
മോസ്കോ/കീവ്: റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി മോസ്കോയിൽ നടത്തിയ ദീർഘമായ ചർച്ചകൾക്ക് ശേഷം യുഎസ് പ്രതിനിധി സംഘം ഇന്ന് (ഞായറാഴ്ച) യുക്രെയ്ൻ തലസ്ഥാനമായ കീവിലെത്തും. റഷ്യ-ഉക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര നീക്കങ്ങൾ അമേരിക്ക വീണ്ടും ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ സന്ദർശനം. അമേരിക്കൻ പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്‌കോഫും ട്രംപിന്റെ മരുമകൻ ജാരെഡ് കുഷ്‌നറും അടങ്ങുന്ന സംഘം ശനിയാഴ്ച ഉച്ചതിരിഞ്ഞ് ക്രെംലിനിൽ വെച്ച് പുടിനുമായി മൂന്ന് മണിക്കൂറോളം ചർച്ച നടത്തി. കൂടിക്കാഴ്ചയ്ക്ക് ശേഷം റഷ്യൻ പ്രസിഡന്റിനൊപ്പം ഇവർ അത്താഴവിരുന്നിലും പങ്കെടുത്തതായി ക്രെംലിൻ വക്താക്കൾ അറിയിച്ചു.
ചർച്ചകൾ ഫലപ്രദമായിരുന്നുവെന്നും അമേരിക്കൻ സംഘം വളരെ ഗൗരവത്തോടെയാണ് സന്ദർശനത്തെ സമീപിച്ചതെന്നും ക്രെംലിൻ ഉപദേഷ്ടാവ് യൂറി ഉഷാക്കോവ് പ്രതികരിച്ചു. യുദ്ധം എത്രയും വേഗം അവസാനിപ്പിക്കാൻ അമേരിക്ക ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കിയ പ്രതിനിധികൾ, സമാധാനപരമായ പരിഹാരത്തിനായുള്ള നിർദ്ദേശങ്ങളും മുന്നോട്ടുവെച്ചു. റഷ്യൻ പ്രസിഡന്റിൽ നിന്ന് നേരിട്ട് ലഭിച്ച നിരീക്ഷണങ്ങളും വിലയിരുത്തലുകളും ഞായറാഴ്ച യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുമായി നടത്തുന്ന ചർച്ചയിൽ പ്രതിഫലിക്കുമെന്ന് അമേരിക്കൻ സംഘം ഉറപ്പുനൽകിയതായി ഉഷാക്കോവ് കൂട്ടിച്ചേർത്തു.
വരും ആഴ്ചകളിൽ പ്രഖ്യാപിക്കാനിരിക്കുന്ന തുടർനടപടികളെക്കുറിച്ചുള്ള സമഗ്രമായ പദ്ധതികൾ ഇരുപക്ഷവും ചർച്ച ചെയ്തതായി വൈറ്റ് ഹൗസ് വക്താവും വ്യക്തമാക്കി. യുദ്ധം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് യുഎസ് പ്രതിനിധികൾ കൈവ് സന്ദർശിക്കുന്നത്. കഴിഞ്ഞദിവസം ഉക്രെയ്ൻ സെക്യൂരിറ്റി സർവ്വീസിന്റെ ആസ്ഥാനത്തിന് നേരെ നടന്ന ആക്രമണം ഉൾപ്പെടെ, കൈവിൽ റഷ്യൻ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ കടുത്തിരിക്കുന്ന പശ്ചാത്തലത്തിലാണ് ഈ നിർണ്ണായക അമേരിക്കൻ നയതന്ത്ര സന്ദർശനം.










