
പാർട്ടിക്കുണ്ടാകുന്ന തിരിച്ചടികളുടെയും വീഴ്ചകളുടെയും ഉത്തരവാദിത്തം നേതാക്കൾ തന്നെ നേരിട്ട് ഏറ്റെടുക്കണമെന്ന് നിർദ്ദേശിക്കുന്ന സി.പി.എം രേഖ തയ്യാറാകുന്നു. വീഴ്ചകളുണ്ടായാൽ അതിന്റെ ഉത്തരവാദിത്തം കമ്മിറ്റികളുടെ മേൽ മാത്രം ചാരുന്ന രീതി അവസാനിപ്പിക്കണമെന്ന നിർദ്ദേശമാണ് കോഴിക്കോട് ചേരുന്ന വിശാല സംസ്ഥാന സമിതിയിൽ അവതരിപ്പിക്കാനുള്ള രേഖയിലുള്ളത്. രേഖയുടെ കരട് അന്തിമമാക്കുന്നതിനായി നാളെ സംസ്ഥാന സമിതി യോഗം ചേരും.
കമ്മിറ്റികളിൽ എടുക്കുന്ന തീരുമാനങ്ങൾ പാളിയാൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്തം ആ തീരുമാനം മുന്നോട്ടുവെച്ച നേതാവിനായിരിക്കും. കമ്മിറ്റി ഒന്നാകെ തീരുമാനം അംഗീകരിച്ചിരുന്നുവെന്ന ന്യായം ഇനിമുതൽ അംഗീകരിക്കപ്പെടില്ലെന്നാണ് പാർട്ടി നൽകുന്ന സൂചന. മുൻപ് തളിപ്പറമ്പിൽ പി.കെ. ശ്യാമള പരാജയപ്പെട്ടപ്പോൾ സ്ഥാനാർത്ഥിയെ നിശ്ചയിച്ചത് ജില്ലാ കമ്മിറ്റിയാണെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ന്യായീകരിച്ചിരുന്നു.
ജനങ്ങളോട് നേതാക്കളും അണികളും വിനയത്തോടെ പെരുമാറണമെന്നും പൊതുവേദികളിലെ പ്രസംഗങ്ങൾ കാര്യമാത്രപ്രസക്തമായിരിക്കണമെന്നും വിശാല സംസ്ഥാന സമിതിക്കുള്ള രേഖയിൽ വ്യക്തമായി നിർദ്ദേശിക്കുന്നുണ്ട്. അടുത്ത ആഴ്ച കോഴിക്കോട്ടാണ് വിശാല സംസ്ഥാന സമിതി യോഗം ചേരുന്നത്.
‘Be Humble, Leaders Must Take Responsibility for Failures’: CPM Document Issues Strict Directives













