കണ്ണൂരിൽ പിണറായിയെ വേദിയിലിരുത്തി വിമർശനം, മാസപ്പടി കേസിൽ യഥാസമയം പ്രതികരിക്കാത്തത് അണികളിൽ ആശയക്കുഴപ്പത്തിന് കാരണമായി; വിശാല യോഗത്തിൽ തിരുത്ത് ഉണ്ടാകുമോ?

സി.പി.എം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ രൂക്ഷവിമർശനം. മാസപ്പടി കേസിൽ പിണറായി വിജയൻ യഥാസമയം പ്രതികരിക്കാതിരുന്നത് അണികളിൽ വലിയ ആശയക്കുഴപ്പമുണ്ടാക്കിയതായി യോഗത്തിൽ വിമർശനം ഉയർന്നു. പിണറായി വിജയൻ വേദിയിലിരിക്കെയാണ് പ്രതിനിധികൾ ഈ വിഷയം ഉന്നയിച്ചത്. പാർട്ടി പലപ്പോഴും പ്രതിരോധത്തിലാകുന്ന വിഷയങ്ങളിൽ പ്രതികരണം വൈകുന്നത് വലിയ പ്രതിസന്ധിയുണ്ടാക്കുന്നുണ്ടെന്നും, മാസപ്പടി വിഷയത്തിലെ മൗനം എതിരാളികൾക്ക് രാഷ്ട്രീയ പുകമറ സൃഷ്ടിക്കാൻ സഹായകരമായെന്നും പ്രതിനിധികൾ കുറ്റപ്പെടുത്തി.

യോഗത്തിൽ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിനെതിരെയും ശക്തമായ എതിർപ്പുയർന്നു. കണ്ണൂർ ജില്ലയിലുണ്ടായ തിരിച്ചടികളിൽ സ്വയംവിമർശനം നിറഞ്ഞുനിന്ന റിപ്പോർട്ടായിരുന്നു രാഗേഷ് അവതരിപ്പിച്ചത്. ധനരാജ് രക്തസാക്ഷി ഫണ്ട് വിവാദത്തിൽ അണികളെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ കഴിഞ്ഞില്ലെന്നും വി. കുഞ്ഞികൃഷ്ണൻ ഉയർത്തിയ ആരോപണങ്ങൾ അണികൾ പോലും പ്രചരിപ്പിക്കുന്ന സാഹചര്യമുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു. കൂടാതെ, കെ.കെ. ശൈലജയെ പേരാവൂരിൽ മത്സരിപ്പിച്ചത് ഒതുക്കാനാണെന്ന പ്രചാരണം തടയുന്നതിലും, പയ്യന്നൂരിലും മട്ടന്നൂരിലും വോട്ട് ചോർച്ച മുൻകൂട്ടി കാണുന്നതിലും വീഴ്ച പറ്റി.

എന്നാൽ, സംഘടനാപരമായ വീഴ്ചകളുടെയും തോൽവിയുടെയും ഉത്തരവാദിത്തം ഏരിയ കമ്മിറ്റികളുടെ തലയിൽ മാത്രം കെട്ടിവെക്കാനുള്ള ജില്ലാ സെക്രട്ടറിയുടെ നീക്കത്തെ പ്രതിനിധികൾ തുറന്നെതിർത്തു. തോൽവിയുടെ ബാധ്യത കീഴ്ഘടകങ്ങൾക്ക് മേൽ മാത്രം ചാരാൻ കഴിയില്ലെന്ന് ഇവർ വ്യക്തമാക്കി. ഇതിനിടെ, പയ്യന്നൂരിലെ വിഭാഗീയതയെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച കമ്മീഷൻ റിപ്പോർട്ട് ജില്ലാ കമ്മിറ്റിയിൽ വെച്ചില്ലെന്നാണ് സൂചന. പയ്യന്നൂരിലെ നടപടികൾ വിപുലീകൃത ഏരിയ കമ്മിറ്റി യോഗത്തിൽ മാത്രമായിരിക്കും ചർച്ച ചെയ്യുക. വിശാല യോഗത്തിൽ തിരുത്ത് ഉണ്ടാകുമോ എന്നതാണ് കണ്ടറിയേണ്ടത്.

CPM Kannur District Committee Criticizes Pinarayi Vijayan Over Silence on Masappady Case

Also Read

More Stories from this section

family-dental
witywide