
ചെങ്ങന്നൂർ: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) പുതിയ നീക്കങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളോട് രൂക്ഷമായി പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ചെങ്ങന്നൂർ ഗസ്റ്റ് ഹൗസിൽ വച്ചാണ് മാധ്യമപ്രവർത്തകർക്ക് നേരെ അദ്ദേഹം അമർഷം പ്രകടിപ്പിച്ചത്.
“പുറത്തു നിൽക്കടോ, നിങ്ങളെന്താ ബാത്ത്റൂമിലേക്ക് വരികയാണോ? ഇവിടെ വന്നത് ബാത്ത് റൂമിൽ പോകാനാണ്, നിങ്ങളെ കാണാനല്ല” എന്നായിരുന്നു മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് പിണറായി വിജയന്റെ പ്രതികരണം. ചങ്ങനാശേരിയിലെ പൊതുപരിപാടിയിൽ പങ്കെടുക്കാൻ പോകുന്ന വഴിക്കാണ് അദ്ദേഹം ചെങ്ങന്നൂർ ഗസ്റ്റ് ഹൗസിൽ എത്തിയത്.
മുഖ്യമന്ത്രിയായിരിക്കെ, സിഎംആർഎൽ – എക്സാലോജിക് ഇടപാടിലൂടെ പിണറായി വിജയൻ്റെ മകൾ ടി. വീണ വഴി 3.28 കോടി രൂപ കൈക്കൂലി വാങ്ങിയെന്നും, ഇതിൽ അഴിമതി നിരോധന നിയമപ്രകാരം കേസ് എടുക്കണമെന്നും ആവശ്യപ്പെട്ട് ഇ.ഡി സംസ്ഥാന പൊലീസ് മേധാവിക്കു കത്തു നൽകിയ പശ്ചാത്തലത്തിലാണ് മാധ്യമപ്രവർത്തകർ പ്രതികരണം ആരാഞ്ഞത്.
കൈക്കൂലി പണം വീണയും കൂട്ടുകാരും വഴി ദുബായിലേക്ക് കടത്താൻ മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസും നേതൃത്വം നൽകിയെന്ന ഗുരുതര ആരോപണവും ഇ.ഡിയുടെ കത്തിലുണ്ട്. സ്ഥാപനങ്ങൾ ഉൾപ്പെടെ 12 പേരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്യാനാണ് ഇ.ഡി ശുപാർശ നൽകിയിരിക്കുന്നത്.
Pinarayi Vijayan gets angry with the media over ED investigation















