വിദ്യാർത്ഥികളെ ജലീൽ അപമാനിച്ചെന്ന് ആരോപണം, പെരുമാറ്റം തെറ്റെന്ന് മന്ത്രി ബിന്ദു കൃഷ്ണ; ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

തിരുവനന്തപുരം: വിദ്യാർഥികളോട് മുൻമന്ത്രി കെ ടി ജലീൽ അപമര്യാദയായി പെരുമാറിയത് തെറ്റായ നടപടിയാണെന്ന് മന്ത്രി ബിന്ദു കൃഷ്ണ. സ്വന്തം തെറ്റ് തിരിച്ചറിയാൻ പോലും ജലീലിന് കഴിയുന്നില്ലെന്നും മന്ത്രി പ്രതികരിച്ചു. സംഭവത്തിൽ ജില്ലാ ശിശു സംരക്ഷണ ഓഫീസറോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും, റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. വിഷയത്തിൽ കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ സ്വമേധയാ കേസെടുത്തത് സ്വാഗതാർഹമാണെന്നും അവർ പറഞ്ഞു.

വിദ്യാർഥികൾക്ക് പരാതിയില്ലെന്ന കെ.ടി. ജലീലിന്റെ പ്രതികരണത്തെക്കുറിച്ച് ചോദിച്ചപ്പോൾ, “അരിയാഹാരം കഴിക്കുന്ന ആർക്കും കാര്യം മനസ്സിലാകും” എന്നായിരുന്നു മന്ത്രിയുടെ മറുപടി. മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളുടെ നിയമനത്തിൽ കാലതാമസം നേരിടുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന്, നടപടികൾ യഥാസമയം ക്രമാനുസൃതമായി പൂർത്തിയാക്കുമെന്നും മന്ത്രി ബിന്ദു കൃഷ്ണ കൂട്ടിച്ചേർത്തു.

അതേസമയം, മുൻമന്ത്രി കെ ടി ജലീലിനെതിരെ കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ സ്വമേധയാ കേസെടുത്തു. പാലക്കാട് മണ്ണാർക്കാട് നഗരസഭ സംഘടിപ്പിച്ച മികച്ച വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കുന്ന ചടങ്ങിനിടെ കുട്ടികൾക്ക് മാനസിക പ്രയാസം ഉണ്ടാകുന്ന തരത്തിൽ ജലീൽ പെരുമാറിയെന്ന ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്നാണ് നടപടി.

ചടങ്ങിനിടെ വിദ്യാർഥികളോട് “അക്ഷരം അറിയില്ലേ” എന്ന് ചോദിക്കുന്നതും മേൽവിലാസം തെറ്റായി എഴുതിയെന്ന പേരിൽ ഒരു വിദ്യാർഥിയെ വേദിയിലേക്ക് വിളിച്ചുവരുത്തി ചെവിയിൽ നുള്ളുന്നതുമായ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ കമ്മീഷൻ ചെയർപേഴ്‌സൺ കെ.വി. മനോജ് കുമാർ സ്വമേധയാ കേസെടുക്കുകയായിരുന്നു.

Also Read

More Stories from this section

family-dental
witywide