കൊച്ചി: സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ വീണ ടി ദുബായിലേക്ക് 85 ലക്ഷം രൂപ കൈമാറിയെന്ന് ഇഡിയുടെ കത്തില്‍ പറയുന്നു. പിണറായി വിജയന്‍ ഉള്‍പ്പടെ ഉള്ളവര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, ഡിജിപിക്ക് നല്‍കിയ കത്തിലാണ് ഈ വിവരങ്ങള്‍ പറയുന്നത്. വീണ സ്വന്തം കൈപ്പടയിലെഴുതിയ പണമിടപാടിന്റെ കുറിപ്പുകളും കത്തിനൊപ്പമുണ്ട്. മുഹമ്മദ് റിയാസിനെതിരെ ഹസന്‍ വാരിസിന്റെ നിര്‍ണായക മൊഴിയുണ്ടെന്നും ഇഡി ഡിജിപിക്ക് അയച്ച 25 പേജുള്ള കത്തില്‍ പറയുന്നു.
2024 ജൂലൈ മുതല്‍ 2025 ജൂലൈ വരെ അഞ്ചുതവണ ഹവാല ഏജന്റായ സുബൈര്‍ കരുവാംപോയില്‍ വഴിയാണ് പണം കടത്തിയതെന്ന് റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴിയുണ്ട്. ഒരു വര്‍ഷ കാലയളവില്‍ ഒരു കോടി 20 ലക്ഷം രൂപ ഇങ്ങനെ കടത്തിയെന്നും ഇഡി കത്തില്‍ പറയുന്നു. ദുബായിലുള്ള ഫൈജാസിന് പണം കൈമാറാനായിരുന്നു നിര്‍ദേശം.
തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ പിണറായി വിജന്റെ വീട്ടില്‍ നടന്ന റെയ്ഡില്‍ പിടിച്ചെടുത്ത ഡയറിയില്‍ പണമിടപാട് വിവരങ്ങള്‍ വ്യക്തമായി കുറിച്ചിട്ടുണ്ടെന്നും ഇ ഡിയുടെ കത്തിൽ പറയുന്നു. റിയാസിന്റെ നിര്‍ദേശ പ്രകാരം ചില ആളുകള്‍ പണം തന്നുവെന്നും ഹസന്‍ വാരിസിന്റെ മൊഴിയിലുണ്ട്. വാരിസിന്റെ മൊബൈല്‍ ഫോണില്‍ നിന്ന് ഹവാല ഇടപാടുകളുടെ വാട്‌സ്ആപ്പ് ചാറ്റുകള്‍ ലഭിച്ചുവെന്നും ഇ ഡി കത്തിലുണ്ട്.
അതേസമയം, ഹവാല ഇടപാടിന് വേണ്ടി 16 അംഗങ്ങളുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയെന്നും ഇഡി കണ്ടെത്തി. വാരിസിന്റെ വാട്സ്ആപ്പ് ചാറ്റുകളിൽ നമ്പറുകൾ സേവ് ചെയ്തത് ഹവാല എന്ന് ചേർത്താണ്. ഗ്രൂപ്പിലെ ഒരു നമ്പര്‍ സേവ് ചെയ്തിരിക്കുന്നത് മിനിസ്റ്റര്‍ റിയാസ് എന്ന പേരിലാണ്. മുന്‍മന്ത്രിയുടെ സ്റ്റാഫ് അംഗങ്ങളും ഗ്രൂപ്പിലുണ്ടെന്നും ഇ ഡി പറയുന്നു. സുബൈര്‍ കരുവാംപൊയിലിന്റെ പേര് ഹവാല ചേര്‍ത്താണ് സേവ് ചെയ്തിരിക്കുന്നതെന്നും ഇ ഡി പറയുന്നു.
എന്നാൽ, ഇ ഡി ഭീഷണിപ്പെടുത്തിയതോടെയാണ് മുഹമ്മദ് റിയാസിനെതിരെ മൊഴി നല്‍കിയതെന്ന ആരോപണവുമായി ഹസന്‍ വാരിസ് രംഗത്തെത്തിയിരുന്നു. തന്റെ മൊഴിയ്ക്ക് നിയമപരമായി സാധുതയില്ലെന്നും മൊഴി പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് ഇ ഡിക്ക് ഹസന്‍ വാരിസ് സത്യവാങ്മൂലം നല്‍കുകയും ചെയ്തിട്ടുണ്ട്. ആഗസ്റ്റ് 18നാണ് ഇ ഡി ചോദ്യം ചെയ്തതെന്നും അതേദിവസം തന്നെ തന്റെ മൊഴി രേഖപ്പെടുത്തി അതില്‍ ഒപ്പ് വെപ്പിച്ചെന്നും ഹസന്‍ വാരിസ് സത്യവാങ്മൂലത്തില്‍ പറയുന്നു. പി എ മുഹമ്മദ് റിയാസില്‍ നിന്നോ അദ്ദേഹത്തിന്റെ ഏതെങ്കിലും ബന്ധുവില്‍ നിന്നോ പണം കൈപ്പറ്റിയിട്ടില്ല.
ഒരുകാലത്തും ഒരാള്‍ക്കും പി എ മുഹമ്മദ് റിയാസിന്റെ നിര്‍ദേശപ്രകാരം പണം കൈമാറിയിട്ടില്ല. എന്നാല്‍ റിയാസിനെതിരെ മൊഴി നല്‍കുകയും പേപ്പറില്‍ ഒപ്പിടുകയും ചെയ്തില്ലെങ്കില്‍ തന്റെ 22 കാരിയായ ഇളയ മകളെ ബുദ്ധിമുട്ടിക്കുമെന്നും നിലവിലെ കേസില്‍ പ്രതിയാക്കുമെന്നും ഇ ഡി ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്ന് ഹസന്‍ വാരിസ് ആരോപിച്ചു.
CMRL-Exalogic financial transaction case; More details have surfaced from the letter sent by the Enforcement Directorate to the DGP














