
ഇറാൻ യുദ്ധാനന്തരം പശ്ചിമേഷ്യയിലെ അമേരിക്കൻ സമീപനത്തെക്കുറിച്ച് വിശാലമായ പദ്ധതി ആവിഷ്‌കരിക്കാൻ യു.എസിലെ ഡൊണാൾഡ് ട്രംപ് ഭരണകൂടം നീക്കം നടത്തുന്നതായി റിപ്പോർട്ട്. പശ്ചിമേഷ്യൻ രാജ്യങ്ങളെ ഉൾപ്പെടുത്തി പ്രാദേശിക സഖ്യം രൂപവത്കരിച്ച് ഇറാനെ വരിഞ്ഞുമുറുക്കുക, അയൽരാജ്യങ്ങളുമായി അടുത്തബന്ധം സ്ഥാപിക്കാൻ ഇസ്രയേലിനുമേൽ സമ്മർദ്ദം ചെലുത്തുക തുടങ്ങിയവയാണ് ഈ പദ്ധതിയുടെ മുഖ്യലക്ഷ്യങ്ങൾ. മുതിർന്ന ഉപദേശകരും വിവിധ സർക്കാർ ഏജൻസികളിലെ ഉദ്യോഗസ്ഥരും ചേർന്നാണ് പദ്ധതി രൂപവത്കരിക്കുന്നത്.
മേഖലയിലെ യു.എസ് സഖ്യകക്ഷികളെ ഇറാനെതിരെ യോജിപ്പിച്ചു നിർത്തുകയും അവർക്ക് സുരക്ഷ ഉറപ്പാക്കുകയും ചെയ്യുക എന്നത് ഇതിന്റെ ഭാഗമാണ്. 2023 ഒക്ടോബർ ഏഴിന് ഇസ്രയേലിന് നേർക്ക് ഹമാസ് നടത്തിയ ആക്രമണത്തെത്തുടർന്നുണ്ടായ സംഘർഷങ്ങൾ പരിഹരിക്കുക, ട്രംപിന്റെ ഗാസാ പദ്ധതിയുമായി മുന്നോട്ടുപോവുക, അബ്രഹാം അക്കോർഡ്സ് വിപുലപ്പെടുത്തി ഇസ്രയേലും സൗദി അറേബ്യയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുക എന്നിവയും പദ്ധതിയിൽ ഉൾപ്പെടുന്നുണ്ട്.
ഒക്ടോബർ 27-ന് ഇസ്രയേൽ തിരഞ്ഞെടുപ്പും നവംബറിൽ യു.എസിന്റെ ഇടക്കാല തിരഞ്ഞെടുപ്പും നടക്കാനിരിക്കെ, ഇസ്രയേലിൽ തിരഞ്ഞെടുക്കപ്പെടുന്ന പുതിയ ഭരണകൂടം ഈ പദ്ധതിയുമായി സഹകരിക്കുമെന്നാണ് ട്രംപിന്റെ ടീം പ്രതീക്ഷിക്കുന്നത്. രാഷ്ട്രീയാന്തരീക്ഷം ശാന്തമാകുന്നതുവരെ കാത്തിരിക്കാതെ, രാഷ്ട്രീയ പ്രതിസന്ധിയുണ്ടാകുന്ന ഫലമാണ് വരുന്നതെങ്കിൽപ്പോലും പദ്ധതി അംഗീകരിക്കാൻ ഇസ്രയേലിനുമേൽ ട്രംപ് സമ്മർദ്ദം ചെലുത്തിയേക്കും. വരും ആഴ്ചകളിൽ പദ്ധതി പൂർണ്ണരൂപത്തിലാകുമെന്നാണ് സൂചന.
US Plans Post-War Regional Alliance to Contain Iran and Boost Israel Ties












