
കൊച്ചി: ഷാഫി പറമ്പിൽ എം.പി.ക്കെതിരെ സാമൂഹികമാധ്യമങ്ങളിൽ കോൺഗ്രസ് അനുകൂലികളിൽ നിന്നുള്ള രൂക്ഷ വിമർശനം ശക്തമാകുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പിന്തുണച്ചുവെന്ന ആരോപണമാണ് വിമർശനങ്ങൾക്ക് പിന്നിൽ. ഷാഫി പറമ്പിൽ ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച ഏറ്റവും പുതിയ പോസ്റ്റിന് താഴെ നിരവധി കോൺഗ്രസ് അനുകൂല അക്കൗണ്ടുകളിൽ നിന്നാണ് പ്രതിഷേധ കമന്റുകൾ നിറയുന്നത്.നിയമസഭ തിരഞ്ഞെടുപ്പിലെ യു.ഡി.എഫ് വിജയത്തിന് പിന്നാലെ, “നമ്മൾ ജയിച്ചു സാർ, അങ്ങയെ ക്രൂശിച്ചവരെ ജനം ശിക്ഷിച്ചു” എന്ന കുറിപ്പോടൊപ്പം ഉമ്മൻ ചാണ്ടിയുടെ ചിത്രവുമായി നിൽക്കുന്ന ഫോട്ടോയാണ് ഷാഫി ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തത്.
ഈ പോസ്റ്റിന് താഴെയാണ് വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യമുന്നയിക്കുന്ന പ്രവർത്തകർ കടുത്ത പ്രതികരണങ്ങളുമായി എത്തിയത്.“ജനഹിതം മനസ്സിലാക്കാതെ ഗ്രൂപ്പിന്റെ വക്താവായി മാറിയാൽ ഷാഫി ദുഃഖിക്കേണ്ടിവരും”, “കോൺഗ്രസിന്റെ കാലനാകരുത്”, “കെസിക്കായി കേരളത്തിലെ ജനങ്ങളെ വഞ്ചിച്ചു”, “ഇപ്പോൾ വി.ഡി.യെ ക്രൂശിക്കാൻ ഇറങ്ങുന്ന നിങ്ങളെയും ജനം ശിക്ഷിക്കും”, “കെസിയെ താങ്ങാനാണ് തീരുമാനമെങ്കിൽ പ്രവർത്തകരും ജനങ്ങളും ഇതെല്ലാം ഓർക്കും” എന്നിങ്ങനെയുള്ള കമന്റുകളാണ് വ്യാപകമായി ഉയരുന്നത്.
കോൺഗ്രസിൽ മുഖ്യമന്ത്രി തിരഞ്ഞെടുപ്പിനെ ചുറ്റിപ്പറ്റിയ അനിശ്ചിതത്വം നീളുന്നതോടെ അണികൾക്കിടയിലെ അസ്വസ്ഥതയും വർധിക്കുകയാണ്. ഇതിനിടെയാണ് ഷാഫിയുടെ പിന്തുണ കെസിക്കാണെന്ന തരത്തിലുള്ള പ്രചാരണങ്ങളും ശക്തമായത്. ഇതോടെ വിഡി അനുകൂലികൾ സമൂഹമാധ്യമങ്ങളിൽ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.













