മുഖ്യമന്ത്രിയുടെ മീഡിയ ഗ്രൂപ്പ് പേര് മാറ്റി, ഇനി ‘ഓപ്പോസിഷൻ മീഡിയ’, പിണറായി പ്രതിപക്ഷ നേതാവാകുമോ?

തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷ നേതാവാകുമോ എന്ന ചർച്ചകൾ ശക്തമാകുന്നു. ഇതിനിടെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാട്സാപ്പ് മീഡിയ ഗ്രൂപ്പിന്റെ പേര് മാറ്റിയത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായി. ‘ഓപ്പോസിഷൻ മീഡിയ’ എന്നാണ് ഗ്രൂപ്പിന്റെ പുതിയ പേര്. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം. മനോജാണ് പേര് മാറ്റിയത്. പത്ത് വർഷത്തെ ഭരണത്തിന് ശേഷം പിണറായി പ്രതിപക്ഷ നിരയെ നയിക്കുമോ എന്ന കാര്യത്തിൽ ഇതോടെ ആകാംക്ഷ വർധിച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം മുഖ്യമന്ത്രി ഇതുവരെ പരസ്യ പ്രതികരണത്തിന് തയ്യാറായിട്ടില്ല. പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാൻ താത്പര്യക്കുറവ് അറിയിച്ചാൽ മാത്രമേ പാർട്ടി മറ്റ് പേരുകൾ പരിഗണിക്കൂ. വൻ ഭൂരിപക്ഷമുള്ള ഭരണപക്ഷത്തെ നേരിടാൻ കരുത്തനായ നേതാവ് തന്നെ വേണമെന്ന അഭിപ്രായം സിപിഎമ്മിനുള്ളിലുണ്ട്. ഇങ്ങനെയെങ്കിൽ ആദ്യത്തെ ഒന്നോ രണ്ടോ വർഷം പിണറായി തന്നെ പ്രതിപക്ഷ നേതാവായി തുടരാനാണ് സാധ്യത.

പിണറായി പിൻമാറുകയാണെങ്കിൽ മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ പേരിനാകും മുൻതൂക്കം. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകൂ. തോൽവിയുടെ ആഘാതത്തിൽ നിൽക്കുന്ന ഇടത് മുന്നണിയിൽ നേതൃമാറ്റം സംബന്ധിച്ച ഔദ്യോഗിക ചർച്ചകൾ ഉടൻ ആരംഭിക്കും. പിണറായിയുടെ ചിത്രം തന്നെ ഗ്രൂപ്പിന്റെ ഡിസ്പ്ലേ പിക്ചറായി നിലനിർത്തിക്കൊണ്ടാണ് പേര് മാറ്റം നടത്തിയിരിക്കുന്നത്.

CM’s Media Group Renamed as ‘Opposition Media’ Amid Leadership Debates

More Stories from this section

family-dental
witywide