മോദിക്കെതിരായ ‘ഭീകരവാദി’ പരാമർശത്തിലെ നോട്ടീസ്: ഖർഗെയുടെ മറുപടിയിൽ കമ്മീഷന് രൂക്ഷ വിമർശനം; നടപടിയുടെ വേഗത സ്വാഭാവിക നീതിയുടെ ലംഘനമെന്ന് കോൺഗ്രസ്

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ മല്ലികാർജ്ജുൻ ഖർഗെയുടെ ‘ഭീകരവാദി’ പരാമർശത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ നോട്ടീസിന് 24 മണിക്കൂറിനുള്ളിൽ കോൺഗ്രസ് മറുപടി നൽകി. ഖർഗെ പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്നും പരാതിയിൽ പറയുന്നതുപോലെ നരേന്ദ്ര മോദിയെ ഭീകരവാദിയെന്ന് വിളിച്ചിട്ടില്ലെന്നും കോൺഗ്രസ് വിശദീകരിച്ചു. രാഷ്ട്രീയ എതിരാളികളെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടുന്ന ‘നികുതി ഭീകരത’യെക്കുറിച്ചാണ് (Tax Terrorism) ഖർഗെ സംസാരിച്ചതെന്നും പ്രസംഗത്തിലെ ഒരു ഭാഗം മാത്രം അടർത്തിയെടുത്ത് പരാതി നൽകിയത് ഗൂഢലക്ഷ്യത്തോടെയാണെന്നും കോൺഗ്രസ് ആരോപിച്ചു.

നോട്ടീസിന് മറുപടി നൽകാൻ വെറും 24 മണിക്കൂർ മാത്രം അനുവദിച്ച കമ്മീഷന്റെ നടപടി സ്വാഭാവിക നീതിയുടെ ലംഘനമാണെന്ന് കോൺഗ്രസ് വിമർശിച്ചു. ബിജെപി നൽകിയ പരാതിയിൽ കമ്മീഷൻ കാണിക്കുന്ന അമിത വേഗത പ്രധാനമന്ത്രിക്കെതിരായ പരാതികളിൽ കാണിക്കുന്നില്ലെന്നും പാർട്ടി കുറ്റപ്പെടുത്തി. ദൂരദർശനിലൂടെയുള്ള പ്രധാനമന്ത്രിയുടെ പ്രസംഗം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ നൽകിയ പരാതികളിൽ ദിവസങ്ങൾ കഴിഞ്ഞിട്ടും നടപടി എടുക്കാത്തത് ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് വിവേചനം ആരോപിച്ചത്.

തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ കേന്ദ്രമന്ത്രിമാർ പെരുമാറ്റച്ചട്ടം ലംഘിക്കുന്നുവെന്നും അതിലൊന്നും കമ്മീഷൻ ഇടപെടുന്നില്ലെന്നും കോൺഗ്രസ് മറുപടിയിൽ വ്യക്തമാക്കി. ഖർഗെക്കെതിരെ നടപടിയെടുക്കുമെന്ന് കമ്മീഷൻ ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തുന്നതിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയ പാർട്ടി, വിശദമായ മറുപടി നൽകാൻ ഒരാഴ്ചത്തെ സമയം കൂടി ആവശ്യപ്പെട്ടിട്ടുണ്ട്. കമ്മീഷന്റെ ഏകപക്ഷീയമായ നിലപാടുകൾ ജനാധിപത്യ പ്രക്രിയയ്ക്ക് ഗുണകരമല്ലെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടി.

Congress replies to EC notice on Kharge’s remark; Slams commission for urgency and alleges bias

Also Read

More Stories from this section

family-dental
witywide