
കണ്ണൂർ: കിഫ്ബി പദ്ധതികളിൽ ജില്ലാ അടിസ്ഥാനത്തിൽ അസമത്വം ഉണ്ടായെന്നും വൻതുക ചെലവഴിച്ച് ഭൂമി ഏറ്റെടുത്തത് കണ്ണൂരിലാണെന്നുമുള്ള വിദഗ്ധ സമിതി റിപ്പോർട്ടിനെതിരെ കടുത്ത വിമർശനവുമായി മുൻ മുഖ്യമന്ത്രി പിണറായി വിജയനും ഇ.പി. ജയരാജനും രംഗത്തെത്തി. കണ്ണൂരിൽ നടന്ന സി.പി.എം വിശാല ജില്ലാ കമ്മിറ്റി യോഗത്തിൽ സംസാരിക്കവേ, “കണ്ണൂർ എന്ന് കേൾക്കുമ്പോൾ എന്താണ് ഇത്രയും അസ്വസ്ഥത? കണ്ണൂർ കേരളത്തിന്റെ ഭാഗമല്ലേ?” എന്ന് പിണറായി വിജയൻ ചോദ്യമുയർത്തി. ഭാവിയെ മുൻകൂട്ടി കണ്ടാണ് ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കിയതെന്നും, എറണാകുളത്ത് മെട്രോയും സ്മാർട്ട് സിറ്റിയും വന്നപ്പോൾ ആരും വിവേചനം ആരോപിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഏറ്റെടുത്ത ഭൂമി കാടുകയറിക്കിടക്കുന്നുവെന്ന വിമർശനങ്ങൾക്ക്, വികസനം വരുമ്പോൾ കാടെല്ലാം മാറിക്കൊള്ളുമെന്നായിരുന്നു ഇ.പി. ജയരാജന്റെ മറുപടി.
അതേസമയം, കിഫ്ബിയെ തകർക്കാനും അട്ടിമറിക്കാനും ശ്രമം നടക്കുന്നുണ്ടെന്ന് ആരോപിച്ച് യോഗത്തിൽ സി.പി.എം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റി പ്രമേയം പാസാക്കി. മുഖ്യമന്ത്രി വി.ഡി. സതീശൻ അനാവശ്യ വിവാദങ്ങൾ സൃഷ്ടിച്ച് കിഫ്ബിയെ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും, എല്ലാ പ്രദേശങ്ങളുടെയും വികസനം മുന്നോട്ട് നയിക്കേണ്ട മുഖ്യമന്ത്രി കണ്ണൂരിനെ ഇകഴ്ത്തി കാണിക്കാൻ സങ്കുചിത പ്രചാരവേല നടത്തുകയാണെന്നും പ്രമേയം കുറ്റപ്പെടുത്തി. കിഫ്ബി പദ്ധതികളെ ചൊല്ലി വിവാദങ്ങൾ ഉണ്ടാക്കുന്നത് രാഷ്ട്രീയ വൈകല്യമാണെന്നും, വികസന പദ്ധതികളെ സംരക്ഷിക്കാൻ ശക്തമായ പ്രതിഷേധം ഉയരണമെന്നും പ്രമേയത്തിലൂടെ പാർട്ടി ആഹ്വാനം ചെയ്തു.
രണ്ടു ദിവസം നീണ്ടുനിൽക്കുന്ന വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് അവതരിപ്പിച്ച സംഘടന റിപ്പോർട്ടിന്മേലുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. പയ്യന്നൂരിലും തളിപ്പറമ്പിലും നേരിട്ട തിരഞ്ഞെടുപ്പ് തിരിച്ചടികളിൽ പ്രാദേശിക നേതൃത്വത്തിനെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നേക്കുമെന്നാണ് സൂചന. കൂടാതെ, ധനരാജ് രക്തസാക്ഷി ഫണ്ട് വിവാദം, ഹലാൽ ഫായിദാ ക്രമക്കേട് ആരോപണങ്ങൾ എന്നിവയും യോഗത്തിൽ പ്രധാന ചർച്ചാവിഷയങ്ങളാകും. പിണറായി വിജയൻ പൂർണ്ണമായി പങ്കെടുക്കുന്ന യോഗത്തിൽ പാർട്ടിയിലെ മറ്റു ആഭ്യന്തര വിഷയങ്ങളും സജീവമായി പരിഗണിക്കപ്പെടുന്നുണ്ട്.
Pinarayi Defends KIIFB Projects in Kannur; CPM Resolution Accuses CM of Attempting to Sabotage Infrastructure Body














