
പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയുടെ നൂറാം ദിനാഘോഷത്തോടനുബന്ധിച്ച് കെ.എസ്.ആർ.ടി.സി. ഡിപ്പോകളിൽ സാരി വിതരണം ചെയ്യുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് കെ.എസ്.ആർ.ടി.സി. ചെയർമാൻ പി.എസ്. പ്രമോജ് ശങ്കർ വ്യക്തനാക്കി. സോഷ്യൽ മീഡിയയിലൂടെ ഉയർന്ന വാർത്തകൾക്കെതിരെയാണ് അധികൃതർ രംഗത്തെത്തിയത്. ആഘോഷത്തിന്റെ ഭാഗമായി ചൊവ്വാഴ്ച രാവിലെ പത്ത് മണിക്ക് തമ്പാനൂർ ഡിപ്പോയിൽ ഗതാഗത മന്ത്രി സി.പി. ജോൺ സന്ദർശനം നടത്തുമെന്നും കെ.എസ്.ആർ.ടി.സി. ജീവനക്കാർ യാത്രക്കാർക്ക് മധുരം വിതരണം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
പ്രിയദർശിനി പദ്ധതിയുടെ നൂറാം ദിനാഘോഷങ്ങളുടെ ഭാഗമായി വൈകുന്നേരം 7:30-ന് തമ്പാനൂർ ചൈത്രം ഹോട്ടലിൽ വെച്ച് ബജറ്റ് ടൂറിസം സെല്ലിന്റെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി സി.പി. ജോൺ നിർവ്വഹിക്കും. യാത്രാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലക്ഷദ്വീപ്, ഹൈദരാബാദ് ലക്ഷ്വറി പാക്കേജ് സർവീസുകളും, ബജറ്റ് ടൂറിസം സെല്ലിനായി പ്രത്യേകം തയ്യാറാക്കിയ പുതിയ സോഫ്റ്റ്‌വെയർ, വെയിറ്റിങ് ലിസ്റ്റ് സംവിധാനം എന്നിവയുമാണ് ചടങ്ങിൽ ഉദ്ഘാടനം ചെയ്യുന്നത്. ലക്ഷദ്വീപ് യാത്രയ്ക്കായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ 10 യാത്രക്കാരെയും കഴിഞ്ഞ മാസങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച ജീവനക്കാരെയും ചടങ്ങിൽ ആദരിക്കും.
പുതിയ സോഫ്റ്റ്‌വെയർ സംവിധാനം പ്രാബല്യത്തിൽ വരുന്നതോടെ യാത്രക്കാർക്ക് ബജറ്റ് ടൂറിസം പാക്കേജുകളുടെ ടിക്കറ്റുകൾ ഇനിമുതൽ ഓൺലൈൻ വഴി എളുപ്പത്തിൽ ബുക്ക് ചെയ്യാം. കൂടാതെ ഇന്ത്യൻ റെയിൽവേ മാതൃകയിൽ ടിക്കറ്റ് റിസർവേഷന് വെയിറ്റിങ് ലിസ്റ്റ് ഏർപ്പെടുത്താനും കെ.എസ്.ആർ.ടി.സി. തീരുമാനിച്ചിട്ടുണ്ട്. തമ്പാനൂർ വാർഡ് കൗൺസിലർ ആർ. ഹരികുമാർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കെ.എസ്.ആർ.ടി.സി. സി.എം.ഡി. ഡോ. പി.എസ്. പ്രമോജ് ശങ്കർ, വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ, മറ്റ് രാഷ്ട്രീയ പ്രമുഖർ എന്നിവരും പങ്കെടുക്കും.
KSRTC Denies Fake Rumors of Free Saree Distribution; New Tourism Packages and Software to be Launched












