തിരുവനന്തപുരം: കോൺഗ്രസിനുള്ളിൽ ഗ്രൂപ്പ് വ്യത്യാസങ്ങൾക്കപ്പുറത്ത് നേതാക്കൾ ഒന്നിക്കുന്ന പുതിയ ചേരി രൂപപ്പെടുന്നു. ബോർഡ്-കോർപ്പറേഷൻ സ്ഥാനവിഭജനത്തിൽ കൂടിയാലോചനകൾ നടക്കുന്നില്ലെന്ന ആക്ഷേപത്തെച്ചൊല്ലിയാണ് പുതിയ ചേരി രൂപപ്പെടുന്നത്. വരുംദിവസങ്ങളിലും ബോർഡ്-കോർപ്പറേഷൻ നിയമനങ്ങളിൽ കൃത്യമായ ആലോചനകൾ നടന്നില്ലെങ്കിൽ മുതിർന്ന നേതാക്കൾ തന്നെ നേരിട്ട് പരസ്യപ്രതികരണത്തിന് തയ്യാറെടുത്തിരിക്കുകയാണെന്നാണ് സൂചന.
അതേസമയം, നാലു മാസം പിന്നിട്ടിട്ടും പൂർത്തിയാകാത്ത സ്ഥാനവിഭജനത്തിൽ മുഖ്യമന്ത്രി ഏകപക്ഷീയമായി പെരുമാറുന്നുവെന്ന നിലപാടാണ് പാർട്ടിക്കുള്ളിലും മുന്നണിയിലും കടുത്ത അതൃപ്തിക്ക് കാരണമായിരിക്കുന്നത്. സമീപദിവസങ്ങളിൽ ചില യുവനേതാക്കൾ പാർട്ടി നേതൃത്വത്തിനും മുഖ്യമന്ത്രിക്കെതിരെയും നടത്തുന്ന പരസ്യപ്രതികരണങ്ങൾ സ്വാഭാവികമായി ഉണ്ടാകുന്നതല്ലെന്നാണ് വിലയിരുത്തൽ.
രാഷ്ട്രീയകാര്യ സമിതിയിലെ ഏറ്റവും പ്രധാനപ്പെട്ട നേതാക്കളുടെ പൂർണ്ണ അറിവോടും സമ്മതത്തോടും കൂടിയാണ് ഇത്തരം നിലപാടുകൾ പുറത്തുവരുന്നതെന്നാണ് റിപ്പോർട്ടുകൾ. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതുമുതൽ പാർട്ടിയും മുഖ്യമന്ത്രിയും നിരന്തരം വിവാദങ്ങളിൽപ്പെടുന്ന സാഹചര്യമാണുള്ളത്. പാർട്ടി നേതൃത്വത്തിനും മുഖ്യമന്ത്രിക്കെതിരെയും പല നേതാക്കളും പരസ്യമായി രംഗത്തുവരുന്നുണ്ട്. യുഡിഎഫ് കൺവീനർ പോലും പരസ്യപ്രതികരണത്തിലൂടെ പാർട്ടിക്കും മുഖ്യമന്ത്രിക്കെതിരെയും സംസാരിക്കുന്ന നിലയുണ്ടായി. ഇത്തരം പരസ്യ പോരുകൾ പാർട്ടിക്ക് വലിയ പ്രഹരമാണ് ഏൽപ്പിക്കുന്നത്.
New faction emerges against the Chief Minister; leaders express strong dissatisfaction over appointments to boards and corporations.














