
മലപ്പുറം ചോക്കാട് ടി.കെ. നഗറിലുണ്ടായ കടുത്ത മലവെള്ളപ്പാച്ചിലിൽ അഞ്ചുപേർ മരിക്കുകയും ഒരാളെ കാണാതാവുകയും ചെയ്ത ദുരന്തഭൂമി മുഖ്യമന്ത്രി വി.ഡി. സതീശൻ സന്ദർശിച്ചു. കാണാതായ സജിതയുടെ വീട്ടിലെത്തിയ അദ്ദേഹം കുടുംബാംഗങ്ങളെ നേരിൽ കണ്ട് ആശ്വസിപ്പിച്ചു. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, സാദിഖലി ശിഹാബ് തങ്ങൾ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. അപകടമുണ്ടായ കോട്ടപ്പുഴ പ്രദേശവും സന്ദർശിച്ച ശേഷം മടങ്ങിയ മുഖ്യമന്ത്രി, ദുരിതബാധിതരായ കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പുനൽകുകയും അടുത്ത മന്ത്രിസഭായോഗത്തിൽ നഷ്ടപരിഹാരം സംബന്ധിച്ച തീരുമാനമെടുക്കുമെന്ന് അറിയിക്കുകയും ചെയ്തു.
കഴിഞ്ഞദിവസം വൈകീട്ടുണ്ടായ അപ്രതീക്ഷിത മലവെള്ളപ്പാച്ചിലിൽ നിരവധി ആളുകളാണ് ഒഴുക്കിൽപ്പെട്ടത്. നാട്ടുകാരുടെ അടിയന്തര ഇടപെടലിൽ ഭൂരിഭാഗം പേരെയും രക്ഷപ്പെടുത്താനായെങ്കിലും കാണാതായ ആറുപേരിൽ അഞ്ചുപേരുടെ മൃതദേഹം പിന്നീട് കണ്ടെത്തി. തിരൂർ സ്വദേശി മുഹമ്മദ് കുട്ടി, എടരിക്കോട് സ്വദേശി മാങ്ങാടൻ അനസ്, കരുവാരക്കുണ്ട് സ്വദേശി റഹീം, വണ്ടൂർ സ്വദേശി സജ്ജാദ്, ചെട്ടിയാറമ്മൽ സ്വദേശി റഫീഖ് എന്നിവരാണ് മരിച്ചത്. മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ വീടുകളിലേക്ക് എത്തിച്ചിട്ടുണ്ട്.
തൊട്ടടുത്ത പുഴയിൽ കുളിക്കാനിറങ്ങിയ സജിതയ്ക്കായുള്ള തിരച്ചിൽ എൻ.ഡി.ആർ.എഫും ഫയർഫോഴ്സും ചേർന്ന് ഇന്നും തുടരുകയാണ്. പ്രദേശവാസികളും വിനോദസഞ്ചാരികളും എത്തുന്ന കോട്ടപ്പുഴയിൽ മുൻപുണ്ടായിരുന്ന അപായസൂചനാ ബോർഡ് കാലപ്പഴക്കത്താൽ നശിച്ചിട്ടും പുതിയ സുരക്ഷാ മുൻകരുതലുകളൊന്നും അധികൃതർ ഒരുക്കിയിരുന്നില്ലെന്ന് പരാതിയുണ്ട്. സംഭവത്തെ തുടർന്ന് അപകടസാധ്യതയുള്ള ഇത്തരം മേഖലകളിലേക്ക് ആളുകൾ പ്രവേശിക്കുന്നത് തടയാൻ കർശന നിയന്ത്രണം ഏർപ്പെടുത്തുമെന്ന് സർക്കാർ വ്യക്തമാക്കി.
അതേസമയം, മന്ത്രിമാരുടെ യാത്രകളുമായി ബന്ധപ്പെട്ട് വിവാദങ്ങൾ നിലനിൽക്കുന്നതിനിടെ മുഖ്യമന്ത്രി നടത്തിയ ചാർട്ടേഡ് ഫ്ലൈറ്റ് യാത്രയും വലിയ ചർച്ചയായിട്ടുണ്ട്. പോലീസിന്റെ വാടക ഹെലികോപ്റ്ററിന്റെ കരാർ കാലാവധി പൂർത്തിയായതിനെ തുടർന്നാണ് ബെംഗളൂരുവിൽ നിന്ന് മുഖ്യമന്ത്രിയ്ക്കായി പ്രത്യേക ചാർട്ടേഡ് വിമാനം എത്തിയത്. ബംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തെത്തിച്ച ചാർട്ടേഡ് വിമാനത്തിലാണ് ഉച്ചയ്ക്ക് രണ്ടോടെ മുഖ്യമന്ത്രി കോഴിക്കോട്ടേക്ക് പോയത്. പൊലിസ് ഹെലികോപ്റ്ററിന്‍റെ വാടക കരാർ കാലാവധി കഴിഞ്ഞ ശനിയാഴ്ച അവസാനിക്കുകയും സർക്കാർ അത് പുതുക്കാതിരിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് യാത്രയ്ക്കായി പ്രത്യേക ചാർട്ടേഡ് വിമാനം ക്രമീകരിച്ചത്. അതേസമയം കരിപ്പൂരിലേക്കു പോകാൻ യാത്രാവിമാനങ്ങൾ ലഭ്യമല്ലാത്തതിനാലാണ് ചാർട്ടേർഡ് വിമാനത്തെ ആശ്രയിച്ചതെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. അടിയന്തര ആവശ്യമായതിനാൽ സർക്കാരിന്‍റെ അഭ്യർഥന കണക്കിലെടുത്ത് സ്വകാര്യ വിമാനം സൗജന്യമായാണ് ലഭിച്ചതെന്നും സംസ്ഥാനത്തിന് ഒരുരൂപയുടെ പോലും അധിക ചെലവുണ്ടായിട്ടില്ലെന്നുമാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്. എന്നാൽ സോഷ്യൽ മീഡിയയിൽ ഇടത് സൈബർ കേന്ദ്രങ്ങൾ മുഖ്യമന്ത്രിയുടെ ചാർട്ടേഡ് ഫ്ലൈറ്റ് യാത്ര വലിയ ചർച്ചയാക്കിയിട്ടുണ്ട്.
Chokkad Flash Flood Tragedy: CM VD Satheesan Visits TK Nagar, Promises Compensation and Safety Measures













