മാസപ്പടിയിൽ പിണറായി അനുകൂല സർക്കാർ നിലപാടിൽ കോൺഗ്രസിൽ ഭിന്നത രൂക്ഷം, പരസ്യ പോര്; കുഴൽനാടൻ ഉയർത്തിയ ഉമ്മൻചാണ്ടി വികാരത്തിന് പിന്തുണയേറുന്നു

മാസപ്പടി കേസിൽ പിണറായി വിജയന് അനുകൂലമായ നിലപാട് ഹൈക്കോടതിയിൽ സർക്കാർ സ്വീകരിച്ചതിനെ തുടർന്ന് കോൺഗ്രസിൽ ഭിന്നത രൂക്ഷമാകുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ബലാത്സംഗക്കേസിൽ പെടുത്തിയത് പിണറായി വിജയനാണെന്നും അത് ആരും മറക്കരുതെന്നും ഓർമ്മിപ്പിച്ച് മാത്യു കുഴൽനാടൻ എം.എൽ.എ രംഗത്തെത്തിയത് വലിയ ചർച്ചയായിട്ടുണ്ട്. മൂവാറ്റുപുഴയിലെ പൊതുയോഗത്തിൽ തുറന്നടിച്ച അദ്ദേഹം, മാസപ്പടി പോരാട്ടത്തിൽ തന്നെ ചേർത്തുനിർത്തിയത് മുൻ കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ മാത്രമാണെന്നും വ്യക്തമാക്കുകയുണ്ടായി. പരസ്യവിമർശനങ്ങളെ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും തള്ളിക്കളഞ്ഞെങ്കിലും, പാർട്ടിയിൽ ഈ വിഷയം വലിയ ചർച്ചയായി പുകയുകയാണ്.

മാത്യു കുഴൽനാടന്റെ നിലപാടിനെ പിന്തുണച്ചും എതിർത്തും പാർട്ടി നേതാക്കൾ ചേരിതിരിഞ്ഞ് പോർവിളി തുടരുകയാണ്. കെ.പി.സി.സിയുടെ മീഡിയ സെൽ വാട്സ്ആപ്പ് ഗ്രൂപ്പിൽ വക്താക്കളായ ജിന്റോ ജോൺ, വി.ആർ. അനൂപ്, സി.ആർ. മഹേഷ് എം.എൽ.എ തുടങ്ങിയവർ സർക്കാരിന്റെ നിലപാടിനെ ചോദ്യം ചെയ്ത് രംഗത്തെത്തി. ഉമ്മൻചാണ്ടിക്ക് പിണറായി സർക്കാർ നീതി നിഷേധിച്ചുവെന്ന് ചൂണ്ടിക്കാട്ടിയ ഇവർ, മുഖ്യമന്ത്രിയെയും നേതൃത്വത്തെയും പ്രതിരോധത്തിലാക്കി. എന്നാൽ, ഈ വിഷയം വൈകാരികമായി കാണേണ്ടതില്ലെന്നും ചില ലക്ഷ്യങ്ങൾക്കായി ഉമ്മൻചാണ്ടിയുടെ പേര് ദുരുപയോഗം ചെയ്യുകയാണെന്നുമാണ് മുഖ്യമന്ത്രി വി.ഡി. സതീശനെ പിന്തുണയ്ക്കുന്ന വിഭാഗത്തിന്റെ വാദം.

ഉമ്മൻചാണ്ടിക്ക് നീതി കിട്ടണമെങ്കിൽ പിണറായിയെ ശിക്ഷിക്കണമെന്ന് പറയുന്നതിന്റെ യുക്തി എന്താണെന്നും, സോളാർ കേസിൽ ഗൂഡാലോചന നടത്തിയത് കെ.ബി. ഗണേഷ് കുമാർ ആയിരുന്നില്ലേ എന്നും ചോദിച്ച് സർക്കാർ അനുകൂലികൾ രംഗത്തെത്തിയിട്ടുണ്ട്. പിണറായി സർക്കാർ പ്രതിരോധത്തിലാകുന്ന ഘട്ടത്തിൽ കോൺഗ്രസിനുള്ളിൽ തന്നെ അടി ഉണ്ടാക്കുന്നത് ആസൂത്രിതമാണെന്ന വിമർശനവും ഉയരുന്നുണ്ട്. അതേസമയം, ഉമ്മൻചാണ്ടിക്ക് നീതി കിട്ടിയിട്ടില്ലെന്ന് വ്യക്തമാക്കുമ്പോൾ തന്നെ, അതുപറഞ്ഞ് മറ്റൊരാളെ വേട്ടയാടുന്നത് കോൺഗ്രസ് ശൈലി അല്ലെന്നായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം. തർക്കം മുറുകുമ്പോൾ താൻ അപ്പുറവുമിപ്പുറവുമല്ലെന്ന നിലപാടിലാണ് അദ്ദേഹം ഒടുവിൽ വ്യക്തമാക്കിയത്.

പാർട്ടിക്കുള്ളിലെ ഈ ഭിന്നത സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ ചർച്ചയായി മാറിയിട്ടുണ്ട്. മാസപ്പടി വിഷയത്തിൽ സർക്കാരിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന ആവശ്യവുമായി യൂത്ത് കോൺഗ്രസ് നേതാക്കളും സാമൂഹിക മാധ്യമങ്ങളിൽ ഉമ്മൻചാണ്ടി വികാരം ഉയർത്തി രംഗത്തുവന്നിട്ടുണ്ട്. എന്നാൽ പാർട്ടിയിലും മുന്നണിയിലും യാതൊരുവിധ ഭിന്നതയുമില്ലെന്നാണ് ആഭ്യന്തരമന്ത്രിയുടെ ആവർത്തിച്ചുള്ള വിശദീകരണം. എങ്കിലും കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് പോരിനും വാദപ്രതിവാദങ്ങൾക്കും മാസപ്പടി കേസ് പുതിയൊരു വഴിത്തിരിവായി മാറിയിരിക്കുകയാണ്.

Rift Deepens in Congress Over Govt Stance on Masappadi Case; Mathew Kuzhalnadan and Leaders Invoke Oommen Chandy’s Legacy

Also Read

More Stories from this section

family-dental
witywide