
ഡൽഹി ശ്രീറാം കോളേജ് ഓഫ് കൊമേഴ്സിൽ വിദ്യാർത്ഥികളോട് ജെൻസി ഭാഷയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചതിന് പിന്നാലെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബീഹാറിൽ പോലീസ് വെടിവെയ്പിന് ഇരയായ വിദ്യാർത്ഥികളുമായി സംസാരിക്കുന്ന പുതിയ വീഡിയോ പങ്കുവെച്ചാണ് രാഹുൽ ഗാന്ധി രംഗത്തെത്തിയത്. എ.കെ 47 തോക്കിലൂടെ തകർത്ത വിദ്യാർത്ഥികളുടെ സ്വപ്നങ്ങൾ തിരികെ നൽകാൻ പ്രധാനമന്ത്രിക്ക് ആകുമോയെന്ന് രാഹുൽ ചോദിച്ചു.
ജന്തർമന്തറിലെ സി.ജെ.പി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബീഹാറിൽ നടന്ന പ്രക്ഷോഭത്തിന് നേരെ ഉണ്ടായ പോലീസ് വെടിവെപ്പിൽ പരിക്കേറ്റ വിദ്യാർത്ഥികളാണ് രാഹുലുമായി സംസാരിച്ചത്. തോളിനും കാലിനും പരിക്കേറ്റ വിദ്യാർത്ഥികൾ സംഭവത്തെക്കുറിച്ചും ചികിത്സ വൈകിയതിനെക്കുറിച്ചും വിശദീകരിച്ചു. പരിക്കേറ്റ വിദ്യാർത്ഥികൾക്ക് ആവശ്യമായ നിയമനടപടികളിൽ ഒപ്പമുണ്ടാകുമെന്ന് രാഹുൽ ഗാന്ധി ഉറപ്പുനൽകി.
അതേസമയം, പ്രസംഗത്തിൽ ‘ദിമാഗി നക്സൽ’ പ്രയോഗം ആവർത്തിച്ച പ്രധാനമന്ത്രിക്കെതിരെ കോക്ക് റോച്ച് ജനത പാർട്ടിയും (സി.ജെ.പി) കോൺഗ്രസും വിമർശനം കടുപ്പിച്ചു. വിദ്യാർത്ഥി പ്രതിഷേധം ഭയന്നാണ് മോദി രാത്രിയിൽ പ്രസംഗിക്കാൻ പോയതെന്നും രാഹുൽ ഗാന്ധിയെ അനുകരിക്കാനാണ് ശ്രമിക്കുന്നതെന്നും കോൺഗ്രസ് പരിഹസിച്ചു. ചോദ്യങ്ങൾ ചോദിക്കുന്ന തലമുറയെ നക്സലുകളായി ചിത്രീകരിക്കുന്നത് നാണംകെട്ട പ്രവൃത്തിയാണെന്ന് സി.ജെ.പിയും കുറ്റപ്പെടുത്തി.
Rahul Gandhi and CJP Attack PM Modi Over SRCC Speech, Raise Bihar Police Firing Issue










