
സർക്കാർ സ്ത്രീകൾക്കായി നടപ്പിലാക്കിയ പ്രിയദർശിനി സൗജന്യയാത്ര പദ്ധതിയിൽ സ്ത്രീകൾ തള്ളിക്കയറുന്നുവെന്ന വിവാദ പ്രസ്താവനയിൽ ന്യായീകരണവുമായി മന്ത്രി സി പി ജോൺ. കേരളത്തിലെ സ്ത്രീകളുടെ സാമ്പത്തിക ബുദ്ധിമുട്ട് വലുതാണെന്നും ബസ് ചാർജ് പോലും നൽകാൻ സാധിക്കാത്ത സാഹചര്യമുള്ളതിനെക്കുറിച്ചാണ് താൻ സംസാരിച്ചതെന്നും മന്ത്രി വ്യക്തമാക്കി. രാഹുൽ ഗാന്ധിയുടെ ഇടപെടലിലൂടെ യാഥാർത്ഥ്യമായ പ്രിയദർശിനി പദ്ധതി വൻ വിജയമാണെന്നും അതുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
പൊതു ഗതാഗതം, പൊതു വിദ്യാഭ്യാസം, പൊതുജനാരോഗ്യം എന്നീ മൂന്ന് മേഖലകളിലാണ് രാജ്യത്ത് ശക്തമായ ഇടപെടൽ ആവശ്യമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സൗജന്യമല്ലാത്ത സ്വകാര്യ സ്‌കൂളുകളിലേക്ക് കുട്ടികളെ പഠനത്തിനായി അയക്കുന്നത് അമ്മമാരുടെ തീരുമാനമാണ്. താൻ എപ്പോഴും സ്ത്രീകൾക്കൊപ്പം നിൽക്കുന്ന ആളാണെന്നും താൻ തെറ്റായ പരാമർശങ്ങളൊന്നും നടത്തിയിട്ടില്ലെന്നും എന്നെ നിങ്ങൾക്ക് അറിഞ്ഞൂടെയെന്നും അദ്ദേഹം ചോദിച്ചു. എങ്കിലും സംസാരിക്കുമ്പോൾ ഇനി കൂടുതൽ ശ്രദ്ധിക്കുമെന്നും മന്ത്രി പറഞ്ഞു.
കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾ തള്ളിക്കയറുന്നുവെന്നും എന്നാൽ മക്കളെ ഫീസ് നൽകി സ്വകാര്യ സ്‌കൂളുകളിൽ അയക്കുകയാണെന്നുമുള്ള മന്ത്രിയുടെ വാക്കുകളാണ് വിവാദമായത്. കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ബസ് വന്നാൽ പൈസ കുറഞ്ഞ ട്രാൻസ്പോർട്ടിൽ തള്ളിക്കയറുന്ന ജനങ്ങൾ, അസുഖം വന്നാൽ സർക്കാർ ആശുപത്രിയിലെ വരാന്തയിൽ കിടക്കുമെന്നും ആളുകളുടെ പെരുമാറ്റം അതിശയിപ്പിക്കുന്നതാണെന്നും മന്ത്രി പറഞ്ഞിരുന്നു. ഇതിനൊപ്പം സ്വകാര്യ ബസ് ഉടമകളുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
CP John Justifies His Remarks On Priyadarshini Bus Scheme, Says Will Be More Careful While Speaking












