തൃണമൂൽ-കോൺഗ്രസ് ലയന അഭ്യൂഹങ്ങൾക്കിടെ സോണിയയുമായി നിർണായ കൂടിക്കാഴ്ച നടത്തി മമത; ബംഗാളിൽ പ്രതിസന്ധി രൂക്ഷം

ഡൽഹി: പശ്ചിമ ബംഗാളിൽ നേരിട്ട കനത്ത തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പാർട്ടിയിലെ കൂട്ടവിമത നീക്കങ്ങളിൽ പ്രതിസന്ധിയിലായ മുൻ മുഖ്യമന്ത്രി മമത ബാനർജി ഡൽഹിയിൽ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുമായി നിർണ്ണായക കൂടിക്കാഴ്ച നടത്തി. 2021-ന് ശേഷം ആദ്യമായാണ് മമത ബാനർജി 10 ജൻപഥിലെത്തി സോണിയയെ കാണുന്നത്. ബി.ജെ.പി.യുടെ രാഷ്ട്രീയ കരുനീക്കങ്ങളെ ചെറുക്കാൻ തൃണമൂൽ കോൺഗ്രസ് (ടി.എം.സി.) കോൺഗ്രസിൽ ലയിക്കണമെന്ന് ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് ഉൾപ്പെടെയുള്ളവർ പരസ്യമായി ആവശ്യപ്പെടുന്നതിനിടെയാണ് ഈ കൂടിക്കാഴ്ച. എന്നാൽ ലയന സാധ്യതകളെക്കുറിച്ചോ കൂടിക്കാഴ്ചയുടെ യഥാർത്ഥ ലക്ഷ്യത്തെക്കുറിച്ചോ പ്രതികരിക്കാൻ മമത ബാനർജിയോ കോൺഗ്രസ് നേതൃത്വമോ ഇതുവരെ തയ്യാറായിട്ടില്ല.

അതേസമയം, തൃണമൂൽ പാർലമെന്ററി പാർട്ടിയിലെ പിളർപ്പ് ഒഴിവാക്കാനുള്ള മമതയുടെ ശ്രമങ്ങൾ പൂർണ്ണമായി പരാജയപ്പെടുന്ന കാഴ്ചയാണ് ഡൽഹിയിലുള്ളത്. കഴിഞ്ഞദിവസം കൊൽക്കത്തയിൽ മമത വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുത്ത മുൻ ക്രിക്കറ്റ് താരം കൂടിയായ യൂസഫ് പഠാൻ ഉൾപ്പെടെയുള്ള എം.പിമാർ ഡൽഹിയിലെത്തി വിമത പക്ഷത്തിനൊപ്പം ചേർന്നു. അയോഗ്യത മറികടക്കാൻ ആവശ്യമായ 20 എം.പിമാരുടെ പിന്തുണ തങ്ങൾക്കുണ്ടെന്നാണ് വിമതരുടെ അവകാശവാദം. വിമത പക്ഷത്തെ കകോലി ഘോഷ് ദസ്തിദാറിനെ ടി.എം.സി. ചീഫ് വിപ്പായി അംഗീകരിക്കരുതെന്ന് മമത വിഭാഗം ലോക്സഭാ സ്പീക്കറോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ സ്പീക്കറെ നേരിട്ടുകണ്ട് കത്ത് നൽകാനുള്ള നീക്കം വിമതർ താൽക്കാലികമായി നീട്ടിവെച്ചിരിക്കുകയാണ്.

തൃണമൂൽ കോൺഗ്രസിലെ 20 വിമത എം.പിമാർ കൂടി ഒപ്പം ചേർന്നാൽ ലോക്സഭയിൽ ഭരണകക്ഷിയായ എൻ.ഡി.എ.യുടെ അംഗസംഖ്യ 313 ആയി ഉയരും. ഇതിന് പുറമെ വൈ.എസ്.ആർ. കോൺഗ്രസ് അംഗങ്ങളുടെയും സ്വതന്ത്രരുടെയും പിന്തുണ കൂടിയാകുമ്പോൾ എൻ.ഡി.എ. ക്യാമ്പ് കൂടുതൽ ശക്തമാകും. ഇതിനിടെ ഡി.എം.കെയുടെ 22 എം.പിമാരെക്കൂടി ഒപ്പം നിർത്താൻ ബി.ജെ.പി. നീക്കം നടത്തുന്നതായും സൂചനകളുണ്ട്. പുതിയ സെൻസസിന് പകരം 1971-ലെ കണക്കുകൾ അടിസ്ഥാനമാക്കി മണ്ഡല പുനർനിർണ്ണയം നടത്താമെന്ന ഒത്തുതീർപ്പ് വ്യവസ്ഥ ഡി.എം.കെയ്ക്ക് മുന്നിൽ കേന്ദ്രസർക്കാർ വെച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

Mamata Banerjee Meets Sonia Gandhi in Delhi Amid Rumours of TMC-Congress Merger and Rebellion within Party

Also Read

More Stories from this section

family-dental
witywide