
വഖഫ് ബോർഡിന്റെ കാലാവധി പൂർത്തിയാക്കാൻ വർഷങ്ങൾ ബാക്കിനിൽക്കെ കെ.എസ്. ഹംസ ചെയർമാനായ ഭരണസമിതിയെ യു.ഡി.എഫ് സർക്കാർ പിരിച്ചുവിട്ടത് നിയമവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കുറ്റപ്പെടുത്തി. ഹൈക്കോടതി വിധി സർക്കാർ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും, ബോർഡ് പിരിച്ചുവിടാൻ സർക്കാരിന് അധികാരമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്ര വഖഫ് നിയമഭേദഗതിക്കെതിരെ കോടതിയിലുള്ള സംസ്ഥാനത്തിന്റെ നിലപാടുകളെ തകർക്കുന്നതാണ് ഈ നടപടിയെന്നും, ന്യൂനപക്ഷ അവകാശങ്ങളെ ഹനിക്കുന്ന വഖഫ് ബോർഡ് പിരിച്ചുവിട്ട ഉത്തരവ് സർക്കാർ ഉടൻ പിൻവലിക്കണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.
പിണറായിയുടെ കുറിപ്പ്
കാലാവധി പൂർത്തിയാക്കാൻ വർഷങ്ങൾ ബാക്കിനിൽക്കെ, കെഎസ് ഹംസ ചെയർമാനായ വഖഫ് ബോർഡ് ഭരണസമിതിയെ പിരിച്ചുവിട്ട യു ഡി എഫ് സർക്കാർ നടപടി അംഗീകരിക്കാൻ കഴിയില്ല. വഖഫ് നിയമപ്രകാരം കാലാവധി തീരുംമുൻപ് നിലവിലെ ഭരണസമിതിയെ പിരിച്ചുവിടാൻ സംസ്ഥാന സർക്കാരിന് നിയമപരമായി യാതൊരു അധികാരവുമില്ല. 2016 ൽ എൽ ഡി എഫ് സർക്കാർ വന്നപ്പോൾ, ലീഗ് നേതാവ് റഷീദലി തങ്ങൾ ചെയർമാനായ ബോർഡിനെ പിരിച്ചുവിടാതെ കാലാവധി പൂർത്തിയാക്കാൻ അനുവദിച്ച ജനാധിപത്യ മര്യാദ യുഡിഎഫ് കാട്ടിയില്ല. പുതിയ വഖഫ് ഭേദഗതി നിയമ പ്രകാരം ചില വിഭാഗം അംഗങ്ങളെ ഉൾപ്പെടുത്താനായി പുനസംഘടപ്പിക്കുന്ന വിഷയമാണ് ഹൈക്കോടതിയിൽ വന്നത്. സുപ്രീം കോടതിയിലെ കേസ് കഴിഞ്ഞ ശേഷം അക്കാര്യം തീരുമാനിക്കുമെന്ന മുൻ സർക്കാർ നിലപാടല്ല യു ഡി എഫ് സർക്കാർ സ്വീകരിച്ചത്. കേന്ദ്ര വഖഫ് നിയമഭേദഗതിക്കെതിരെ കോടതിയിലുള്ള സംസ്ഥാനത്തിന്റെ നിലപാടുകളെ തകർക്കുന്നതാണ് യു ഡി എഫ് സർക്കാരിന്റെ നടപടികൾ. അമുസ്ലിങ്ങളെ വഖഫ് ബോർഡിലേക്ക് നിയമിക്കാമെന്ന അപകടകരമായ നിലപാടാണ് യു ഡി എഫ് സർക്കാർ ആദ്യം സ്വീകരിച്ചത്. സമുദായ വഞ്ചന കയ്യോടെ പിടിക്കപ്പെട്ടപ്പോൾ മാത്രമാണ് അവർ അത് മയപ്പെടുത്താൻ തയ്യാറായത്. അമുസ്ലിം പ്രാതിനിധ്യം സംബന്ധിച്ച് പുതിയ ചെയർമാൻ നടത്തുന്ന പരാമർശങ്ങളും അതീവ ഗൗരവമുള്ളതാണ്. ഹൈക്കോടതി വഖഫ് ബോർഡ് പിരിച്ചു വിടണമെന്ന് നിർദ്ദേശിച്ചിട്ടില്ല. സംസ്ഥാന സർക്കാർ ഇപ്പോൾ ചെയ്തത് വഖഫ് ബോർഡ് കാലാവധിക്കു മുൻപേ നിയമവിരുദ്ധമായി പാടെ പിരിച്ച് വിടുകയാണ്. ഹൈക്കോടതി പരാമർശത്തെ തെറ്റായി വ്യാഖ്യാനിച്ച് ബോർഡ് പിരിച്ചുവിട്ട നടപടി ന്യൂനപക്ഷ അവകാശങ്ങളെ ഹനിക്കുകയും സംഘപരിവാർ അജണ്ടകളെ സഹായിക്കുകയും ചെയ്യുന്നതാണ്. വഖഫ് ബോർഡ് പിരിച്ചുവിട്ട ഉത്തരവ് സർക്കാർ അടിയന്തരമായി റദ്ദ് ചെയ്യണം.
Waqf Board Dissolution Is Anti Democratic and Illegal Opposition Leader Pinarayi Vijayan













