഏഴുപേർക്കെതിരെ എസ്‌സി/എസ്ടി അതിക്രമ നിരോധന നിയമം അടക്കമുള്ള ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
അതേസമയം, എം.എൽ.എയും സഹായിയും വീടുകയറി ആക്രമിച്ചെന്ന എതിർചേരിയുടെ ആരോപണത്തിൽ വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച് കേസെടുക്കുമെന്നാണ് പോലീസ് നിലപാട്. പാളയം പ്രദീപുമായി ബന്ധപ്പെട്ട തർക്കങ്ങളും പാർട്ടിയുടെ വാട്സ്ആപ്പ് ഗ്രൂപ്പിലെ പോസ്റ്റുകളുമാണ് സജാദിന്റെ വീട്ടിൽ വെച്ചുണ്ടായ കയ്യാങ്കളിയിലേക്ക് നയിച്ചത്. ആസൂത്രിതമായ അക്രമമാണ് നടന്നതെന്ന് രമ്യ ഹരിദാസ് ആരോപിക്കുമ്പോൾ, പ്രശ്നങ്ങൾക്കെല്ലാം കാരണം പാളയം പ്രദീപിന്റെ അനാവശ്യ ഇടപെടലുകളാണെന്നാണ് മറുവിഭാഗം വാദിക്കുന്നത്.
Chirayinkeezhu Congress Altercation: KPCC Suspends Palayam Pradeep and S Sajjad Over Disciplinary Violation















