
പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനും ബഹുജന ബന്ധം കൂടുതൽ ഉറപ്പിക്കുന്നതിനുമുള്ള നിർണായക തീരുമാനങ്ങൾ സി.പി.എം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിലുണ്ടായെന്ന് ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. പാർട്ടി സംഘടനാ തലത്തിൽ ചില മാറ്റങ്ങളും യോഗം അംഗീകരിച്ചു. എം സി രാഘവൻ, എം. ശ്രീധരൻ എന്നിവരെ ജില്ലാ കമ്മിറ്റിയിലേക്ക് പുതുതായി ഉൾപ്പെടുത്തിയപ്പോൾ കെ.വി. സക്കീർ ഹുസൈനെ ജില്ലാ സെക്രട്ടറിയേറ്റിലേക്ക് തിരഞ്ഞെടുത്തു. കൂടാതെ എട്ട് പേരെ ജില്ലാ കമ്മിറ്റിയിലേക്ക് സ്ഥിരം ക്ഷണിതാക്കളായും ഉൾപ്പെടുത്തിയിട്ടുണ്ട്. നിലവിലെ ജില്ലാ സെക്രട്ടറിയായി കെ.കെ. രാഗേഷ് തന്നെ തുടരും.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങളും വർഗീയ നീക്കങ്ങളും നടന്നതായി കെ.കെ. രാഗേഷ് ആരോപിച്ചു. മുൻപ് ഇടതുപക്ഷത്തിനൊപ്പം ഉറച്ചുനിന്ന ന്യൂനപക്ഷങ്ങളുടെ വിശ്വാസം തിരിച്ചുപിടിക്കാൻ പാർട്ടി വലിയ തോതിലുള്ള ഇടപെടലുകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ക്രൈസ്തവ വിഭാഗങ്ങൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളെ ചേർത്തുപിടിക്കും. സി.പി.എം വിശ്വാസികൾക്ക് എതിരാണെന്ന പ്രചാരണം തെറ്റാണെന്നും, പാർട്ടി എതിർക്കുന്നത് വർഗീയതയെ മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. പയ്യന്നൂർ, തളിപ്പറമ്പ് തുടങ്ങിയ മേഖലകളിൽ വോട്ട് ചോർച്ചയുണ്ടായ പശ്ചാത്തലത്തിൽ, അകന്നുപോയവരെ തിരികെ എത്തിക്കാൻ ക്ഷമയോടെയുള്ള ഇടപെടലുകൾ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മത ന്യുനപക്ഷ ങ്ങളിൽ പെട്ട ഒരാളെ കണ്ണൂരിൽ സ്ഥാനാർഥി ആക്കേണ്ടതായിരുന്നു. ആ പിഴവ് കേന്ദ്ര കമ്മറ്റി ഉൾപ്പെടെ ചൂണ്ടികാറ്റിയിട്ടുണ്ട്. അത് ജില്ലാ കമ്മറ്റി തന്നെ സ്വയം വിമർശനപരമായി വിലയിരുത്തിയെന്നും രാഗേഷ് വിവരിച്ചു. പയ്യന്നൂരി ലെ വീഴ്ചയിൽ പരിശോധന പൂർത്തിയായ ശേഷം സംഘടനാപരമായ നടപടി എടുക്കുമെന്നും ജില്ലാ സെക്രട്ടറി വ്യക്തമാക്കി.
അതേസമയം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ വിമർശനമുയർന്നിരുന്നു. മാസപ്പടി കേസിൽ പിണറായി വിജയൻ യഥാസമയം പ്രതികരിക്കാതിരുന്നത് അണികളിൽ വലിയ ആശയക്കുഴപ്പമുണ്ടാക്കിയതായി യോഗത്തിൽ വിമർശനം ഉയർന്നു. പിണറായി വിജയൻ വേദിയിലിരിക്കെയാണ് പ്രതിനിധികൾ ഈ വിഷയം ഉന്നയിച്ചത്. പാർട്ടി പലപ്പോഴും പ്രതിരോധത്തിലാകുന്ന വിഷയങ്ങളിൽ പ്രതികരണം വൈകുന്നത് വലിയ പ്രതിസന്ധിയുണ്ടാക്കുന്നുണ്ടെന്നും, മാസപ്പടി വിഷയത്തിലെ മൗനം എതിരാളികൾക്ക് രാഷ്ട്രീയ പുകമറ സൃഷ്ടിക്കാൻ സഹായകരമായെന്നും പ്രതിനിധികൾ കുറ്റപ്പെടുത്തിയിരുന്നു.
KK Ragesh to Continue as CPM Kannur District Secretary; Party Focuses on Minority Outreach













