
തിരുവനന്തപുരം: വിയറ്റ്നാമിൽ ബോട്ട് അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ നാളെ രാവിലെ തിരുവനന്തപുരത്തെത്തിക്കും. രാവിലെ 6.30-ന് മുംബൈയിൽ നിന്ന് പുറപ്പെടുന്ന എയർ ഇന്ത്യ വിമാനത്തിലാണ് മൃതദേഹങ്ങൾ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിക്കുക. കൊട്ടാരക്കര സ്വദേശികളായ എ.സി. തോമസും ഭാര്യ ലൗണിയും ഉൾപ്പെടെ രണ്ട് മലയാളികളാണ് അപകടത്തിൽ മരിച്ചത്. അപകടത്തിൽ മരിച്ച 15 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ ഇന്ന് രാത്രി 10 മണിയോടെ മുംബൈയിലെത്തിക്കും. തുടർന്ന് അവിടെ നിന്ന് മലയാളികളുടെ മൃതദേഹങ്ങൾ തിരുവനന്തപുരത്തേക്ക് കൊണ്ടുവരും.
അപകടത്തിൽ രണ്ട് മലയാളികൾ, തമിഴ്നാട് സ്വദേശികളായ 10 പേർ, ആന്ധ്രാപ്രദേശ് സ്വദേശികളായ മൂന്ന് പേർ എന്നിവരാണ് മരിച്ചത്. 32 ഇന്ത്യൻ വിനോദസഞ്ചാരികളും നാല് ജീവനക്കാരും സഞ്ചരിച്ചിരുന്ന സ്പീഡ് ബോട്ടാണ് വിയറ്റ്നാമിലെ ഫൂക്വോക് ദ്വീപിന് സമീപം അപകടത്തിൽപ്പെട്ടത്. മുംബൈയിൽ നോർക്ക അധികൃതരുടെ നേതൃത്വത്തിൽ മൃതദേഹങ്ങൾ ഏറ്റുവാങ്ങുന്നതിനും തുടർനടപടികൾക്കുമായി പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. തമിഴ്നാട് സ്വദേശികളുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങുന്നതിനായി സേലം ഡി.ഐ.ജിയും മുംബൈയിലെത്തിയിട്ടുണ്ട്.
അതേസമയം, അപകടത്തിൽപ്പെട്ട സ്പീഡ് ബോട്ടിന്റെ ക്യാപ്റ്റനെ വിയറ്റ്നാം പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. വിയറ്റ്നാമിലെ ഫൂക്വോക് ദ്വീപിന് സമീപമുള്ള ഹോൺ മേയ് റൂട്ട് എൻഗോയ് ദ്വീപിൽ നിന്ന് ആൻ തോയ് തുറമുഖത്തേക്ക് പുറപ്പെട്ട ബോട്ടാണ് അപകടത്തിൽപ്പെട്ടത്. യാത്ര ആരംഭിച്ച് ഏകദേശം 400 മീറ്റർ പിന്നിട്ടപ്പോൾ ശക്തമായ കാറ്റിലും പ്രക്ഷുബ്ധമായ കടൽക്ഷോഭത്തിലുംപ്പെട്ട ബോട്ട് തലകീഴായി മറിയുകയായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്.













