കേരളത്തിൽ പുതിയതായി അധികാരമേറ്റ വി.ഡി. സതീശൻ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വിവാദം കൊഴുക്കുന്നു. ചടങ്ങിൽ വന്ദേമാതര ഗീതം പൂർണ്ണമായി ആലപിച്ചതിനെതിരെ കടുത്ത വിമർശനവുമായി സി.പി.ഐ.എം. സംസ്ഥാന സെക്രട്ടേറിയറ്റ് രംഗത്തെത്തി. ചടങ്ങിൽ വന്ദേമാതരം പൂർണ്ണമായും അവതരിപ്പിച്ചത് തെറ്റായ നടപടിയാണെന്നും ഇത് ഒരു ബഹുസ്വര സമൂഹത്തിന് നിരക്കാത്തതാണെന്നും സി.പി.ഐ.എം. ഔദ്യോഗിക പ്രസ്താവനയിലൂടെ കുറ്റപ്പെടുത്തി. വർഗ്ഗീയമായി ജനങ്ങളെ വിഭജിക്കാനുള്ള ശ്രമങ്ങൾ രാജ്യത്ത് സജീവമാകുന്ന ഘട്ടത്തിൽ മതനിരപേക്ഷതയ്ക്ക് പോറലേൽപ്പിക്കുന്ന ഇത്തരമൊരു നടപടി സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകാൻ പാടില്ലായിരുന്നുവെന്നും പാർട്ടി വ്യക്തമാക്കി.
വന്ദേമാതര ഗാനത്തിന്റെ ചില ഭാഗങ്ങൾ ഒരു പ്രത്യേക മതത്തിന്റെ മാത്രം വിശ്വാസങ്ങളെ അവതരിപ്പിക്കുന്നതാണെന്നും, അതുകൊണ്ടാണ് ഈ ഗാനത്തിന്റെ ആദ്യത്തെ എട്ട് വരികൾ മാത്രമേ ദേശീയ ഗീതമായി അവതരിപ്പിക്കാൻ പാടുള്ളൂ എന്ന് 1950 ജനുവരി 24-ന് ഭരണഘടനാ നിർമ്മാണ സഭ വ്യക്തമാക്കിയതെന്നും സി.പി.ഐ.എം. ചൂണ്ടിക്കാട്ടി. 1937 ഒക്‌ടോബറിൽ നടന്ന കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി തന്നെ ഈ ഭാഗങ്ങൾ വെട്ടിമാറ്റാൻ ഔദ്യോഗിക പ്രമേയം പാസാക്കിയിട്ടുള്ളതാണ്. എന്നാൽ ഈ ചരിത്രപരമായ തീരുമാനങ്ങളെയെല്ലാം അട്ടിമറിച്ചുകൊണ്ടാണ് കേരളത്തിലെ പുതിയ യു.ഡി.എഫ്. സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ വെട്ടിമാറ്റിയ ഭാഗങ്ങൾ ഉൾപ്പെടെ പൂർണ്ണമായി അവതരിപ്പിച്ചതെന്ന് പ്രസ്താവനയിൽ പറയുന്നു.
പശ്ചിമ ബംഗാളിൽ ബി.ജെ.പി. സർക്കാർ അധികാരത്തിൽ വന്നിട്ടുപോലും അവിടുത്തെ ഔദ്യോഗിക സത്യപ്രതിജ്ഞാ ചടങ്ങിൽ ഇത്തരമൊരു നടപടി ഉണ്ടായിട്ടില്ലെന്ന് സി.പി.ഐ.എം. ഓർമ്മിപ്പിച്ചു. അവിടെ പോലും ചെയ്യാത്ത കാര്യമാണ് ഇപ്പോൾ കേരളത്തിൽ സംഭവിച്ചിരിക്കുന്നത്. ബഹുസ്വര സമൂഹത്തെ ദുർബലപ്പെടുത്തുന്നതിനും മതനിരപേക്ഷത തകർക്കുന്നതിനും ഇടയാക്കുന്ന യാതൊരു നടപടിയും പുതിയ സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകാൻ പാടുള്ളതല്ലെന്നും സി.പി.ഐ.എം. സംസ്ഥാന സെക്രട്ടേറിയറ്റ് മുന്നറിയിപ്പ് നൽകി.
CPM Slams UDF Govt Over Full Recitation of Vande Mataram at Oath Ceremony Calling It Anti-Pluralistic














