“AI മനുഷ്യനെ ഇല്ലാതാക്കുമോ? നിയന്ത്രണത്തിനായി ‘കിൽ സ്വിച്ച്’ അനിവാര്യമെന്ന് ആന്ത്രോപിക് സഹസ്ഥാപകൻ

ലണ്ടൻ: നിർമ്മിത ബുദ്ധി (AI) സാങ്കേതികവിദ്യകൾ അമിതമായി അപകടകാരിയാവുകയാണെങ്കിൽ അവയുടെ പ്രവർത്തനം പൂർണ്ണമായി നിർത്താൻ സഹായിക്കുന്ന ‘കിൽ സ്വിച്ച്’ സംവിധാനം ആഗോളതലത്തിൽ നിർബന്ധമാക്കണമെന്ന് പ്രമുഖ എഐ ഗവേഷണ സ്ഥാപനമായ ആന്ത്രോപിക്കിൻ്റെ സഹസ്ഥാപകൻ ജാക്ക് ക്ലാർക്ക്. ബിബിസിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഒരു മൂന്നാം കക്ഷിക്ക് പരിശോധിച്ച് ബോധ്യപ്പെടാൻ സാധിക്കുന്ന തരത്തിലായിരിക്കണം ഈ അടിയന്തര നിയന്ത്രണ സംവിധാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആന്ത്രോപിക് ഉൾപ്പെടെയുള്ള പ്രമുഖ ലാബുകൾക്കെല്ലാം നിലവിൽ പ്രവർത്തനം പെട്ടെന്ന് നിർത്താനുള്ള സ്വന്തം സംവിധാനങ്ങളുണ്ടെങ്കിലും, ഭാവി മുൻനിർത്തി നിയമനിർമ്മാതാക്കൾ ഇത് കർശനമായ നിയമമാക്കണമെന്നാണ് ജാക്ക് ക്ലാർക്കിന്റെ അഭിപ്രായം. എഐയുടെ അതിവേഗത്തിലുള്ള വളർച്ച മനുഷ്യരാശിയുടെ നിലനില്പിന് തന്നെ ഭീഷണിയായേക്കാമെന്ന മുന്നറിയിപ്പുകൾക്കിടയിലാണ് ഈ പ്രസ്താവന.

നിയന്ത്രണമില്ലാതെ മുന്നോട്ടുപോയാൽ എഐ സാങ്കേതികവിദ്യ മനുഷ്യന്റെ വംശനാശത്തിന് വരെ കാരണമായേക്കാമെന്ന് ആന്ത്രോപിക്കിലെ തന്നെ മുൻ ഗവേഷകർ ആശങ്ക പ്രകടിപ്പിച്ചിരുന്നു. അടുത്ത പതിറ്റാണ്ടിനുള്ളിൽ ഇതിനുള്ള സാധ്യത പത്ത് ശതമാനത്തിലധികമാണെന്ന് ആന്ത്രോപിക് ശാസ്ത്രജ്ഞനായ ഇവാൻ ഹുബിംഗർ അഭിപ്രായപ്പെട്ടു. ‘എഐ-യുടെ പിതാവ്’ എന്നറിയപ്പെടുന്ന നോബൽ സമ്മാന ജേതാവ് ജഫ്രി ഹിന്റണും ഈ ആശങ്ക തള്ളിക്കളയാനാവില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇന്റർനെറ്റുമായി ബന്ധിപ്പിച്ചിട്ടുള്ള സുപ്രധാന ആഗോള സംവിധാനങ്ങളുടെ നിയന്ത്രണം എഐ ഏറ്റെടുത്ത് മനുഷ്യർക്കെതിരെ തിരിക്കാനുള്ള സാധ്യതയാണ് ഇവർ ചൂണ്ടിക്കാണിക്കുന്നത്.

അതേസമയം, ഇത്തരം ഭീതികൾ വെറും പബ്ലിസിറ്റി സ്റ്റണ്ടാണെന്നും കമ്പനികൾ തങ്ങളുടെ ബിസിനസ്സ് മൂല്യം വർദ്ധിപ്പിക്കാൻ നടത്തുന്ന തന്ത്രമാണെന്നും ഒരു വിഭാഗം വിമർശിക്കുന്നു. വിപണിയിൽ ഭീമൻ മൂല്യമുള്ള ആന്ത്രോപിക്കും ഒപ്പൺഎഐയും ഓഹരി വിപണിയിലേക്ക് (IPO) പ്രവേശിക്കാൻ തയ്യാറെടുക്കുന്ന പശ്ചാത്തലത്തിലാണ് ഈ ചർച്ചകൾ കൊഴുക്കുന്നത്.

പ്രശ്നക്കാരായ എഐ ടൂളുകൾ അടച്ചുപൂട്ടാൻ കമ്പനികൾക്ക് ബാധ്യത നൽകുന്ന ‘കിൽ സ്വിച്ച് ആക്റ്റ്’ യുഎസ് നിയമനിർമ്മാതാക്കളുടെ പരിഗണനയിലാണ്. എന്നാൽ യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഈ ഭീതികളെ തള്ളിക്കളഞ്ഞു. എഐ മനുഷ്യനെ നശിപ്പിക്കുമെന്ന വാദം വെറും വ്യാജമാണെന്നും, ഇത്തരം നിയന്ത്രണങ്ങൾ ചൈനയ്ക്ക് മാത്രമേ ഗുണം ചെയ്യൂ എന്നും ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചു. യുകെ ഗവൺമെന്റും കിൽ സ്വിച്ച് നിർബന്ധമാക്കുന്നതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ജനപ്രിയ ചാറ്റ്ബോട്ടായ ‘ക്ലോഡ്’ നിർമ്മിച്ച ആന്ത്രോപിക്കിന്റെ ഭാഗത്തുനിന്നുള്ള ഈ തുറന്നുപറച്ചിൽ വരും ദിവസങ്ങളിൽ വലിയ ആഗോള നയരൂപീകരണ ചർച്ചകൾക്ക് വഴിവെക്കുമെന്നുറപ്പാണ്.

“Will AI wipe out humanity? Anthropic co-founder says a ‘kill switch’ is essential for control.”

More Stories from this section

family-dental
witywide