
വാൽപ്പാറയിൽ മിനിവാൻ 300 അടി താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരണസംഖ്യ ഒൻപതായി. ഏഴ് സ്ത്രീകളും രണ്ട് കുട്ടികളുമാണ് മരിച്ചത്. മലപ്പുറം പാങ്ങ് ചേണ്ടി പാറമ്മൽ എൽപി സ്കൂളിലെ അധ്യാപകരും ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളുമടങ്ങുന്ന വിനോദയാത്ര സംഘമാണ് ദുരന്തത്തിൽപ്പെട്ടത്. ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണപ്പെട്ടതോടെയാണ് മരണസംഖ്യ ഉയർന്നത്.
അതിരപ്പള്ളി, വാഴച്ചാൽ, മലക്കപ്പാറ സന്ദർശനത്തിന് ശേഷം വാൽപ്പാറയിലേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഹെയർപിൻ വളവിൽ നിയന്ത്രണം വിട്ട വാഹനം സംരക്ഷണ ഭിത്തി തകർത്ത് കൊക്കയിലേക്ക് മറിയുകയായിരുന്നു. മലപ്പുറം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ട്രാവലറാണ് അപകടത്തിൽപ്പെട്ടത്. യാത്രക്കിടെ അധ്യാപകർ പകർത്തിയ സന്തോഷകരമായ ചിത്രങ്ങൾ സ്കൂൾ ഗ്രൂപ്പുകളിൽ പങ്കുവെച്ചിരുന്നു. ഈ ചിത്രങ്ങൾ ഇപ്പോൾ നാടിന്റെ നൊമ്പരമായി മാറുകയാണ്.
പരിക്കേറ്റ നാല് പേർ നിലവിൽ ചികിത്സയിലാണ്. ഇതിൽ ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ പൊള്ളാച്ചിയിൽ നിന്ന് കോയമ്പത്തൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. 11 വയസ്സുള്ള ഒരു കുട്ടി പൊള്ളാച്ചിയിൽ ചികിത്സയിൽ തുടരുന്നു. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾക്കായി പൊള്ളാച്ചി ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ തമിഴ്‌നാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Death toll in Valparai van accident rises to 9; Malappuram school community in deep shock














