
ലോക്‌സഭയിൽ വനിതാ സംവരണ ബിൽ ചർച്ചയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമിട്ട് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ ‘പതിനാറാം നമ്പർ’ (സിക്സ്റ്റീൻ) പ്രയോഗത്തിന് പുതിയ വിശദീകരണവുമായി കോൺഗ്രസ്. പതിനാറാം നമ്പർ പ്രധാനമന്ത്രിയെ വല്ലാതെ അലോസരപ്പെടുത്തുന്നുവെന്നും ഇതിന്റെ രഹസ്യം വൈകാതെ വെളിപ്പെടുമെന്നുമുള്ള രാഹുലിന്റെ വാക്കുകൾ രാജ്യമാകെ വലിയ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് സിക്സ്റ്റീൻ എന്നതിലൂടെ ‘എപ്സ്റ്റീൻ’ എന്നാണ് രാഹുൽ ഉദ്ദേശിച്ചതെന്ന സൂചന എഐസിസി ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ പുറത്തുവിട്ടത്.
വിവാദമായ എപ്സ്റ്റീൻ കേസുമായി ബന്ധപ്പെടുത്തി പ്രധാനമന്ത്രിക്കെതിരെ രാഹുൽ ഗാന്ധി നടത്തിയ ഈ നിഗൂഢ പരാമർശം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചലനമുണ്ടാക്കിയിട്ടുണ്ട്. ലോകത്തെ പ്രമുഖർ ഉൾപ്പെട്ട ലൈംഗിക വിവാദ കേസായ എപ്സ്റ്റീനുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകളാണോ രാഹുൽ ലക്ഷ്യമിടുന്നത് എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. എന്നാൽ ഈ സൂചനകളിൽ രാഹുൽ ഗാന്ധി ഇതുവരെ നേരിട്ട് സ്ഥിരീകരണം നൽകിയിട്ടില്ല.
പ്രസംഗത്തിലുടനീളം പലതവണ സിക്സ്റ്റീൻ എന്ന് ആവർത്തിച്ച രാഹുൽ, സത്യം പുറത്തുവരുമെന്ന് വെല്ലുവിളിച്ചാണ് പ്രസംഗം അവസാനിപ്പിച്ചത്. കോൺഗ്രസ് പുതിയ സൂചന നൽകിയതോടെ രാഷ്ട്രീയ പോരാട്ടം കൂടുതൽ കടുക്കുമെന്ന് ഉറപ്പായി. എങ്കിലും ഈ നമ്പറിന് പിന്നിലെ യഥാർത്ഥ വിവരങ്ങൾ രാഹുൽ എപ്പോൾ വെളിപ്പെടുത്തുമെന്ന ആകാംക്ഷ തുടരുകയാണ്.
Congress hints at ‘Epstein’ behind Rahul’s ‘Number 16’ remark; mystery continues over attack on PM Modi















